യു എ ഇയില്‍ സ്വകാര്യ മേഖലയിലെ ജോലിക്കാരില്‍ പകുതിയും ദുബൈയില്‍

Posted on: June 8, 2015 6:04 pm | Last updated: June 8, 2015 at 6:04 pm

3അബുദാബി: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 47.5 ശതമാനവും ദുബൈയിലാണെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക്. 20.9 ലക്ഷം പേരാണ് ദുബൈയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. 2014 അവസാനം വരെയുള്ള കണക്കാണിത്.
ദുബൈക്ക് ശേഷം അബുദാബിയിലാണ് ഏറ്റവും കൂടുതല്‍ വിദേശ ജോലിക്കാരുള്ളത്. 13.6 ലക്ഷം പേര്‍. രാജ്യത്തെ മൊത്തം വിദേശതൊഴിലാളികളുടെ 31.6 ശതമാനം വരുമിത്. ഷാര്‍ജയില്‍ 12, അജ്മാന്‍ 8.4, റാസല്‍ ഖൈമ 2.5, ഫുജൈറ 1.7 ഉമ്മുല്‍ ഖുവൈന്‍ 0.7 എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകളിലുള്ള സ്വകാര്യ മേഖലയിലുള്ള തൊഴിലാളികളുടെ സാന്നിധ്യത്തിന്റെ ശതമാനം. മന്ത്രാലയത്തിന്റെ 2014ലെ കണക്കനുസരിച്ച് 44.17 ലക്ഷം വിദേശ ജോലിക്കാരാണ് രാജ്യത്ത് ആകെയുള്ളത്. മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം 3.13 ലക്ഷം വരും. മന്ത്രാലയ രേഖകള്‍ പ്രകാരം ആകെയുള്ള വിദേശ ജോലിക്കാരില്‍ 13.18 ലക്ഷം പേരാണ് ‘സ്‌കില്‍ഡ് ലേബേഴ്‌സ്’ആയുള്ളത്. ആകെയുള്ളതിന്റെ 29.8 ശതമാനം മാത്രമാണിത്. ബാക്കിയുള്ളവരെല്ലാം അണ്‍ സ്‌കില്‍ഡ് ലേബേഴ്‌സാണ്. ആകെയുള്ള 44 ലക്ഷത്തിലധികം വരുന്ന വിദേശ ജോലിക്കാരില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ്. 3.77 ലക്ഷം മാത്രമാണ് സ്ത്രീകളുള്ളത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിദേശ ജോലിക്കാര്‍ പണിയെടുക്കുന്നത്. 14.78 ലക്ഷം വരും ഇവരുടെ എണ്ണം. വൈദ്യുതി, വെള്ളം, ഗ്യാസ് എന്നിവയുമായി ബന്ധപ്പെട്ട സ്വകാര്യ സംരംഭങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഏറ്റവും കുറവ്. 5700 പേര്‍ മാത്രം.
രാജ്യത്തെ മൊത്തം വിദേശ ജോലിക്കാരെ രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ തരം തിരിക്കുമ്പോള്‍ ഇന്ത്യ തന്നെയാണ് മുന്നിലുള്ളത്.