നരേന്ദ്ര മോദി ഇസ്‌റാഈലിലേക്ക് തീര്‍ഥയാത്രക്കൊരുങ്ങുന്നത്

Posted on: June 14, 2015 3:44 pm | Last updated: June 14, 2015 at 3:44 pm

pm_modi_കീഴടക്കപ്പെട്ടവരുടെ കോളനിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ശക്തിപകര്‍ന്ന് മാനവികതയുടെ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യ എക്കാലത്തും ശ്രമിച്ചിരുന്നു. ആയുധ ബലത്തിന്റെ കരുത്തില്‍ അവസാനിക്കാത്ത അശാന്തിയിലേക്ക് ലോകത്തെ തള്ളിയിട്ട രണ്ട് ശക്തികളായ അമേരിക്കക്കും ഇസ്‌റാഈലിനും മുന്നില്‍ ഇന്ത്യ ഇന്ന് മുട്ടിട്ട് ഇഴയുന്നത് കാണുമ്പോള്‍ ലജ്ജിക്കുകയേ നിര്‍വാഹമുള്ളൂ. സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിനായി പൊരുതുന്ന ഫലസ്തീന്റെ പക്ഷത്തായിരുന്നു എക്കാലത്തും ഇന്ത്യന്‍ മനസ്സ്. നൂറ്റാണ്ടുകളോളം സാമ്രാജ്യത്വത്തിന്റെ ചവിട്ടേറ്റ് കിടന്ന് പുളഞ്ഞ ഒരു രാജ്യത്തിന് പീഡിതരോടൊപ്പം നില്‍ക്കാനേ കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ ഈ നയത്തില്‍ നിന്ന് മാറി ഇസ്‌റാഈലുമായി സൗഹാര്‍ദം സ്ഥാപിക്കുകയാണ് മോദി ഭരണകൂടം. സംഘ്പരിവാറിന് ഇസ്‌റാഈല്‍ പ്രേമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അമേരിക്കയുടെ വിയറ്റ്‌നാം അധിനിവേശത്തിനെതിരെ ലോകം മുഴുവന്‍ അണിനിരന്നപ്പോള്‍ പരിവാരിസം അന്ന് അങ്കിള്‍ സാമിന് വേണ്ടി വാദിച്ചു കൊണ്ടേയിരുന്നു. സംഘ്പരിവാറിന്റെ ചരിത്രത്തിലൊരിടത്തും സാമ്രാജ്യത്വ വിരുദ്ധ സമരഭൂമിയില്‍ അവരെ കണ്ടില്ലെന്ന് മാത്രമല്ല, ധീര ദേശാഭിമാനികളെ ഒറ്റിക്കൊടുത്ത ചരിത്രമാണവര്‍ക്ക്. ഹൈന്ദവ ഫാസിസ്റ്റ് ത്വാത്വിക ഗ്രന്ഥങ്ങളിലൊന്നിലും സാമ്രാജ്യത്വ വിരുദ്ധ നിലപാട് കണ്ടെത്താനാകില്ല. ഇന്ത്യ എന്നും സയണിസ്റ്റ് ചേരിയില്‍ അണിചേരണമെന്ന് വളരെ മുമ്പേ അവരാഗ്രഹിച്ചു. 1956ല്‍ സാമ്രാജ്യത്വ ശക്തികളുടെ ഈജിപ്ത് ആക്രമണത്തെ ഇന്ത്യ അപലപിച്ചപ്പോള്‍ അതില്‍ അത്യന്തം രോഷാകുലനായത് സംഘ്പരിവാറിന്റെ ആചാര്യന്‍ ഗോള്‍ വാള്‍ക്കറായിരുന്നു. 