സൗജന്യ വൈഫൈ

Posted on: June 16, 2015 7:35 pm | Last updated: June 16, 2015 at 7:35 pm

ദുബൈ: മെട്രോ യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാകും. ‘ഡു’വിന്റെ നേതൃത്വത്തില്‍ എമിറേറ്റിലെ 200 കേന്ദ്രങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന ‘വൈഫൈ ദുബൈ’ പദ്ധതിയുടെ ഭാഗമായാണിത്.
സൗജന്യ കണക്ഷനിലൂടെ നിയന്ത്രിതമായ രീതിയിലുള്ള ഇന്റര്‍നെറ്റ് സൗകര്യമാണ് ലഭിക്കുക. എങ്കിലും ഇ മെയിലുകള്‍ പരിശോധിക്കാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും സാധിക്കും. വൈഫൈ ഓണ്‍ ചെയ്ത് ദുബൈ മെട്രോയുടെ നെറ്റ്വര്‍ക്കിലേക്ക് പ്രവേശിച്ചാല്‍ കണക്ഷന്‍ ലഭിക്കും.
നിശ്ചിത തുകയടച്ച് ‘പ്രീമിയം’ കണക്ഷന്‍ നേടുന്നവര്‍ക്ക് എളുപ്പത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാകും. രണ്ടുതരത്തിലുള്ള കണക്ഷനുകളിലൂടെയും ഗവണ്‍മെന്റ് വെബ്‌സൈറ്റുകളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനാകും. നേരത്തേ, റമസാന്‍ അടക്കമുള്ള ചില പ്രത്യേക വേളകളകളില്‍ മെട്രോയില്‍ വൈഫൈ കണക്ഷന്‍ ലഭ്യമാക്കാറുണ്ടായിരുന്നു. എന്നാല്‍, പുതിയ തീരുമാനത്തോടെ യാത്രക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാകും. ഡുവിന്റെ നേതൃത്വത്തില്‍ ദുബൈ ട്രാം, ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, നോളജ് സിറ്റി, മീഡിയാ സിറ്റി, ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങി 200 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളിലും ‘പ്രീമിയം’ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് കൂടുതല്‍ വേഗത്തിലുള്ള വൈഫൈ ലഭ്യമാകും.