പള്ളികള്‍ക്കുമുമ്പില്‍ വാഹനങ്ങള്‍ ക്രമം തെറ്റി നിര്‍ത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഷാര്‍ജ പോലീസ്

Posted on: June 4, 2015 7:12 pm | Last updated: June 4, 2015 at 7:12 pm

sharjah-policeഷാര്‍ജ: പള്ളികള്‍ക്കു മുമ്പില്‍ ക്രമം തെറ്റിയും വഴി മുടക്കിയും വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ഷാര്‍ജ പോലീസ് രംഗത്ത്. വിശുദ്ധ റമസാന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ആരാധനയുടെ പേരില്‍ വഴിമുടക്കികളാകുന്നവരെ ലക്ഷ്യം വെച്ചാണ് പോലീസ് മുന്നറിയിപ്പുമായി എത്തിയത്.
ക്രമം തെറ്റിയും വഴിമുടക്കിയും വാഹനം നിര്‍ത്തി പോകുന്നവര്‍ക്ക് 200 മുതല്‍ 500 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. അടുത്ത വെള്ളി മുതലാണ് പിഴ പ്രാബല്യത്തിലാവുക. വെള്ളിയാഴ്ച ജുമുഅ നിസ്‌കാര സമയത്തും റമസാനിലെ രാത്രിയിലെ പ്രത്യേക നിസ്‌കാരമായ തറാവീഹിന്റെ സമയത്തും പള്ളികള്‍ക്കുമുമ്പില്‍ അലക്ഷ്യമായി വാഹനം നിര്‍ത്തിപോകുന്നവരെയാണ് പോലീസ് പുതിയ മുന്നറിയിപ്പിലൂടെ ലക്ഷ്യമാക്കുന്നത്.
വഴിമുടക്കുന്ന രീതിയില്‍ വാഹനം നിര്‍ത്തുന്നവര്‍ക്ക് 200 ദിര്‍ഹവും നടുറോഡില്‍ നിര്‍ത്തിപോകുന്നവര്‍ക്ക് 500 ദിര്‍ഹവുമാണ് പിഴ. ഇതിനു പുറമെ നാല് ബ്ലാക്ക് പോയിന്റും ഇവരുടെ പേരില്‍ രേഖപ്പെടുത്തും. ഷാര്‍ജ ട്രാഫിക് വിഭാഗം ഡയറക്ടര്‍ കേണല്‍ അഹ്മദ് ബിന്‍ ദര്‍വീശ് വിശദീകരിച്ചു. ആരാധനകള്‍ക്കെത്തുന്നവരും അല്ലാത്തവരുമെല്ലാം നിയമത്തെ ബഹുമാനിക്കാന്‍ കടപ്പെട്ടവരാണ്. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു നീക്കവും ഒരാളില്‍ നിന്നും ഉണ്ടാകരുത്. നിശ്ചിത സ്ഥലങ്ങളില്‍ ക്രമമായി മാത്രമെ ആരാധനകള്‍ക്കെത്തുന്നവരും വാഹനങ്ങള്‍ നിര്‍ത്തിയിടാവൂ, ബിന്‍ ദര്‍വീശ് ആവശ്യപ്പെട്ടു.