60കളുടെ ഒടുവില്‍ ഗോള്‍വാള്‍ക്കര്‍ എത്ര ആദരവോടെയാണ് അമേരിക്കന്‍ പ്രസിഡന്റിന് കത്തയച്ചത്. കത്തിന്റെ ചുരുക്കം ഇങ്ങനെ- ദൈവാനുഗ്രഹം കൊണ്ട് സ്വതന്ത്ര ലോകത്തിന്റെ നേതാവാണ് അമേരിക്ക. ധര്‍മ പക്ഷത്തെ നയിക്കുന്നത് അമേരിക്ക മാത്രമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ലോകമാസകലം പ്രതിഷേധാഗ്നി ജ്വലിച്ചുയുര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ രാമജന്മഭൂമി ന്യാസിന്റെ പ്രസിഡന്റ് സാക്ഷാല്‍ ബില്‍ക്ലിന്റന് ഒരു കത്തയച്ചു. ‘ലോകത്തിലെ ഓരോമുക്കിലും വസിക്കുന്ന മുസ്‌ലിംകള്‍ കുഴപ്പങ്ങളും, പ്രശ്‌നങ്ങളും ഉണ്ടാക്കി സംഘടിതവും തെരഞ്ഞെടുക്കപ്പെട്ടതുമായ ജനാധിപത്യ രാഷ്ട്രങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അങ്ങക്ക് അറിയാവുന്നതാണല്ലോ- സ്വന്തം രാജ്യത്തെ ഹിന്ദുക്കളെ പീഡിപ്പിക്കുന്ന ബംഗ്ലാദേശ് സര്‍ക്കാറിനെ അങ്ങ് താക്കീത് ചെയ്തത് ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. ലോകത്ത് അങ്ങിന്ന് ഏറ്റവും മഹാനായ വ്യക്തിയാണ്. താങ്കളുടെ പോരാട്ടം അമേരിക്കന്‍ ഉപ ഭൂഖണ്ഡത്തില്‍ മാത്രം ഒതുക്കരുത്. വസുദൈവ കുടുംബങ്ങളെന്ന ഇന്ത്യന്‍ തത്വമനുസരിച്ച് ലോകം മുഴുവന്‍ വ്യാപിക്കാമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. മത ഭ്രാന്തന്‍മാരായ മുസ്‌ലിംകളില്‍ നിന്നുള്ള ആക്രമണം കഴിഞ്ഞ 400 വര്‍ഷമായി അനുഭവിക്കുന്ന ഇന്ത്യയിലെ ഹിന്ദുക്കളെ സമാശ്വസിപ്പിക്കുന്ന ഒരു വാക്കെങ്കിലും ഞാന്‍ പ്രതീക്ഷിക്കുന്നു. ഭഗവാന്‍ രാമനും കൃഷ്ണനും ലഭിച്ചത് പോലുള്ള ഉജ്ജ്വലമായ സ്ഥാനം ലോക രാഷ്ട്രീയത്തില്‍ അങ്ങക്ക് ലഭിക്കട്ടെ എന്ന് പ്രാര്‍ഥിച്ചാണ് ഈ ആചാര്യന്‍ കത്ത് അവസാനിപ്പിക്കുന്നത്.
ഇസ്‌റാഈല്‍ പിറവിക്കു ശേഷം ഫലസ്തീന്‍ ജനത തീരാദുരിതത്തിലാണ്. ദീര്‍ഘമായ സ്വാതന്ത്ര്യ പോരാട്ടം വിജയം കാണുന്നത് വരെ പോരാട്ടഭൂമി ഉറങ്ങുന്നേയില്ല. എന്നാല്‍ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവരോടൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം രാഷ്ട്രങ്ങള്‍ നിസ്സംഗരാകുകയോ, സ്വന്തം നിസ്സഹായതയില്‍ സ്വയം പഴിച്ച് പിന്‍മാറുകയോ ചെയ്യുന്നു. മാറുന്ന ലോക സമ്പദ്‌വ്യവസ്ഥയും ലോകക്രമവും സൃഷ്ടിക്കുന്ന കെട്ടുപാടുകളുടെ അടിമകളായി സ്വന്തം രാഷ്ട്രീയ സ്വാര്‍ഥതകളുടെ ഉപാസകരായി അവര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഒഴിഞ്ഞു നില്‍ക്കാന്‍ കാരണങ്ങള്‍ തേടുന്ന കുറ്റകരമായ മൗനത്തിന് അവര്‍ക്ക് ജഡിലമായ വ്യാഖ്യാനങ്ങളെ നല്‍കാനുള്ളൂ. ഇസ്‌റാഈലിന്റെ ആയുധ ശക്തിക്കും മുഷ്‌കിനും ഇടയില്‍ ആത്മാഭിമാനമുള്ള ഫലസ്തീന്‍ ജനത ഞെരിഞ്ഞമരുമ്പോള്‍ അവര്‍ക്കൊാപ്പം നെഞ്ച് വിരിച്ച് നിന്ന പാരമ്പര്യമായിരുന്നു ഇന്ത്യക്ക്. 