സര്‍ക്കാറിന് തുടരെ തിരിച്ചടികള്‍

Posted on: June 11, 2015 6:00 am | Last updated: June 11, 2015 at 12:24 am

SIRAJ.......പ്രഖ്യാപിത നയങ്ങളും തീരുമാനങ്ങളും തുടരെത്തുടരെ പിന്‍വലിക്കേണ്ട ഗതികേട് മോദി സര്‍ക്കാറിനെപ്പോലെ ഇതിന് മുമ്പ് മറ്റൊരു ഭരണ കൂടത്തിനുമുണ്ടായിട്ടില്ല. അന്തര്‍ദേശീയ യോഗദിനാചരണത്തോടനുബന്ധിച്ചു ജൂണ്‍ 21 മുതല്‍ രാജ്യത്തെ ഒന്നടങ്കം സ്‌കൂളുകളിലും നിര്‍ബന്ധമായും സൂര്യനമസ്‌കാരം പരിശീലിപ്പിക്കണമെന്ന ഉത്തരവ് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നു. ഒരു ഹൈന്ദവ ആചാരമാണ് സൂര്യനമസ്‌കാരം. ഇതിനെ യോഗയുടെ രൂപത്തില്‍ രാജ്യത്തെ എല്ലാ മതക്കാരെക്കൊണ്ടും നിര്‍വഹിപ്പിക്കാനുള്ള ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമായിരുന്നു സ്‌കൂള്‍ കുട്ടികളെക്കൊണ്ട് ഇത് ചെയ്യിപ്പിക്കാനുള്ള നീക്കം. മുസ്‌ലിം സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാറിന് ഇത് പിന്‍വലിക്കേണ്ടി വന്നത്.
മോദി സര്‍ക്കാറിനെ വിമര്‍ശിച്ചതിനെച്ചൊല്ലി മദ്രാസ് ഐ ഐ ടി കോളജിലെ ദളിത് വിദ്യാര്‍ഥി സംഘടനയുടെ അംഗീകാരം റദ്ദാക്കിയ നടപടി പിന്‍വലിക്കേണ്ടി വന്നതാണ് സര്‍ക്കാറിന് നേരിട്ട മറ്റൊരു തിരിച്ചടി. ബി ആര്‍ അംബേദ്കറുടെയും പെരിയാറിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കാനായി രൂപവത്കൃതമായ പെരിയാര്‍ സ്റ്റുഡന്റ്‌സ് സര്‍ക്കിളിനെ (എ പി എസ് സി) വിദ്വേഷം വളര്‍ത്തുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് നിരോധിക്കാന്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം കോളജ് മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയത്. ബി ജെ പി നേതൃത്വത്തിന്റെ സവര്‍ണ മനോഭാവമാണ് യഥാര്‍ഥത്തില്‍ ഈ നടപടിയില്‍ നിഴലിച്ചു നിന്നത്.
~ഒരു കാലത്ത് ഉന്നത കോളജുകളിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ സവര്‍ണ ജാതിക്കാരുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. അവരെ ഭയപ്പെട്ടും വണങ്ങിയുമായിരുന്നു ദളിത് വിദ്യാര്‍ഥികള്‍ ഇത്തരം സ്ഥാപനങ്ങളില്‍ കഴിഞ്ഞിരുന്നത്. ഈ അവസ്ഥക്ക് ഇന്ന് മാറ്റം വരികയും കീഴ്ജാതിക്കാര്‍ സംഘടിതരായി ശക്തിയാര്‍ജ്ജിക്കുകയും ചെയ്തുവെന്ന് മാത്രമല്ല, നവ ഹിന്ദു ലിബറലുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കപട ദേശീയതയെ അവര്‍ ചോദ്യം ചെയ്തു തുടങ്ങിയിട്ടുമുണ്ട്. മദ്രാസ് ഐ ഐ ടി കോളജിലെ സെമിനാറില്‍ അതാണ് കാണാനായത്. ഇത് മേല്‍ജാതിക്കാരെയും അവര്‍ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ആശങ്കയിലായതിന്റെ പ്രതിഫലനമായിരുന്നു ദളിത് വിദ്യാര്‍ഥി സംഘടനക്കെതിരായ നടപടി. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് എ പി എസ് സിക്ക് പ്രവര്‍ത്തനാനുമതി പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതമായത്.
അധ്യാപക ദിനത്തില്‍ സ്‌കൂളുകളില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യണമെന്നതാണ് പിന്‍വലിക്കേണ്ടി വന്ന മറ്റൊരു ഉത്തരവ്. ഡല്‍ഹി കന്റോണ്‍മെന്റിലെ മാനേക്ഷാ സെന്ററില്‍ മോദി നടത്തിയ പ്രസംഗമാണ് ടെലിവിഷന്‍ മുഖേനയോ റേഡിയോ മുഖേനയോ സ്വകാര്യ സ്‌കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നിര്‍ബന്ധമായും പ്രക്ഷേപണം ചെയ്യണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയത്. ടെലിവിഷന്‍ ഇല്ലാത്ത സ്‌കൂളുകളില്‍ ടി വി വാടകക്കെടുക്കണമെന്നും വൈദ്യുതി ഇല്ലാത്തിടങ്ങളില്‍ ജനറേറ്റര്‍ വാടകക്കെടുക്കണമെന്നും വരെ നിര്‍ദേശമുണ്ടയി. എതിര്‍പ്പ് വന്നപ്പോള്‍ പ്രക്ഷേപണം നിര്‍ബന്ധമില്ലെന്നും അതാത് സ്‌കൂള്‍ അധികൃതരുടെ ഇഷ്ടപ്രകാരം ചെയ്യാമെന്നും തിരുത്തിപ്പറയേണ്ടി വന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയില്‍ ഹിന്ദി ഭാഷയേ ഉപയോഗിക്കാവൂ എന്ന സര്‍ക്കുലറും പിന്‍വലിക്കേണ്ടി വന്നു. അഹിന്ദിക്കാരുടെ മേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ഈ നീക്കം അംഗീകരിക്കില്ലെന്ന് തമിഴ്‌നാട്ടിലെ എ ഐ എ ഡി എം കെ സര്‍ക്കാറും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മറ്റു സംസ്ഥാന ഭരണകൂടങ്ങളും പ്രഖ്യാപിച്ചതോടെയാണ് ഇത് പാളിയത്.
ദയാവധത്തിന് വിടേണ്ട അവസ്ഥയിലാണിപ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍. രാജ്യസഭയില്‍ സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്തത് കാരണം ഓര്‍ഡിനന്‍സിലൂടെ അത് നിലനിര്‍ത്തേണ്ടിവരികയാണെന്ന് മാത്രമല്ല, തുടക്കത്തില്‍ ബില്ലിലുണ്ടായിരുന്ന പല വ്യവസ്ഥകളും പ്രതിപക്ഷത്തിന്റെ നിര്‍ദേശം പാലിച്ചു പിന്നീട് പിന്‍വലിക്കേണ്ടി വരികയും ചെയ്തു. ബില്‍ പാര്‍ട്ടിയുടെയോ സര്‍ക്കാറിന്റെയോ അജന്‍ഡയല്ലെന്ന, മെയ് 29ന് നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ഈ പൊല്ലാപ്പില്‍ നിന്നു സര്‍ക്കാറും പാര്‍ട്ടിയും തലയൂരാനുള്ള പുറപ്പാടാണെന്നാണ് മനസ്സിലാകുന്നത്. നോക്കണേ സര്‍ക്കാറിന്റെ ഒരു ഗതികേട്.
വിത്യസ്ത മതക്കാരും ജാതിക്കാരും ഭാഷക്കാരും താമസിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തെ നയിക്കുന്നവര്‍ എല്ലാ വിഭാഗങ്ങളെയും മുന്നില്‍ കണ്ടായിരിക്കണം നയങ്ങള്‍ രൂപവത്കരിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യേണ്ടത്. മുന്‍സര്‍ക്കാറിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ഉയര്‍ന്ന വികാരത്തിന്റെ പിന്‍ബലത്തില്‍ ലഭിച്ച ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ അതിന് തിരിച്ചടി സ്വാഭാവികമാണ്.