മേര്‍സ്: ദക്ഷിണ കൊറിയയില്‍ 2,000ത്തോളം സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവ്

Posted on: June 8, 2015 11:02 pm | Last updated: June 8, 2015 at 11:02 pm

mers-virusസിയൂള്‍: ദക്ഷിണ കൊറിയയില്‍ മെര്‍സ് രോഗം പടരാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി രാജ്യവ്യാപകമായി 2,000ത്തോളം സ്‌കൂളുകള്‍ അടക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. 23 പുതിയ കേസുകള്‍കൂടി ആരോഗ്യമന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മെര്‍സ് രോഗബാധിതരുടെ എണ്ണം 87 ആയി. രോഗം കണ്ടെത്തിയതു മുതല്‍ ഇതുവരെ ആറ് പേര്‍ മരിച്ചിട്ടുണ്ട്. രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്. രോഗബാധിതരെന്ന് സംശയിക്കുന്നവരെ നിരീക്ഷിച്ചുവരികയാണെന്നും എന്നാല്‍ ചിലര്‍ അന്യരില്‍നിന്നും അകന്നുനില്‍ക്കണമെന്ന നിര്‍ദേശം അവഗണിക്കുകയാണെന്നും രോഗ നിയന്ത്രണ-പ്രതിരോധ കേന്ദ്രത്തിലെ ജിഓങ് യുന്‍ ക്യോങ് പറഞ്ഞു. ചിലര്‍ നിര്‍ദേശം ലംഘിക്കുന്നതായി ഇവരുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്താണ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സഊദി കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മെര്‍സ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള രാജ്യമാണ് ദക്ഷിണ കൊറിയയെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. രക്ഷിതാക്ക ളുടേയും പൊതുജനങ്ങളുടേയും ആശങ്കയെത്തുടര്‍ന്നാണ് 1,869 സ്‌കൂളുകള്‍ അടച്ചുപൂട്ടിയതെന്ന് വിദ്യഭ്യാസ മന്ത്രി പറഞ്ഞു. അതേസമയം രോഗവ്യാപനത്തിനെതിര സര്‍ക്കാര്‍ നടപടികള്‍ ഫലപ്രദവും സുതാര്യവുമല്ലെന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്. 2,300 ഓളം പേര്‍ ആരോഗ്യകേന്ദ്രങ്ങളിലും സ്വന്തം വീടുകളിലുമായി മറ്റുള്ളവരുമായി ഇടപെടാതെ കഴിയുന്നുണ്ട്.