1988ല്‍ ഫലസ്തീന്‍ രാഷ്ട്രത്തിനായി ഐക്യരാഷ്ട്ര സഭയില്‍ പി എല്‍ ഒ നേതാവ് യാസര്‍ അറഫാത്ത് ശ്രമമാരംഭിച്ചപ്പോള്‍ അതിനെ പിന്തുണച്ച ആദ്യ അറബേതര രാജ്യം ഇന്ത്യയായിരുന്നു. 1980ല്‍ ഡല്‍ഹിയില്‍ ഫലസ്തീന്‍ എംബസി സ്ഥാപിക്കാന്‍ ഭൂമി നല്‍കിയതിലൂടെ ഇന്ത്യ ലോകത്തിന് വലിയൊരു മാതൃകയാവുകയായിരുന്നു. 1988ല്‍ രാജ്യാന്തര ധാരണക്കുള്ള ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡും, 1991ല്‍ അന്താരാഷ്ട്ര സൗഹാര്‍ദത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരവും 1992ല്‍ അംബേദ്കര്‍ രാഷ്ട്രാന്തരീയ അവാര്‍ഡും നല്‍കി അറഫാത്തിനെ ആദരിച്ചതിലൂടെ ഒരു ജനത സ്വാതന്ത്ര്യത്തിനായി നടത്തുന്ന ധീര സമരങ്ങളോട് ഹൃദയം ചേര്‍ത്ത് വെക്കുകയായിരുന്നു ഇന്ത്യ. ഉള്ളില്‍ തട്ടിയ സ്‌നേഹത്തിന് സദാ കൃതജ്ഞതയുള്ളവരായിരുന്നു ഫലസ്തീനും അറബ് രാഷ്ട്രങ്ങളും. രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഞങ്ങളുടെ വലത് കൈ നഷ്ടപ്പെട്ടു എന്ന് വിതുമ്പി പറഞ്ഞ നേതാവായിരുന്നു അറഫാത്ത്. അറഫാത്തിന്റെ ജനതയെ സയണിസ്റ്റ് ഭീകരത ബോംബിട്ട് ചുട്ടു കൊല്ലുമ്പോള്‍ ഒരു വാക്ക് കൊണ്ടെങ്കിലും കൊടും ക്രൂരതക്കെതിരെ പ്രതികരിക്കാതിരിക്കാന്‍ മോദി സര്‍ക്കാര്‍ വിമുഖത കാണിക്കുന്നതാണ് പിന്നെ നാം കാണുന്നത്. ഒരു രാജ്യത്തിന്റെ ധാര്‍മികാധഃപതനം തന്നെയായിരുന്നു ഈ നിലപാട്. പാര്‍ലിമെന്റില്‍ പ്രതിപക്ഷ കക്ഷികള്‍ മുഴുവന്‍ ആവശ്യപ്പെട്ടിട്ടും ഇസ്‌റാഈല്‍ അക്രമങ്ങളെ അപലപിക്കാന്‍ ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം തയ്യാറായില്ല. സയണിസ്റ്റ് രാജ്യം അത്യന്താധുനിക ആയുധങ്ങളുമായി നിരാലം ബരായ ഒരു ജനതയെ നശിപ്പിക്കുമ്പോള്‍ അനങ്ങാപാറ നയം സ്വീകരിച്ചു ബി ജെ പി സര്‍ക്കാര്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഫ്രെയിം ചെയര്‍ അന്താരാഷ്ട്ര ഫിലിം മേളയില്‍ പോലും ആയിരങ്ങള്‍ ഇസ്‌റാഈലിന്റെ ക്രൂരതയില്‍ പ്രധിഷേധിച്ചു. ക്വീര്‍സ് അണ്ടര്‍ ഗെയിനിംഗ് എന്ന സംഘടന ഇസ്‌റാഈല്‍ നടത്തുന്ന വര്‍ണവെറിക്കെതിരെ തെരുവിലിറങ്ങി പ്രധിഷേധിച്ചു. ലോകത്തിന്റെ പല കോണുകളിലും പ്രധിഷേധങ്ങള്‍ നടക്കുമ്പോള്‍ ഗാസാ ആക്രമണത്തെ അപലപിക്കുന്ന ഒരു പ്രമേയം പോലും അവതരിപ്പിക്കപ്പെട്ടില്ല