Connect with us

Editorial

അമ്പല അജന്‍ഡയുമയി സംഘ്പരിവാര്‍ വീണ്ടും

Published

|

Last Updated

ഇടവേളക്ക് ശേഷം രാമക്ഷേത്ര അജന്‍ഡ പുറത്തെടുത്തിരിക്കുകയാണ് സംഘ്പരിവാര്‍. രാമക്ഷേത്രത്തേക്കാള്‍ പ്രധാനം വികസനമാണെന്നും സര്‍ക്കാറിന്റെ ഇപ്പോഴത്തെ ശ്രദ്ധ വികസനത്തിലാണെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയാണത്രെ അവരെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം ഇനിയും നീട്ടിക്കൊണ്ടുപോകാനാണ് മോദി സര്‍ക്കാറിന്റെ ഭാവമെങ്കില്‍ വാജ്‌പേയി സര്‍ക്കാറിന്റെ ഗതിയാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പുമായി വി എച്ച് പി രംഗത്ത് വന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ ജനം അധികാരത്തിലെത്തിച്ചത് വികസനം നടപ്പാക്കാന്‍ മാത്രമല്ലെന്നും രാമക്ഷേത്രമുള്‍പ്പെടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത ഹിന്ദുത്വ അജന്‍ഡകള്‍ നടപ്പാക്കാന്‍ കൂടിയാണെന്നും വി എച്ച് പി ദേശീയ സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ ഓര്‍മിപ്പിക്കുന്നു. ബി ജെ പി എം പി സാക്ഷി മഹാരാജ് വി എച്ച് പിയെ പിന്തുണക്കുന്നു.”ബാബ്‌രി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഭൂമിയില്‍ മസ്ജിദിന്റെ ഒരു ഇഷ്ടിക പോലും സൂക്ഷിക്കാന്‍ അനുവദിക്കില്ല. അവിടെ നേരത്തെ ക്ഷേത്രമാണുണ്ടായിരുന്നത്. അത് പുനര്‍നിര്‍മിക്കുക തന്നെ വേണ”മെന്നാണ് മഹാജ് പറയുന്നത്. ഇതിനിടെ ഹരിദ്വാറില്‍ സംഘ്പരിവാര്‍ സംഘടിപ്പിച്ച സന്യാസിമാരുടെ യോഗം ക്ഷേത്രനിര്‍മാണം വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ഇക്കാര്യം ജൂണ്‍ അവസാനത്തില്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ തീരുമാനിക്കുകയുമുണ്ടായി.
പ്രശ്‌നം രാമക്ഷേത്രമല്ല, ബീഹാര്‍ തിരഞ്ഞെടുപ്പാണ്. ഏതെങ്കിലും സുപ്രധാന തിരഞ്ഞെടുപ്പ് ആസന്നമാകുമ്പോഴാണ് ബി ജെ പിക്കു വേണ്ടി സംഘ്പരിവാര്‍ വര്‍ഗീയ അജന്‍ഡ പുറത്തിടുന്നത്. ക്ഷേത്രനിര്‍മാണം ഒരു വൈകാരിക പ്രശ്‌നമായി ഹിന്ദുസമൂഹത്തില്‍ നിലനിര്‍ത്തുകയും ആവശ്യം വരുമ്പോള്‍ അത് ജ്വലിപ്പിക്കുകയുമാണ് പദ്ധതി. മറ്റു ഹിന്ദുത്വ അജന്‍ഡകള്‍ നടപ്പില്‍ വരുത്തുന്നിതിനുള്ള മൂര്‍ച്ചയേറിയ ഒരായുധമെന്നതിലപ്പുറം രാമനും രാമക്ഷേത്രവുമൊന്നും അവര്‍ക്കത്ര വലിയ പ്രശ്‌നമല്ല. ഗാന്ധിജി ഒരു ആര്‍ എസ് എസ് ശാഖ സന്ദര്‍ശിച്ച സംഭവം സുവിദിതമാണ്. സന്ദര്‍ശന വേളയില്‍ അവിടുത്തെ ചുമരില്‍ കുറേ ഹിന്ദു യോദ്ധാക്കളുടെ പടങ്ങള്‍ ഗാന്ധിജിയുടെ ശ്രദ്ധയില്‍പ്പെട്ടു. റാണാപ്രതാപ് സിംഗ്, ശിവജി, ഗുരുഗോവിന്ദ് സിംഗ് തുടങ്ങിയവര്‍ക്കൊപ്പം രാമന്റെ ചിത്രം കാണാതെ വന്നപ്പോള്‍ ഗാന്ധിജി അതേക്കുറിച്ചാരാഞ്ഞൂ. രാമന്‍ യുദ്ധവീരനല്ല, മൃദുലമനസ്‌കനാണ്. അദ്ദേഹത്തെ നായകനാക്കാന്‍ പറ്റില്ലെന്നായിരുന്നുവത്രെ ആര്‍ എസ് എസ് നേതാക്കളുടെ പ്രതികരണം. ഇതാണവരുടെ രാമന്‍ഭക്തി. മുമ്പെങ്ങുമില്ലാത്ത ഒരു ഭക്തി അവര്‍ക്കിപ്പോള്‍ തുടങ്ങിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വ്യക്തം.
തന്റെ ഭരണത്തില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങുന്നതില്‍ മോദിക്കും താത്പര്യമുണ്ടാകണമെന്നില്ല. മോദിയുടെ ലക്ഷ്യം ആഗോള തലത്തില്‍ സ്വന്തമായൊരു പ്രതിച്ഛായ സൃഷ്ടിക്കലാണ്. ഒരു മുസ്‌ലിം പള്ളി അതിക്ര മമായി പൊളിച്ച സ്ഥാനത്ത് അന്യായമായി ക്ഷേത്രം പണിതാല്‍ അത് ആഗോള സമൂഹത്തിന്റെ വിമര്‍ശത്തിന് വഴിവെക്കുമന്ന് മോദിക്കറിയാം. ലോട്ടറി വില്‍പനക്കാരെ പോലെ തീവ്രഹിന്ദുത്വക്കാരെ “നാളെ നാളെ” എന്ന പ്രതീക്ഷയില്‍ പിടിച്ചു നിര്‍ത്തുകയാണദ്ദേഹം.
രണ്ട് പതിറ്റാണ്ടിലേറെയായി ബാബ്‌രി മസ്ജിദ്, അയോധ്യ ക്ഷേത്ര തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുകയാണ്. കേസ് അനന്തമായി നീളുന്ന സാഹചര്യത്തില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും സംഘ്പരിവാര്‍ അനുകൂലമല്ല. തെളിവുകള്‍ അടിസ്ഥാനമാക്കി കോടതി തീര്‍പ്പ് കല്‍പിച്ചാല്‍ വിധി തങ്ങള്‍ക്കനുകൂലമാകാന്‍ സാധ്യമല്ലെന്നറിയുന്നത് കൊണ്ടായിരിക്കണം കോടതി വിധിയും അംഗീകരിക്കില്ലെന്നതാണ് അവരുടെ നിലപാട്. “വിശ്വാസ കാര്യത്തില്‍ തീര്‍പ്പുകള്‍പ്പിക്കാന്‍ ലോകത്ത് ഒരു കോടതിക്കും ധാര്‍മികമോ നിയമപരമോ ആയ അധികാരമില്ല. ക്ഷേത്രത്തിന്റെ സ്ഥാനം മാറ്റുന്ന പ്രശ്‌നമേയില്ല. ആര്‍ക്കാണ് ഉടമാവകാശമെന്നതിനും പ്രസക്തിയില്ല” എന്നാണ് വി എച്ച് പി നേതാവ് പ്രവീണ്‍ തെഗാഡിയ ഇതേക്കുറിച്ചു പറഞ്ഞത്. കോടതിയില്‍ സത്യസന്ധമായ ഒരു വിധി വന്നാലും മുസ്‌ലിംകള്‍ക്ക് മസ്ജിദ് ഭൂമി വിട്ടു നല്‍കില്ലെന്ന ധ്വനി അതിലടങ്ങിയിട്ടുണ്ട്. ന്യായത്തിന്റെ പിന്‍ബലമില്ലാതെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പിടിച്ചെടുത്ത ഭൂമിയില്‍ തന്റെ പേരില്‍ ക്ഷേത്രം നിര്‍മിക്കുന്നത് രാമന്‍ ഇഷ്ടുമോ എന്തോ? കോടതി വിധിക്ക് കാത്തു നില്‍ക്കാതെ രാമക്ഷേത്ര നിര്‍മാണത്തിന് നിയമനിര്‍മാണം നടത്തണമെന്നാവശ്യം ഉയര്‍ന്നുവന്നിരുന്നു. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇതു സംബന്ധിച്ച് നിയമനിര്‍മാണം സാധ്യമല്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. ഇതൊക്കെയാണെങ്കിലും തിരഞ്ഞെടുപ്പുകളുടുക്കുമ്പോള്‍ പ്രശ്‌നം ക്ഷേത്രനിര്‍മാണം സജീവ ചര്‍ച്ചയാകണമെന്നത് ബി ജെ പിയുടെ ആവശ്യമാണ്.