പണ്ടാരപ്പറമ്പ് വളവില്‍ അപകടങ്ങള്‍ പതിവാകുന്നു

Posted on: June 10, 2015 2:57 pm | Last updated: June 10, 2015 at 4:57 pm

നരിക്കുനി: കുരുവട്ടൂര്‍ – പന്തീര്‍പാടം റോഡില്‍ പണ്ടാരപ്പറമ്പ് വളവില്‍ അപകടങ്ങള്‍ പതിവാകുന്നു. ഇന്നലെ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. നരിക്കുനിയില്‍ നിന്ന് പുല്ലാളൂര്‍ – പൊയില്‍ താഴം വഴി കുന്ദമംഗലത്തേക്ക് പോകുകയായിരുന്ന ഹിറ ബസും പന്തീര്‍പാടം ഭാഗത്ത് നിന്ന് കുരുവട്ടൂരിലേക്ക് വരികയായിരുന്ന ചരക്ക് കയറ്റിയ ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. ഈ റൂട്ടില്‍ ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി. വാഹനങ്ങളെ പണ്ടാരപ്പറമ്പ് – പൊയില്‍ താഴം – പുറ്റുമണ്ണില്‍ താഴം റോഡിലൂടെ തിരിച്ച് വിട്ടു.
കൊടുംവളവും കയറ്റവുമുള്ള ഇവിടെ എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനം ഡ്രൈവര്‍മാരുടെ ദൃഷ്ടിയില്‍ പെടാത്തതാണ് അപകടങ്ങള്‍ക്ക് പ്രധാനമായും കാരണമാകുന്നത്. റോഡിന് വീതിയും കുറവാണിവിടെ. കയറ്റം അനായാസമായി കയറിക്കിട്ടാന്‍ വേഗതയിലാണ് പന്തീര്‍പാടം ഭാഗത്ത് നിന്നുള്ള വാഹനങ്ങളെത്താറ്.
ഇറക്കമിറങ്ങിവരുന്ന വാഹനങ്ങള്‍ വേഗതയിലാകുന്നതും പരസ്പരം ദൃഷ്ടിയില്‍ പെടാത്തതും അപകടങ്ങള്‍ക്കിടയാക്കുന്നു. അപകടസാധ്യതാ മേഖലയായിട്ടും ഒരു സൂചനാ ബോര്‍ഡ് പോലും പരിസരത്തൊന്നും സ്ഥാപിച്ചിട്ടില്ല.