Gulf
'മലയാളികള്‍ സ്ത്രീകളുടെ നിലവിളികള്‍ക്ക് കാതോര്‍ക്കാത്ത സമൂഹം'


യുവകലാ സാഹിതി വനിതാവിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രശസ്ത പിന്നണി ഗായകന്‍ വി ടി മുരളി നിര്‍വ്വഹിക്കുന്നു
അബുദാബി: കേരളത്തില്‍ നിത്യേനയെന്നോണം സ്ത്രീകള്‍ക്കെതിരെ പെരുകിവരുന്ന അതിക്രമങ്ങള്‍ കേട്ട് മരവിച്ച മലയാളികള്‍ ഇന്ന് പെണ്‍കുട്ടികളുടേയും അമ്മമാരുടേയും നിലവിളികള്‍ക്ക് കാതോര്‍ക്കാത്ത സമൂഹമായി മാറിക്കൊണ്ടിരിക്കയാണെന്ന് നാടക ചലച്ചിത്ര ഗായകന്‍ വി. ടി. മുരളി ആരോപിച്ചു. യുവകലാ സാഹിതി വനിതാവിഭാഗത്തിന്റെ 2015-2016 പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഏറ്റവും വില്‍ക്കപ്പെടുന്ന ഒന്നായി കല മാറിയിരിക്കുന്നു. ഏറ്റവും വലിയ തുകക്കുള്ള ഫഌറ്റ് നേടുന്നവനാണ് ഏറ്റവും വലിയ കലാകാരന്‍ എന്ന തെറ്റായ സന്ദേശം ഇന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഓത്തുപള്ളി പാടാന്‍ മാത്രം ജനിച്ച ഒരവതാരമായി തന്നെ പാര്‍ശ്വവത്ക്കരിക്കുകയാണെന്നും തന്റെ മേലുള്ള ഇത്തരം അധിനിവേശം തികച്ചും അസഹനീയമാണ്. രാഘവന്‍ മാഷെ കുറിച്ച് ഏറ്റവുമധികം പറയുകയും എഴുതുകയും ചെയ്തിട്ടുള്ള തന്നെ രഘവന്‍മാഷുടെ പേരില്‍ നടത്തിയ പരിപാടിയില്‍ പോലും മാറ്റിനിര്‍ത്തി പ്രാന്തവത്ക്കരിക്കുകയായിരുന്നുവെന്നും വി ടി മുരളി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് “ജീവിത സമ്മര്‍ദം ലഘൂകരണം” എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ആയുര്‍വേദ യോഗ വിദഗ്ധന്‍ ഡോ. ദിനേശ് കര്‍ത്താ ക്ലാസ് എടുത്തു.
യുവകലാ സാഹിതി വനിതാവിഭാഗം കണ്‍വീനര്‍ റൂഷ് മെഹറിന്റെ അദ്ധ്യക്ഷതയില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് സുധ സുധീര്‍ (കേരള സോഷ്യല്‍ സെന്റര്‍), അപര്‍ണ സന്തോഷ്, പ്രിയ ബാലു, സന്ധ്യ ഷാജു, സ്മിത ധനേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.