ഇന്ത്യയില്‍. ഫാസിസത്തിന് ഫാസിസത്തോട് മാത്രമേ കൂറുള്ളൂ. ഐക്യ രാഷ്ട്രസഭയുടെ എല്ലാ പ്രമേയങ്ങള്‍ക്കും പുല്ല് വില കല്‍പ്പിക്കുകയും വംശീയ കുരുതി അവിരാമം അഭിരമിക്കുകയും ചെയ്യുന്ന ഒരു ഭീകര രാഷ്ട്രത്തിലേക്ക് മോദി യാത്ര തിരിക്കുന്നത് കൃത്യമായ അജന്‍ഡകള്‍ക്ക് വേണ്ടി തന്നെയാണ്. ലോകം ഏത് നീതിയിലേക്കാണ് സഞ്ചരിക്കുന്നത് എന്നതിന്റെ സൂക്ഷ്മ മാപിനിയാണ് ഇസ്‌റാഈല്‍-ഇന്ത്യ- അമേരിക്ക കൂട്ടുകെട്ട്.
ഗാസയിലേക്ക് മാനുഷികതയുടെ പേരില്‍ മരുന്നും ഭക്ഷണവുമായി ഫ്രീഡം ഫ്‌ളോട്ടില്ല എന്ന കപ്പല്‍ കൂട്ടം സൈപ്രസില്‍ നിന്ന് യാത്ര തിരിച്ചപ്പോള്‍ ആ കപ്പല്‍ വ്യൂഹത്തെ ആക്രമിച്ച് 16 പേരെയാണ് ഇസ്‌റാഈല്‍ വധിച്ചത്. ബ്രിട്ടന്‍, ആസ്‌ത്രേലിയ, ഗ്രീസ്, കാനഡ, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 700 അംഗ ദുരിതാശ്വാസ പ്രവര്‍ത്തകരായിരുന്നു ആ കപ്പലിലുണ്ടായത്. ഇത്തരം കൊടുംക്രൂരതകള്‍ കാണിക്കുന്ന ഒരു രാജ്യത്തേക്കാണ് ഇന്ത്യയുടെ പ്രധാനമന്ത്രി കാലെടുത്ത് വെക്കാന്‍ പോവുന്നത്. ഇന്ത്യ അമേരിക്കയുടെയും പോറ്റ് പുത്രിയായ ഇസ്‌റാഈലിന്റെയും വലയില്‍ വീണതിന്റെ എത്രയോ തെളിവുകള്‍ നമുക്ക് നിരത്താനാവും. എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെ 1800 കോടി ഡോളറിന്റെ പ്രതിരോധ ഇടപാടാണ് ഇസ്‌റാഈലുമായി നടന്നത്. 10000 കോടിയുടെ മറ്റൊരു കരാറും ആന്റണി ഒപ്പിട്ടു. നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതോടെയാണ് ഈ സൗഹൃദം കൂടുതല്‍ ശക്തമായത്. ഇന്ത്യ ആര് ഭരിച്ചാലും തങ്ങളുടെ ഹിഡന്‍ അജന്‍ഡ ഭംഗിയായി നടപ്പാക്കാന്‍ സയണിസ്റ്റ് ശക്തികള്‍ക്ക് കഴിയുന്നു. കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് പ്രശ്‌ന കലുഷിതമായ കാശ്മീരിലേക്ക് ഇസ്‌റാഈല്‍ മന്ത്രിയെ കൊണ്ടുപോയത്. യഹൂദ് ബരാക്കിന് കാശ്മീരില്‍ എന്ത് കാര്യം. അവിടെയാണ് ഹിഡന്‍ അജന്‍ഡയുടെ നിറം വ്യക്തമാകുന്നത്. ഇസ്‌റാഈലുമായി ഒരു നയതന്ത്രബന്ധവും ഇല്ലാതിരുന്ന കാലത്ത് മോഷെ ദയാന്‍ എന്ന ഇസ്‌റാഈല്‍ മന്ത്രി ഇന്ത്യയില്‍ വന്നുപോയിരുന്നു. ആരാണ് ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നത്. ഫലസ്തീന്‍ കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയ ഒരു മന്ത്രി കാശ്മീര്‍ സന്ദര്‍ശിക്കുന്നത് സമാധാനം വിരിയിക്കാനല്ല. മറിച്ച് വംശീയ വെറിയുടെ വിത്ത് പാകാന്‍ തന്നെയാണ്. ഇസ്‌റാഈലിന്റെ ചാര ഉപഗ്രഹമായ ‘ടെക്‌സാര്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് 2008 ജനുവരി 21ന് രാവിലെ ഒമ്പതിന് പി എസ് എല്‍ വി (സി 10) മുഖേന ഭ്രമണ പഥത്തിലേക്കുയര്‍ന്നപ്പോള്‍ ലോകത്തിന് ഒരു കാര്യം ഉറപ്പായി. കുറേ കാലമായി കാത്തിരിക്കുന്ന രഹസ്യ ബന്ധവും പരസ്യമായി തന്നെ തുടങ്ങിക്കഴിഞ്ഞു എന്ന്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് അതേദിവസം മാധ്യമ പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തിയതിനെപ്പറ്റി ചെയര്‍മാന്‍ ജി മാധവന്‍ നായരോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നാണ്. 1992ല്‍ ടെല്‍ അവീവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ പി വി നരസിംഹറാവു തീരുമാനിച്ചത് തൊട്ട് ഈ ഒളിച്ച് കളി ഇന്നും അഭംഗുരം തുടരുന്നു. (ഇതേ നരസിംഹ റാവുവിനെ കോണ്‍ഗ്രസ് പടിയടച്ച് പിണ്ഡം വെച്ചപ്പോള്‍ ഡല്‍ഹിയില്‍ റാവുവിന് വലിയ സ്മാരകം പണിയാന്‍ ഒരുങ്ങുകയാണ് മോദി. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ). അവിഹിത വേഴ്ച പല വഴിക്കായി നടക്കുന്നുണ്ട്. സൈനിക, നയതന്ത്ര വാണിജ്യ സാംസ്‌കാരിക മേഖലയില്‍ കൊണ്ട് കൊടുപ്പിന്റെ മേല്‍ ദുരൂഹതയുടെ കറുത്ത കമ്പിളിപ്പുതപ്പ് പുതപ്പിച്ചിരിക്കുകയാണ്. നെഹ്‌റുവും, ഇന്ദിരയും, രാജീവും അകറ്റി നിര്‍ത്തിയിരുന്ന സയണിസ്റ്റുകളെ മന്‍മോഹന്‍ സിംഗ് വാരിപ്പുണര്‍ന്നു. പ്രതിവര്‍ഷം 900 ദശലക്ഷം ഡോളറിന്റെ ഇടപാടാണ് ഇസ്‌റാഈലുമായി ഇന്ത്യ നടത്തുന്നത്. 2009ല്‍ വ്യോമ സേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എസ് പി ത്യാഗിയും നാവിക സേനാ ഉപമേധാവി അഡ്മിറല്‍ വെങ്കിട്ട് ഭരതനും അതീവ രഹസ്യമായി ടെല്‍ അവീവില്‍ ആഴ്ചകള്‍ താമസിച്ചാണ് കച്ചവടവും കമ്മീഷനും ഉറപ്പിച്ചത്. ആയുധങ്ങളെക്കാള്‍ ഇന്ത്യക്ക് വേണ്ടത് ഭീകരതയെ നേരിടാനുള്ള വൈദഗ്ധ്യവും സഹായവും ആണെന്ന് ഇന്ത്യന്‍ അധികൃതര്‍ അന്ന് ഇസ്‌റാഈലിനെ ബോധ്യപ്പെടുത്തി. ഇസ്‌റാഈലിനും അതാണാവശ്യം. വാഷിംഗ്ടണ്‍, ടെല്‍ അവീവ്, ന്യൂഡല്‍ഹി കൂട്ട് കച്ചവടം ഏറെ കാലമായി മോഹിച്ച് നടക്കുന്നവരാണ് ആര്‍ എസ് സ്, വി എച്ച് പി നേതാക്കള്‍. വാജ്പയി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഘട്ടമായിരുന്നു ഇന്ത്യ- ഇസ്‌റാഈല്‍ ബന്ധത്തിലെ സുവര്‍ണ ദശ.
