സല്‍മാന്‍ ഖുര്‍ശിദിന്റെ ട്രസ്റ്റിലെ ക്രമക്കേട് അന്വേഷിക്കാന്‍ സി ബി ഐ വിസമ്മതിച്ചു

Posted on: June 4, 2015 5:43 am | Last updated: June 3, 2015 at 11:44 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ശിദിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാന്‍ സി ബി ഐ വിസമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സി ബി ഐ കേന്ദ്ര സര്‍ക്കാറിന്റെ ശിപാര്‍ശ തള്ളിയത്. യു പി സര്‍ക്കാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തങ്ങള്‍ കാത്തിരിക്കുകയാണെന്ന് സി ബി ഐ അറിയിച്ചതായി കേന്ദ്ര സാമൂഹിക നീതി മന്ത്രി തവര്‍ ചന്ദ് ഗഹലോട്ട് മാധ്യമപ്രവര്‍ത്തതകരോട് പറഞ്ഞു.
അതേസമയം ബി ജെ പി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് വിരുദ്ധ പാര്‍ട്ടികള്‍ ആയുധമാക്കിയിരുന്ന ക്രമക്കേടില്‍ കേന്ദ്ര ഏജന്‍സി നിലപാട് അറിയിച്ചത് ഖുര്‍ശിദിന് ആശ്വാസമായിരിക്കുകയാണ്. സല്‍മാന്‍ ഖുര്‍ശിദും ഭാര്യ ലൂയിസും നേതൃത്വം നല്‍കുന്ന സക്കീര്‍ ഹുസൈന്‍ മെമ്മോറിയല്‍ ട്രസ്റ്റില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണം കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്താണ് ഉയര്‍ന്നു വന്നത്.
സംഭവം ബി ജെ പിയുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കി. എന്നാല്‍ തന്റെ ഭാഗത്ത് വീഴ്ചയുണ്ടായില്ലെന്ന് ഖുര്‍ശിദും ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം ആരംഭിച്ചത്. ഇതിനിടെ കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ക്രമക്കേടിനെ കുറിച്ചന്വേഷിക്കാന്‍ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സി ബി ഐയോടാവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ അഭ്യര്‍ഥന സി ബി ഐ നിരസിച്ചത് സര്‍ക്കാറിന് കനത്ത തിരിച്ചടിയായി. അതേസമയം അന്വേഷണം ത്വരിതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാറിന് കത്തെഴുതിയതായി മന്ത്രി ഗഹലോട്ട് പറഞ്ഞു.