വ്യാജന്മാര്‍ക്കെതിരെ

Posted on: June 14, 2015 3:42 pm | Last updated: June 14, 2015 at 3:42 pm

ഇത് വ്യാജന്മാരുടെ കാലം. സര്‍ട്ടിഫിക്കറ്റുകളില്‍ വ്യാജന്മാര്‍. ഭക്ഷണത്തിലും ഔഷധങ്ങളിലും നിരോധിത ചേരുവകള്‍ കൊണ്ടുള്ള അമ്മാനമാട്ടം. സമ്പുഷ്ട ആഹാരമെന്ന് വിശ്വസിച്ചിരുന്ന പാലിനേക്കാള്‍ വിലകൊടുത്ത് വാങ്ങുന്ന കുടിവെള്ളത്തില്‍ പോലും മായം. വരും തലമുറക്ക് കൂടി അവകാശപ്പെട്ട ഭൂമി, ജലം, വായു എന്നിവപോലും അമിത ചൂഷണത്തിലൂടെ മനുഷ്യന്‍ വിഷമയമാക്കിയിരിക്കുന്നു. നമ്മുടെ മുന്‍തലമുറക്കാര്‍ അനുഭവിച്ചിട്ടില്ലാത്ത, കേട്ടറിവുപോലുമില്ലാത്ത ദുരിതങ്ങളും ദുരന്തങ്ങളും പ്രകൃതി നമുക്ക് നല്‍കുന്ന മുന്നറിയിപ്പുകളാണ്. കൈയൂക്കുള്ളവരുടെ, മുമ്പിന്‍ നോക്കാതുള്ള പ്രകൃതിവിഭവങ്ങളുടെ ചൂഷണങ്ങള്‍ക്കെതിരായ മുന്നറിയിപ്പുകളാണിവ. ഈ വിധം സ്ഥിതിഗതികള്‍ തുടര്‍ന്നാല്‍ വരാനിരിക്കുന്ന കാലം അഭൂതപൂര്‍വമായ കെടുതികള്‍ നിറഞ്ഞതായിരിക്കുമെന്ന് തീര്‍ച്ച. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുക എന്നാണല്ലോ നാട്ടുനടപ്പ്.
വ്യാജ ഡിപ്ലോമ നേടിയെടുത്ത കേസില്‍ മള്‍ഡോവ പ്രധാനമന്ത്രി ഷിറിന്‍ ഗബുറിസി പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹം കുറ്റമേറ്റ് പ്രധാനമന്ത്രിപദം രാജിവെച്ചു. നിയമത്തിലും സയന്‍സിലും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിച്ചെടുത്ത ഡല്‍ഹിയില്‍ നിയമ മന്ത്രിയായിരുന്ന ജിതേന്ദ്ര സിംഗ് തോമറും ഇതേപാതയാണ് സ്വീകരിച്ചത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം കൈക്കലാക്കിയ അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി (എ എ പി) അധികാരത്തില്‍ വന്നപ്പോള്‍ നിയമ മന്ത്രിയായി നിയോഗിക്കപ്പെട്ടത് തോമറെയാണ്. അദ്ദേഹത്തിനെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം ഉയര്‍ന്നപ്പോള്‍, പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും രംഗം വഷളാകുമെന്ന് കണ്ടപ്പോള്‍ തോമര്‍ മന്ത്രിപദം രാജിവെച്ചു. മുഖ്യമന്ത്രി കെജ്‌രിവാള്‍ മുമ്പാകെ തന്റെ അവകാശവാദങ്ങള്‍ അവതരിപ്പിച്ചിട്ടും തോമറിന് അഭയം ലഭിച്ചില്ല. തോമര്‍ ഉടനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുമെന്നാണ് അറിയുന്നത്.
