കെഫ് ഹോള്‍ഡിംഗ്‌സ് പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണ കേന്ദ്രം ഈ വര്‍ഷം ജബല്‍ അലിയില്‍

Posted on: June 10, 2015 7:58 pm | Last updated: June 10, 2015 at 7:58 pm
kef1
കെഫ് ഹോള്‍ഡിങ്‌സ് ജബല്‍ അലിയില്‍ പുതിയ നിര്‍മാണ കേന്ദ്രം തുറക്കുന്നതിനെക്കുറിച്ച് വിശദീ കരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാനും സ്ഥാപകനുമായ ഫൈസല്‍ ഇ കൊട്ടിക്കൊള്ളോന്‍. ടാപി ഡയറക്ടര്‍ അലാദിന്‍ നിയാസ്മന്ദ്, ദുബൈ ഹെല്‍ത്‌കെയര്‍ അതോറിറ്റി ചെയര്‍മാന്‍ ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ ഖാതമി എന്നിവര്‍

ദുബൈ: യു എ ഇ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയായ കെഫ് ഹോള്‍ഡിംഗ്‌സ്, ജബല്‍ അലി ഫ്രീസോണില്‍ പ്രീ ഫാബ്രിക്കേഷന്‍ ആന്‍ഡ് ഓഫ്‌സൈറ്റ് കണ്‍സ്ട്രക്ഷന്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ഫൈസല്‍ ഇ കൊട്ടിക്കൊള്ളോന്‍ അറിയിച്ചു. ഏറ്റവും പുതുമയാര്‍ന്ന നിര്‍മാണ രീതിയാണ് പ്രീ ഫാബ്രിക്കേഷന്‍. ആരോഗ്യ മേഖലയിലും ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയിലും വലിയ പരിവര്‍ത്തനം ലക്ഷ്യംവെച്ചുള്ളതാണിത്.
2015 അവസാനത്തോടെ ഈ സൗകര്യം ജബല്‍ അലിയില്‍ യാഥാര്‍ത്ഥ്യമാകും. ദുബൈയില്‍ ബില്‍ഡിംഗ്, ഹെല്‍ത് കെയര്‍ എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്‍ഡിംഗ് ഹെല്‍ത് കെയര്‍ എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ് ദുബൈ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്. ഇവിടെ ശൈഖ് റാശിദ് ഹാളില്‍ കെ 32ലാണ് കെഫ് ഹോള്‍ഡിംഗിന്റെ പവലിയന്‍. നിര്‍മാണ ചെലവ് കുറക്കുന്നതും സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നതുമാണ് പ്രീ ഫാബ്രിക്കേഷന്‍. ഇതിന്റെ പുതുമയാര്‍ന്ന രൂപകല്‍പനകള്‍ പ്രദര്‍ശനത്തില്‍ ഉണ്ട്.
ഏകദേശം 50 ശതമാനം നിര്‍മാണ ചെലവ് ലാഭിക്കാന്‍ പ്രീ ഫാബ്രിക്കേഷന്‍ രീതികൊണ്ട് സാധിക്കുമെന്നാണ് കണ്ടെത്തല്‍. യു എ ഇയിലെ നിര്‍മാണ മേഖലയില്‍ ഇത് വലിയ പ്രചാരം നേടിയിട്ടുണ്ട്. ദുബൈ ആഗോള ആരോഗ്യ വിനോദ സഞ്ചാര കേന്ദ്രമായി മാറിയ സ്ഥിതിക്ക് പ്രീ ഫാബ്രക്കേഷന്‍ രീതിക്ക് വലിയ സ്വീകാര്യത കൈവരുകയാണ്. 2015 ജനുവരിയില്‍ ആസ്‌ട്രേലിയയിലെ ടോട്ടല്‍ അലയന്‍സ് ഹെല്‍ത് പാര്‍ട്‌ണേഴ്‌സ് ഇന്റര്‍നാഷന (ടാപി) ലുമായി കെഫ് ഹോള്‍ഡിംഗ്‌സ് പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. ആശുപത്രിക്ക് ആവശ്യമായ പ്രീ ഫാബ്രിക്കേറ്റഡ് രൂപകല്‍പനകള്‍ ദുബൈ ഹെല്‍ത് കെയര്‍ സിറ്റിയില്‍ ഒരു സ്റ്റുഡിയോയില്‍ തയ്യാറാക്കും. ഇന്ത്യയില്‍ കോഴിക്കോട്ട് 500 കിടക്കകളുള്ള ഹോസ്പിറ്റല്‍ ടാപിയുടെ മേല്‍നോട്ടത്തിലാണ് പണിയുന്നത്. 2016 ആദ്യ പാദത്തില്‍ ഇത് പൂര്‍ത്തിയാകും. സാങ്കേതിക വിദ്യയിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ പി എം എച്ച് പി ഹോസ്പിറ്റലായിരിക്കും കോഴിക്കോട്ടേതെന്നും ഫൈസല്‍ അറിയിച്ചു. തിരുവനന്തപുരത്ത് 32 നിലകളുള്ള താമസകെട്ടിടം പണിയുമെന്നും ഫൈസല്‍ കൊട്ടിക്കൊള്ളോന്‍ അറിയിച്ചു.