Connect with us

Gulf

ഹോളി ഖുര്‍ആന്‍; ശൈഖ ഫാത്വിമ ഇസ്‌ലാമിക വ്യക്തിത്വം

Published

|

Last Updated

ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി തലവന്‍ ഇബ്‌റാഹീം മുഹമ്മദ് ബൂമില്‍ഹ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: 19-ാമത് ദുബൈ രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡില്‍ ഇസ്‌ലാമിക വ്യക്തിത്വമായി ജനറല്‍ വിമണ്‍സ് യൂണിയന്‍ അധ്യക്ഷ ശൈഖ ഫാത്വിമ ബിന്‍ത് മുബാറകിനെ തിരഞ്ഞെടുത്തതായി അവാര്‍ഡ് കമ്മിറ്റി സംഘാടക സമിതി മേധാവി ഇബ്‌റാഹീം മുഹമ്മദ് ബൂമില്‍ഹ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1997ല്‍ ഹോളി ഖുര്‍ആന്‍ ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം നല്‍കാന്‍ തുടങ്ങിയത് മുതല്‍ ആദ്യമായാണ് ഒരു വനിതക്ക് ഈ പുരസ്‌കാരം നല്‍കുന്നത്. സമൂഹത്തിന് ശൈഖ ഫാത്വിമ നല്‍കുന്ന സേവനം കണക്കിലെടുത്താണ് പുരസ്‌കാരം. വിവിധ മേഖലകളില്‍ രാജ്യത്തിനാകെ അവരുടെ സേവനം ലഭ്യമാകുന്നുണ്ട്. അവരെ ആദരിക്കുന്നതിലൂടെ എല്ലാ ഇമാറാത്തി സ്ത്രീകളും ആദരിക്കപ്പെടുകയാണ്.
യു എ ഇയില്‍ മാത്രമല്ല, ശൈഖ ഫാത്വിമയുടെ സഹായം എത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാതൃത്വത്തിനും തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും വീട് ഭരണത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്കും സഹായം എത്തുന്നുണ്ട്. അവരുടെ ശാക്തീകരണത്തിന് വേണ്ടി പല പദ്ധതികളും നടപ്പിലാക്കി. ഏക കണ്ഠമായിരുന്നു ശൈഖ ഫാത്വിമക്കുള്ള അംഗീകാരം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശവും ഉണ്ടായിരുന്നു.
യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പത്‌നിയാണ് ശൈഖ ഫാത്വിമയെന്ന് ഇബ്‌റാഹീം മുഹമ്മദ് ബൂ മില്‍ഹ പറഞ്ഞു.