രാഷ്ട്ര തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനേയും ബി ജെ പിയേയും പിന്തള്ളി ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നു. അഴിമതിക്കെതിരെ നിരന്തര പോരാട്ടമായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ വിജയ രഹസ്യം. എന്നാല്‍ കെജ്‌രിവാളിന് തുടക്കത്തില്‍ തന്നെ പലകാര്യങ്ങളിലും കല്ലുകടിയായിരുന്നു. അതില്‍ പാര്‍ട്ടിക്ക് താറടിയേറ്റ സംഭവമാണ് തോമറിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്. ഡല്‍ഹി കണ്ടോണ്‍മെന്റ് സീറ്റില്‍ നിന്നുള്ള എം എല്‍ എ സുരേന്ദര്‍ സിംഗ്, മറ്റൊരു എം എല്‍ എയായ വിശേഷ് രവി എന്നിവര്‍ക്കെതിരേയും വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണമുണ്ട്. എന്നിട്ടും ആം ആദ്മി പാര്‍ട്ടി പിടിച്ചുനില്‍ക്കുന്നത്, ബി ജെ പി നേതാവും കേന്ദ്ര മാനവശേഷി വികസന മന്ത്രിയുമായ സ്മൃതി ഇറാനിക്കും, ബി ജെ പി എം പി രമാശങ്കര്‍ ഖട്ടാറിയക്കെതിരേയും വ്യാജ ബിരുദ ആരോപണം നിലനില്‍ക്കുന്നത് കൊണ്ടാണ്. മഹാരാഷ്ട്ര മുന്‍ മന്ത്രിയായ ഛഗന്‍ ഭുജ്ബാലിനെതിരെയും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ‘വ്യാജനെ’ന്ന ആരോപണമുണ്ട്. അദ്ദേഹത്തിന്റെ മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ യോഗ്യത സംബന്ധിച്ചാണ് തര്‍ക്കം. പലകാര്യങ്ങളിലും ഇന്ത്യക്കും ചൈനക്കും സമാനതകള്‍ ഉള്ളത്‌പോലെ അഴിമതിയുടെ കാര്യത്തിലും ഈ പൊരുത്തമുണ്ട്. 2012ല്‍ വിരമിക്കുന്നത് വരേയും രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള സമുന്നത നേതാവായിരുന്ന മുന്‍ സുരക്ഷാ മേധാവി സുയോങ് കാങിനെ അഴിമതിക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. അധികാര ദുര്‍വിനിയോഗം, ദേശീയ രഹസ്യങ്ങള്‍ ബോധപൂര്‍വം പുറത്താക്കല്‍ തുടങ്ങിയവയാണ് സുയോങിനെതിരെ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങള്‍.
കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാറും ഡല്‍ഹിയിലെ കെജരിവാള്‍ സര്‍ക്കാറും അധികാര സീമയെ ചൊല്ലി കടുത്ത പോരാട്ടത്തിലാണ്. അധികാരത്തിന്റെ കാര്യത്തില്‍ ആരാണ് യഥാര്‍ഥ അവകാശികള്‍ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി കെജ്‌രിവാളും ഡല്‍ഹി ലഫ്: ഗവര്‍ണര്‍ നജീബ് ജുംഗും പടവാളേന്തി നില്‍പ്പാണ്. അടിയന്തരാവസ്ഥാ കാലത്തെ അനുസ്മരിപ്പിക്കുന്ന, നിയന്ത്രണങ്ങളും നിഷേധങ്ങളും കൊണ്ട് കെജ്‌രിവാള്‍ സര്‍ക്കാറിനെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന് ലഫ്: ഗവര്‍ണറെ ഉപകരണമാക്കുന്നുവെന്ന് മാത്രം. നാം ജനാധിപത്യത്തെ പിടിച്ച് ആണയിടുമ്പോഴും, പലപ്പോഴും സ്വീകരിക്കുന്ന നടപടികള്‍ ജനഹിതത്തിന് എതിരാണെന്ന വസ്തുത വിസ്മരിക്കാനാവില്ല. അഴിമതിക്കെതിരെ, പൂര്‍ണ സുതാര്യതക്കായി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പ്രതിജ്ഞയെടുത്ത് പ്രവര്‍ത്തിക്കണം. അതിന് ജനങ്ങള്‍ നിതാന്തജാഗ്രത പുലര്‍ത്തുകയും വേണം.