ഫ്രൈഡേ മാര്‍ക്കറ്റ് പുനഃനിര്‍മാണം ആരംഭിച്ചു

Posted on: June 5, 2015 8:00 pm | Last updated: June 5, 2015 at 8:24 pm

ഫുജൈറ: ഫ്രൈഡേ മാര്‍ക്കറ്റില്‍ കത്തിനശിച്ച കടകള്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഫുജൈറ നഗരസഭ അറിയിച്ചു. സുരക്ഷാസന്നാഹങ്ങള്‍ സ്ഥാപിച്ചുകൊണ്ടായിരിക്കും കടകള്‍ പുനര്‍നിര്‍മിക്കുക. ഇതിനായി ഫുജൈറ അഗ്‌നിശമന വിഭാഗം സഹകരിക്കും. അഗ്‌നിബാധയെത്തുടര്‍ന്ന് മാര്‍ക്കറ്റ് സന്ദര്‍ശിച്ച ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി കടകള്‍ പുനര്‍നിര്‍മിക്കാന്‍ ഉത്തരവിട്ടിരുന്നു. നഷ്ടം സംഭവിച്ചവര്‍ക്ക് മതിയായ സഹായമെത്തിക്കാനും ശൈഖ് നിര്‍ദേശിച്ചു.
ഇരുവിഭാഗവും ചേര്‍ന്നുഫലപ്രദമായ സുരക്ഷാസംവിധാനമായിരിക്കും മാര്‍ക്കറ്റില്‍ സ്ഥാപിക്കുക. കാര്‍പ്പെറ്റുകളും ഫര്‍ണിച്ചറുകളും അടക്കമുള്ള, പെട്ടെന്ന് തീപിടിക്കാവുന്ന വസ്തുക്കളുടെ സാന്നിധ്യവും കനത്ത ചൂടും കാറ്റുമാണ് മാര്‍ക്കറ്റില്‍ വലിയ അഗ്‌നിബാധയുണ്ടാകാന്‍ കാരണമായത്. ചരക്കുകള്‍ സൂക്ഷിച്ചിരുന്നത് ശരിയായ രീതിയില്‍ ആയിരുന്നില്ല എന്നതും തീ പടരാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരത്തിലൊരു അപകടം ഇനിയും ആവര്‍ത്തിക്കാത്ത വിധത്തിലായിരിക്കും സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുകയെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ അലി ഉബൈദ് അല്‍ തിനൈജി വ്യക്തമാക്കി. സുരക്ഷാസംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാണോയെന്ന് ഉറപ്പുവരുത്താന്‍ ഫ്രൈഡേ മാര്‍ക്കറ്റിലും ഫുജൈറയിലെ മറ്റു മാര്‍ക്കറ്റുകളിലും ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അപകടസ്ഥലത്തുനിന്ന് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചതായി ഫുജൈറ പോലീസ് ഉപമേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് ബിന്‍ യാന വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയുണ്ടായ അഗ്‌നിബാധയില്‍ 11 കടകളാണ് കത്തിനശിച്ചത്. ലക്ഷക്കണക്കിന് ദിര്‍ഹമിന്റെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.