Connect with us

Kerala

മാഗിക്ക് കേരളത്തിന്റെ ക്ലീന്‍ചിറ്റ്;ആരോഗ്യത്തിന് ഹാനികരമായി ഒന്നുമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി

Published

|

Last Updated

തിരുവനന്തപുരം: മാഗി ന്യൂഡില്‍സിന് കേരളത്തിന്റെ ക്ലീന്‍ ചിറ്റ്. ആരോഗ്യത്തിന് ഹാനികരമായ ഒന്നും മാഗി നൂഡില്‍സില്‍ കണ്ടെത്താനായില്ലെന്ന സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. മാഗി നൂഡില്‍സിന്റെ ഗുണനിലവാര പരിശോധന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചത്. കേരളത്തില്‍ നിന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി വി അനുപമയാണ് യോഗത്തില്‍ പങ്കെടുത്തത്. മാഗി നൂഡില്‍സിലെ ടേസ്റ്റ് മേക്കറില്‍ ലെഡ്, അജിനോമോട്ടോ എന്നിവയുടെ അളവ് അനുവദനീയമായതിലും കൂടുതല്‍ കണ്ടെത്തിയതിനാല്‍ നൂഡില്‍സ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുര്‍ന്നാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.
മാഗി നൂഡില്‍സിന്റെ അഞ്ച് സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഈയത്തിന്റെ അംശം അനുവദനീയമായതിലും കുറവായിരുന്നു. ഇതേത്തുടര്‍ന്ന്, ഭക്ഷ്യസുരക്ഷാവകുപ്പിന്റെ എറണാകുളത്തെ ലാബില്‍ പരിശോധിച്ച ശേഷം സാമ്പിളുകള്‍ അക്രഡിറ്റേഷനുള്ള സ്വകാര്യ ലാബിലും പരിശോധിച്ചു. എന്നാല്‍, നൂഡില്‍സ് സാമ്പിളുകളില്‍ പ്രശ്‌നം ഉള്ളതായി കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ബാച്ചിലെ സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചതെന്നും ഒരു മാസം തുടര്‍ച്ചയായി സാമ്പിളുകള്‍ പരിശോധിക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ അഷ്‌റഫ് പറഞ്ഞു.
അനുവദനീയമായതിലും കൂടുതല്‍ ഈയവും, അജിനാമോട്ടോയും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ മാഗി നൂഡില്‍സിനെതിരെ നിയമ നടപടികള്‍ ആരംഭിച്ചത്. എല്ലാ സംസ്ഥാനങ്ങളോടും സാമ്പിളുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിലെ ആദ്യ ഘട്ടപരിശോധനയിലും ഹാനികരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ചുവരികയാണെന്നാണ് എല്ലാ സംസ്ഥാനങ്ങളും വിശദീകരണം നല്‍കുന്നത്. വിശദ പരിശോധനാ ഫലം ലഭിച്ച ശേഷം നിരോധനം തുടരുന്ന കാര്യം ആലോചിക്കുമെന്നാണ് ഇവരുടെ നിലപാട്. പരിശോധനാ ഫലം സംബന്ധിച്ച അന്ധിമ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

Latest