ട്രോളിംഗ് നിരോധം ലംഘിച്ച് പ്രതാപന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ കടലില്‍ മീന്‍പിടിത്തം

Posted on: June 4, 2015 5:12 am | Last updated: June 3, 2015 at 11:14 pm
tsr tn prathapan 2
ട്രോളിംഗ് നിരോധന ഉത്തരവിനെതിരെ ടി എന്‍ പ്രതാപന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ കടലില്‍ മീന്‍ പിടിക്കുന്നു

ഏങ്ങണ്ടിയൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ട്രോളിംഗ് നിരോധന ഉത്തരവിനെതിരെ ടി എന്‍ പ്രതാപന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ കടലില്‍ നിയമലംഘന സമരം നടത്തി.
രാവിലെ ചേറ്റുവ ഏങ്ങണ്ടിയൂര്‍ ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ ബിലാല്‍ വള്ളത്തിന്റെ ഉടമ ഷൗക്കത്തലി വള്ളത്തിന്റെ പങ്കായം സമരം നയിക്കുന്ന ടി എന്‍ പ്രതാപന്‍ എം എല്‍ എക്ക് കൈമാറി. തുടര്‍ന്ന് മത്സ്യത്തൊഴിലാളിയുടെ തൊപ്പിയും അദ്ദേഹത്തെ അണിയിച്ചു. കടലില്‍ നിന്ന് ഘട്ടംഘട്ടമായി മത്സ്യത്തൊഴിലാളികളെ ആട്ടിപ്പായിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് എം എല്‍ എ പറഞ്ഞു. തുടര്‍ന്ന്് എം എല്‍ എയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ കടലിലേക്ക് പുറപ്പെട്ടു.
12 നോട്ടിക്കല്‍ മൈല്‍ ദൂരം മറികടന്ന സംഘം 15 നോട്ടിക്കല്‍ മൈല്‍ ദൂരം വരെയെത്തി മത്സ്യബന്ധനം നടത്തി. ലഭിച്ച മത്സ്യങ്ങള്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ്രപര്‍ത്തകര്‍ ചേറ്റുവ ഫിഷ് ലാന്റിംഗ് സെന്ററില്‍ വിതരണം ചെയ്തു. 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തിനപ്പുറത്ത് മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കിയത്. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ ഡി വീരമണി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ദിലീപ്കുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസന്‍, ജില്ലാ പഞ്ചായത്ത് അംഗം സി എം നൗഷാദ് സമരത്തില്‍ പങ്കെടുത്തു.