Connect with us

International

യു എസ് ചാരന്‍മാര്‍ മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയതില്‍ അന്വേഷണം അവസാനിപ്പിച്ചു

Published

|

Last Updated

ബെര്‍ലിന്‍: അമേരിക്കന്‍ ചാരന്‍മാര്‍ ചാന്‍സലര്‍ അഞ്ചെല മെര്‍ക്കലിന്റെ മൊബൈല്‍ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലില്‍ നടത്തിയ ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണം ജര്‍മനിയിലെ ഉന്നത പബ്ലിക് പ്രോസിക്യൂട്ടര്‍ അവസാനിപ്പിച്ചു. തെളിവുകളുടെ അഭാവത്തില്‍ കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്ന നിഗമനമാണ് പ്രോസിക്യൂട്ടര്‍ മുന്നോട്ട് വെച്ചത്. ഇപ്പോള്‍ അന്വേഷണം അവസാനിപ്പിച്ച കേസ് ജര്‍മനിക്കും അമേരിക്കക്കും ഇടയിലെ ബന്ധത്തില്‍ പിരിമുറുക്കമുണ്ടാക്കിയിരുന്നു.
അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയിലെ മുന്‍ കോണ്‍ട്രാക്ടറായിരുന്ന എഡ്വേഡ് സ്‌നോഡന്റെ ആരോപണത്തെ പിന്തുണക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. സ്‌നോഡനാണ് മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തിയത്. ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനാവശ്യമായതൊന്നുമില്ലാതെ കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും ഫെഡറല്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ പ്രോസിക്യൂട്ടര്‍ അന്വേഷണം അവസാനിപ്പിച്ചത് സംബന്ധിച്ച് പ്രതികരിക്കാന്‍ മെര്‍ക്കലിന്റെ വക്താവ് സ്റ്റെഫെന്‍ സിബെര്‍ട് തയ്യാറായില്ല. എന്‍ എസ് എയുടെ ചാരപ്പണി സംബന്ധിച്ച് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്തുവന്നത് മെര്‍ക്കലിന്റേതുള്‍പ്പെടെ സഖ്യ കക്ഷികളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നാണ് സ്‌നോഡന്‍ ആരോപിച്ചിരുന്നത്. അമേരിക്കന്‍ ചാര സംഘടന ഫോണ്‍ ചോര്‍ത്തിയതായി പ്രാഥമിക തെളിവുകളുണ്ടെന്ന് പറഞ്ഞാണ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഹറാള്‍ഡ് റേഞ്ച് കഴിഞ്ഞ ജൂണില്‍ അന്വേഷണം തുടങ്ങിയത്.
എന്നാല്‍ കുറ്റം ചുമത്താന്‍ മതിയായ തെളിവുകളില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഡിസംബറില്‍ അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും അദ്ദേഹം സൂചന നല്‍കിയിരുന്നു.