Connect with us

Kannur

എസ് ഐയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മണല്‍ മാഫിയാ തലവന്‍ കസ്റ്റഡിയില്‍

Published

|

Last Updated

തളിപ്പറമ്പ്: എസ് ഐയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മണല്‍ മാഫിയാ തലവന്‍ കോരന്‍പീടികയിലെ മാഠാളന്‍ വള്ളിയോട് അബ്ദുല്‍ ലത്വീഫി (35) നെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരം ഹൈലാന്റ് ആശുപത്രിയില്‍ വെച്ച് കര്‍ണാടക പോലീസിന്റെ സഹായത്തോടെ ഇന്നലെ രാവിലെ 11 നാണ് തളിപ്പറമ്പ് സി ഐ. കെ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. പനി ബാധിച്ചുവെന്ന പേരില്‍ കഴിഞ്ഞ നാല് ദിവസമായി പ്രതി ആശുപത്രിയില്‍ കഴിയുകയായിരുന്നു. ലത്വീഫിന്റെ ഒളി സങ്കേതത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളുണ്ടായിരുന്നു.
ഇതിനിടെ ലത്വീഫിന് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ എത്തിച്ച് കൊടുക്കാന്‍ ചില പോലീസുകാര്‍ സഹായിക്കുന്നതായി ആരോപണമുണ്ടായി. കാര്യമായ അസുഖമൊന്നുമില്ലാത്ത പ്രതി പോലീസിനെ കബളിപ്പിക്കാനാണ് ആശുപത്രിയില്‍ അഭയം തേടിയതെന്ന് അറിയുന്നു.
മംഗലാപുരത്ത് നിന്ന് ഹൈദരാബാദിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതി. പ്രതിയെ മംഗലാപുരത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രിയോടെ പരിയാരത്ത് കൊണ്ടുവന്ന് തെളിവെടുത്തു. തളിപ്പറമ്പ് ഡി വൈ എസ് പി. എ സുരേന്ദ്രന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുക. മെയ് 16 ന് പുലര്‍ച്ചെ ഇരിങ്ങല്‍ പാറോളിക്കടവില്‍ അനധികൃത മണല്‍ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പരിയാരം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ. പട്ടുവം മുത്തുകടയിലെ കെ എം രാജന്‍ ബൈക്കില്‍ കടവിലെത്തിയപ്പോള്‍ ടിപ്പര്‍ ലോറിയിലെ ജാക്കി കൊണ്ട് തലക്കിടിച്ച് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി എസ് ഐയെ ടിപ്പര്‍ ലോറിയില്‍ കിലോമീറ്ററുകള്‍ അകലെ കൊണ്ടുപോവുകയും അവിടെ ഉപേക്ഷിക്കുകയും ചെയ്തു. രക്തത്തില്‍ കുളിച്ചു കിടന്ന എസ് ഐയെ ആദ്യം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന എസ് ഐ രാജന്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. കേസില്‍ ഏഴ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.

---- facebook comment plugin here -----

Latest