Connect with us

Gulf

അബുദാബി-ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പ്രദര്‍ശനം സെപ്തംബര്‍ ഒമ്പതിന് തുടങ്ങും

Published

|

Last Updated

അബുദാബി: ഭരണാധികാരിയുടെ പടിഞ്ഞാറന്‍ മേഖലാ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബുദാബി-ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അന്താരാഷ്ട്ര എക്‌സിബിഷന്‍ സെപ്തംബര്‍ ഒമ്പത് മുതല്‍ 12 വരെ അബുദാബിയില്‍ നടക്കും. മത്സ്യബന്ധനത്തിന്റെ പ്രാധാന്യവും പുതിയ മത്സ്യബന്ധന രീതികളെയും പരിചയപ്പെടുത്തുന്നതിനാണ് അന്താരാഷ്ട്ര പ്രദര്‍ശനം. പ്രദര്‍ശനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ആഗസ്റ്റില്‍ കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അന്താരാഷ്ട്ര പ്രദര്‍ശന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുരാതന കാലം മുതല്‍ അനുവര്‍ത്തിച്ചിരുന്ന ആശയങ്ങളും അനുഭവങ്ങളുമാണ് എക്‌സിബിഷനില്‍ പങ്കുവെക്കുന്നതെന്ന് അന്താരാഷ്ട്ര എക്‌സിബിഷന്‍ ഡയറക്ടര്‍ അബ്ദുല്ല ബൂത്തി അല്‍ ഖുസൈബി വ്യക്തമാക്കി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് സന്ദര്‍ശകര്‍ പ്രദര്‍ശനത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
അമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിവിധ കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുക. സുസ്ഥിരമായ മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കാനാണ് ആഗോള തലത്തിലെ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പൂര്‍ണ സഹകരണത്തോടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രദര്‍ശനത്തിന്റെ ഭാഗമായി മത്സ്യബന്ധന മേഖലയിലെ കലാകാരന്മാരും കവികളും പങ്കെടുക്കുന്ന കലാ പരിപാടികള്‍ക്ക് പുറമെ അശ്വാരൂഡ ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കും.

Latest