ഗാംഗുലി-ശാസ്ത്രി പോര് മുറുകുന്നു ?

Posted on: June 16, 2015 5:16 am | Last updated: June 16, 2015 at 12:18 am

ganguli ravishasthriന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തിയാല്‍ ബി സി സി ഐ പുതുതായി രൂപവത്കരിച്ച ഉപദേശക സമിതിയുടെ ഇടപെടല്‍ രവിശാസ്ത്രി അനുവദിച്ചു കൊടുക്കില്ലെന്ന് സൂചന. ടീമിന്റെ നയങ്ങളില്‍ കോച്ചെന്ന നിലയില്‍ തന്റെതാകും അവസാന തീരുമാനമെന്നും സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഉള്‍പ്പെടുന്ന ഉപദേശക സംഘത്തിന്റെ ഇടപെടല്‍ പാടില്ലെന്നുമാണ് രവിശാസ്ത്രിയുടെ നിലപാട്.
ബി സി സി ഐയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രവിശാസ്ത്രി അടുത്ത പരിശീലകനാണോ എന്നത് ബി സി സി ഐ തീരുമാനിച്ചിട്ടില്ലെന്ന് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു.
കോച്ചിനെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെയും നിയമിക്കുന്നതും പുതുമുഖങ്ങളെ കണ്ടെത്തുന്നതുമെല്ലാം പുതിയ ഉപദേശക സമിതിയുടെ അധികാര പരിധിയിലാണ്. ജഗ്‌മോഹന്‍ ഡാല്‍മിയ പ്രസിഡന്റായ ക്രിക്കറ്റ് ബോര്‍ഡില്‍ അധികാര സ്വരത്തോടെ സംസാരിക്കുന്ന ഗാംഗുലി രവിശാസ്ത്രിയുടെ നിയമനത്തിനെതിരാണെന്നാണ് സൂചന വരുന്നത്. ഇതു തന്നെയാകും രണ്ട് വര്‍ഷ കരാറില്‍ ഇന്ത്യന്‍ കോച്ചായാല്‍ പിന്നീട് തനിക്ക് മേല്‍ ഉപദേശക സമിതിയുടെ ഇടപെടല്‍ പാടില്ലെന്ന താത്പര്യം രവിശാസ്ത്രി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളിലൂടെ അറിയിക്കുന്നത്.
ബംഗ്ലാദേശ് ക്രിക്കറ്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായിട്ടാണ് രവിശാസ്ത്രിയെ ചുമതലപ്പെടുത്തിയത്. ഇതില്‍ ശാസ്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
ടീം ഇന്ത്യയില്‍ തന്റെ ഭാവിയെ കുറിച്ച് ബോര്‍ഡിലെ ഉന്നതരുമായി പര്യടന ശേഷം ചര്‍ച്ച നടത്തുമെന്ന് രവിശാസ്ത്രി പറഞ്ഞിരുന്നു. മാത്രമല്ല, ദീര്‍ഘകാലത്തേക്ക് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ ബംഗ്ലാദേശ് പര്യടനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ശാസ്ത്രി അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് മുന്‍ ആള്‍ റൗണ്ടര്‍ ടീമിനൊപ്പം ബംഗ്ലാദേശിലേക്ക് പുറപ്പെട്ടത്. ഇതിനിടെ, ഏഴ് കോടി വാര്‍ഷിക പ്രതിഫലത്തില്‍ ശാസ്ത്രിയെ അടുത്ത കോച്ചായി നിയമിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു.