ദുബൈ കനാല്‍ പദ്ധതി; കുഴിയെടുക്കല്‍ തുടങ്ങി

Posted on: June 10, 2015 8:00 pm | Last updated: June 10, 2015 at 8:00 pm
dubai kanal
ദുബൈ കനാലിന് വേണ്ടി കുഴിയെടുക്കുന്നു

ദുബൈ: ദുബൈ കനാല്‍ പദ്ധതിക്ക് വേണ്ടിയുള്ള പ്രധാന നിര്‍മാണ പ്രവര്‍ത്തനമായ കുഴിയെടുക്കല്‍ തുടങ്ങി. ഇതോടെ കനാല്‍ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. 3.2 കിലോമീറ്ററിലാണ് കനാലിന് വേണ്ടി കുഴിയെടുക്കുന്നത്. ഇതിലൂടെ ബിസിനസ് ബേയിലെ കടല്‍ ജലം അറേബ്യന്‍ സമുദ്രത്തിലേക്ക് ഒഴുകിപ്പോകും. റോഡിന്റെ തറനിരപ്പില്‍ നിന്ന് കനാലിലേക്ക് വെള്ളം ഒഴുകിയിറങ്ങുന്ന രൂപകല്‍പനയാണ് ചെയ്തിരിക്കുന്നത്. റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ക്കും ഇത് മനോഹരമായ കാഴ്ചയാകും. കനാലിന് ഇരുവശവും നിരവധി വാണിജ്യ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരും.
കനാല്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്കാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ജുമൈറ ബീച്ച് വാക്കിനെയും സഫാ പാര്‍ക്കിനെയും ബന്ധിപ്പിക്കുന്ന മൂന്ന് നടപ്പാലങ്ങളും ഇവിടെ ഉണ്ടാകും. നിര്‍മാണത്തിന്റെ 15 ശതമാനം പൂര്‍ത്തിയായതായി ആര്‍ ടി എ അറിയിച്ചു. ജെ ഡബ്ല്യു മാരിയോറ്റ് മാര്‍കിസ് ഹോട്ടലിന് സമീപമാണ് കുഴിയെടുക്കല്‍ ആരംഭിച്ചിരിക്കുന്നത്.
കനാലിന് മുകളില്‍ ശൈഖ് സായിദ് റോഡില്‍ എട്ട് മീറ്റര്‍ ഉയരത്തില്‍ പാലമുണ്ടാകും. ഇവിടെയുള്ള ഇലക്ട്രിക് കേബിളുകളും ജല പൈപ്പുകളും മാറ്റി സ്ഥാപിച്ചു. അടുത്ത 10 വര്‍ഷത്തെ അടിസ്ഥാന സൗകര്യങ്ങളാണ് ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനിടയില്‍ അല്‍ വാസല്‍ റോഡിലെ ക്രമീകരണവും നടക്കുന്നുണ്ട്. ജുമൈറ ബീച്ച് റോഡ്, അല്‍ വാസല്‍ റോഡ് എന്നിവിടങ്ങളില്‍ ഗതാഗതം വഴിതിരിച്ച് വിട്ടിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണത്തിന്റെ പകുതിയിലധികം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.