പല യൂറോപ്യന്‍ രാജ്യങ്ങളടക്കം കൊടും കുറ്റവാളിയായി മുദ്രകുത്തിയ എരിയല്‍ ഷാറോണിനെ ഡല്‍ഹിയില്‍ ചുവപ്പ് പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. എന്നിട്ടും പല കാര്യങ്ങളും ഇപ്പോഴും രഹസ്യമായി ചെയ്യുന്നത് മുസ്‌ലിം വോട്ട് ബേങ്ക് മുന്നില്‍ കണ്ടാണ്. 2000ല്‍ അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് ടെല്‍ അവീവില്‍ വെച്ച് തുറന്നടിച്ച് പറഞ്ഞത് മുസ്‌ലിം വോട്ട് ബേങ്കാണ് ഇസ്‌റാഈലുമായുള്ള ബന്ധത്തിന് തടസ്സം എന്നാണ.് അറബ് ഇന്ത്യാ ബന്ധത്തിന് പരസ്യമായ ഇസ്‌റാഈല്‍ ആശ്ലേഷം തിരിച്ചടിയാകുമെന്ന് നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കറിയാം. 30 ലക്ഷം ഇന്ത്യക്കാര്‍ അറബ് നാട്ടില്‍ നിന്ന് അയക്കുന്ന കാശ് കൊണ്ടാണ് കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങള്‍ പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നത്. ഇന്ത്യയുടെ ഊര്‍ജ ഉപഭോഗത്തിന്റെ നാലിലൊന്ന് ഗള്‍ഫില്‍ നിന്നാണ.് ഇവിടുത്തെ മാധ്യമ ബുദ്ധിജീവി വര്‍ഗത്തെ എക്കാലത്തും സയണിസ്റ്റ് ലോബി അവരുടെ വലയില്‍ വീഴ്ത്തിയിട്ടുണ്ട്. വാജ്പയിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ബ്രജേഷ് മിശ്ര സയണിസ്റ്റ് ലോബിയുടെ ഉറ്റ തോഴനായിരുന്നു.
2001 സെപ്തംബര്‍ 11ന് ശേഷമുള്ള ആഗോള രാഷ്ട്രീയ സാംസ്‌കാരികാന്തരീക്ഷം ഇന്ത്യക്കും ഇസ്‌റാഈലിനും കാര്യങ്ങള്‍ എളുപ്പമാക്കി. 60 വര്‍ഷമായി ഞങ്ങള്‍ ഫലസ്തീനില്‍ നിന്ന് അനുഭവിക്കുന്നത് തന്നെയാണ് നിങ്ങള്‍ കാശ്മീരില്‍ നിന്ന് അനുഭവിക്കുന്നത് എന്ന് ഇസ്‌റാഈല്‍ ഇന്ത്യയെ ബോധ്യപ്പെടുത്തി. 2003ല്‍ ബ്രജേഷ് മിശ്ര ഒരു ജൂത യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ പറഞ്ഞത്- ഇന്ത്യ, ഇസ്‌റാഈല്‍, അമേരിക്ക കൂട്ടുകെട്ടിന് ഇസ്‌ലാമിക മുന്നേറ്റത്തെ തടയാനാവും എന്നാണ്. അതീവ പ്രാവീണ്യമുള്ള മൊസാദിന്റെ ഏജന്‍സികള്‍ ഭീകരതയുടെ പേര് പറഞ്ഞു തന്ത്ര പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.