ഇന്ത്യയെ ഭയക്കുന്നവര്‍ പ്രതികരിച്ചു തുടങ്ങിയെന്ന് പരീക്കര്‍

Posted on: June 12, 2015 5:44 am | Last updated: June 11, 2015 at 11:44 pm

ന്യൂഡല്‍ഹി/ ഇസ്‌ലാമാബാദ്: മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ കമാന്‍ഡോ ഓപറേഷനെ ച്ചൊല്ലിയുള്ള പാക്‌യുദ്ധം നിലച്ചില്ല. ആക്രമണം അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ സംബന്ധിച്ചുള്ള മനോഭാവത്തില്‍ തന്നെ മാറ്റം വരുത്തിയെന്നും ഇന്ത്യയുടെ നിലവിലെ സ്ഥിതിയെ ഭയക്കുന്നവര്‍ പ്രതികരിച്ചു തുടങ്ങിയെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. രണ്ട് മൂന്ന് ദിവസങ്ങള്‍ക്കകം അതാണ് കണ്ടത്. തീവ്രവാദികള്‍ക്കെതിരെ നടന്ന താരമതമ്യേന ചെറിയ നടപടി സുരക്ഷാ വിഷയത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മാറ്റിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മ്യാന്‍മറിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ ‘പാക്കിസ്ഥാന്‍ മ്യാന്‍മര്‍ അല്ലെന്ന’ പാക് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രസ്താവനക്കെതിരെ പ്രതികരിക്കുയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സേനയുടെ മ്യാന്‍മര്‍ ആക്രമണം മറ്റു രാജ്യങ്ങള്‍ക്കു കൂടിയുള്ള സന്ദേശമാണെന്ന കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് പാക്കിസ്ഥാന്‍ പ്രകോപനപരമായ വാക്കുകള്‍ പ്രയോഗിച്ചത്. പാക് ആഭ്യന്തര മന്ത്രി നിയാസ് അലി ഖാനായിരുന്നു ഈ പ്രസ്താവന ടനടത്തിയത്.
അതിര്‍ത്തിയിലെ തീവ്രവാദത്തിനെതിരെയുള്ള മാനസികാവസ്ഥക്ക് വന്ന പരിവര്‍ത്തനമാണ്് ഇന്ത്യയുടെ പ്രത്യാക്രമണം. തീവ്രവാദികള്‍ക്കെതിരെയുള്ള ഒറ്റ പ്രത്യാക്രമണം തന്നെ ഇന്ത്യയുടെ സുരക്ഷ സംബന്ധിച്ച് മറ്റു രാജ്യങ്ങള്‍ക്കുള്ള മാനസികാവസ്ഥയില്‍ മാറ്റം വരുത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൈനിക ഉപകരണങ്ങള്‍ കരസ്ഥമാക്കി സൈന്യത്തെ കൂടുതല്‍ ആധുനികവത്കരിക്കണമെന്നും ഒരു സെമിനാറില്‍ സംസാരിക്കവേ പരീക്കര്‍ പറഞ്ഞു.
അതിനിടെ, ഇന്ത്യന്‍ നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളെ അപലപിച്ച് പാകിസ്ഥാന്‍ സെനറ്റ് പ്രമേയം പാസാക്കി. ഇന്ത്യയുടെ മേധാവിത്വ മനോഭാവം അംഗീകരിക്കാനാകില്ലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് സഭാ നേതാവ് രാജാ സഫറുല്‍ ഹഖ് പറഞ്ഞു. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ അതിര്‍ത്തി കടന്ന് നടന്ന കമാന്‍ഡോ ഓപറേഷനില്‍ 18 തീവ്രവാദികളാണ്് മരിച്ചത്.
എന്നാല്‍ ഇന്ത്യന്‍ സൈന്യം തങ്ങളുടെ ഭാഗത്തേക്ക് പ്രവേശിച്ചിട്ടില്ലെന്ന് മ്യാന്‍മര്‍ വൃത്തങ്ങള്‍ അറിയിച്ചു.