Connect with us

Gulf

പ്രായമാകുന്നവര്‍ക്ക് പ്രത്യേക താമസ കേന്ദ്രങ്ങള്‍

Published

|

Last Updated

ദുബൈ: ലോകനിലവാരമുള്ള “ആക്ടീവ് റിട്ടയര്‍മെന്റ് ലിവിംഗ്” സൗകര്യം കേരളത്തിലും ഏര്‍പെടുത്തുമെന്ന് ബ്ലസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രായമാകുന്നവര്‍ക്ക് വേണ്ടിവരുന്ന “സുരക്ഷിതത്വവും സ്വാതന്ത്ര്യവും” ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ടാണിത്. ആലുവക്കടുത്ത് സൗത്ത് വാഴക്കുളത്ത് “ബ്ലസ ് റിട്ടയര്‍മെന്റ ് ലിവിംഗ്” എന്ന സ്ഥാപനം താമസിയാതെ തുടങ്ങും. 90 കോടി രൂപയാണ് മുതല്‍മുടക്ക്. പ്രായമുള്ളവര്‍ക്ക് ഓരോ ഘട്ടത്തിലും നല്‍കുന്ന സേവനങ്ങളും വിദേശത്തുള്ള ഇത്തരം സ്ഥാപനങ്ങളുമായി കിടപിടിക്കുന്നതായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലിജ ജിജോ, പ്രോജക്ട് കണ്‍സള്‍ട്ടന്റ് ബാബു ജോസഫ് എന്നിവര്‍ അറിയിച്ചു.
സ്വതന്ത്ര വില്ലകളും അപ്പാര്‍ട്ടുമെന്റുകളുമായി 145 എണ്ണം പ്രോജക്ടില്‍ വിഭാവനം ചെയ്യുന്നുണ്ട്. പ്രോജക്ടിലെ താമസസൗകര്യം, പരിസരം, സേവനങ്ങള്‍ എന്നിവയെല്ലാം പ്രായമായവരുടെ സൗകര്യം മുന്‍നിറുത്തിയായിരിക്കും. താമസത്തിനുള്ള അപ്പാര്‍ട്ടുമെന്റുകള്‍ കൂടാതെ റിക്രിയേഷന്‍, വ്യായാമം, ഇന്‍ഡോര്‍ ഗെയിംസ് തുടങ്ങിയവക്കായി പ്രത്യേക കെട്ടിടവും സൗകര്യങ്ങളുമുണ്ടായിരിക്കും. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ അടുക്കളകള്‍ ആധുനിക രീതിയില്‍ വെവ്വേറെ സജ്ജീകരിക്കും. ഡൈനിംഗ് ഹാള്‍ പൊതുവായിരിക്കും. പ്രോജക്ട് ഉള്‍പെടുന്ന പ്രകൃതിരമണീയമായ എട്ട് ഏക്കര്‍ സ്ഥലം സൈക്കിളിംഗ്, ജോഗിംങ്ങ് എന്നിവക്ക് ഉപയോഗിക്കാം. മൂന്നു നിലകളുള്ള അപ്പാര്‍ട്ടുമെന്റില്‍ നേഴ്‌സിംഗ് സ്റ്റേഷനുകളും, ജെറിയാട്രിക്‌സ് പരിശീലനം ലഭിച്ച നേഴ്‌സ്മാരുടെ 24 മണിക്കൂര്‍ സേവനവും ഉണ്ടാവും. അസുഖം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ പരിചരണത്തിനും പ്രത്യേക സംവിധാനം ഉണ്ടായിരിക്കും.
ബ്ലസ ് റിട്ടയര്‍മെന്റ് ലിവിംഗിലെ മോഡല്‍ അപ്പാര്‍ട്ടുമെന്റ് ജൂണ്‍ അവസാനത്തോടെ തയ്യാറാവും. താത്പര്യമുള്ളവര്‍ക്ക് ഇതു സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.

---- facebook comment plugin here -----

Latest