Connect with us

National

മണിപ്പൂരില്‍ സൈന്യം തിരിച്ചടിച്ചു; 15 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഇംഫാല്‍: മണിപ്പൂരില്‍ നിരവധി സൈനികരുടെ മരണത്തിനിടയാക്കിയ തീവ്രവാദ ആക്രമണത്തിന് മറുപടിയായി സൈന്യം 15 തീവ്രവാദികളെ കൊലപ്പെടുത്തി. മണിപ്പൂര്‍, മ്യാന്‍മര്‍, നാഗാലാന്‍ഡ് അതിര്‍ത്തികളില്‍ രണ്ടിടങ്ങളിലായി ഇന്ത്യന്‍ സൈന്യം തീവ്രവാദികളുടെ താവളങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. തീവ്രവാദി സാന്നിധ്യത്തെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് മ്യാന്‍മറിന്റെ സഹകരണത്തോടെയാണ് ആക്രമണം നടത്തിയത്.
മ്യാന്‍മറിലും നാഗാലാന്‍ഡിലും അതിര്‍ത്തി കടന്നായിരുന്നു സൈന്യം ആക്രമണം നടത്തിയത്. സൈന്യത്തിന് നേരെ വീണ്ടും ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് വ്യക്തമാക്കി. മണിപ്പൂരില്‍ കഴിഞ്ഞയാഴ്ച സൈന്യത്തിന് നേരെ നടന്ന തീവ്രവാദ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മണിപ്പൂര്‍ ആക്രമണത്തിന് ശേഷം സൈന്യം അതീവ ജാഗ്രതയിലായിരുന്നുവെന്ന് സൈനിക ഓപറേഷന് നേതൃത്വം നല്‍കിയ മേജര്‍ ജനറല്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു. തീവ്രവാദികള്‍ മറ്റൊരു ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സൈന്യത്തിന് അടിയന്തര ഓപറേഷന്‍ വേണ്ടി വന്നത്. ഇതാദ്യമായാണ് അതിര്‍ത്തി കടന്നുള്ള കമാന്‍ഡോ ഓപറേഷന്‍ നടത്തുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ നിരവധി ആക്രമണങ്ങളുടെ പാശ്ചാതലത്തിലായിരുന്നു ഓപറേഷനെന്നും അദ്ദേഹം പറഞ്ഞു. ഇരുവിഭാഗവും തമ്മില്‍ ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങളുണ്ടായി. എന്നാല്‍ സൈനികരുടെ ഭാഗത്ത് ആളപായമില്ല. അതിര്‍ത്തിയില്‍ നിന്ന് നുഴഞ്ഞുകയറി ആക്രമണം നടത്താനായിരുന്നു തീവ്രവാദികളുടെ ഉദ്ദേശ്യം. ഇതേതുടര്‍ന്ന് മ്യാന്മര്‍ സൈനിക നേതൃത്വവുമായി ബന്ധപ്പെട്ടാണ് ഓപറേഷന് രൂപം നല്‍കിയത്. എന്‍ എസ് സി എന്‍(കെ) തീവ്രവാദ സംഘടന കഴിഞ്ഞ മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരോധിത ഗ്രൂപ്പായ ഉള്‍ഫയുമായി ചേര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി ആക്രമണങ്ങളാണ് നടത്തിയതെന്ന് മേജര്‍ ജനറല്‍ സിംഗ് പറഞ്ഞു.

Latest