Connect with us

Editorial

ട്രോളിംഗ്ഇളവ് സ്വാഗതാര്‍ഹം

Published

|

Last Updated

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 61 ദിവസത്തെ ട്രോളിംഗ് നിരോധത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്നലെ ഇളവ് പ്രഖ്യാപിച്ചതോടെ ഇതുമായി ബന്ധപ്പെട്ടു കേന്ദ്രവും കേരളവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവായിരിക്കുകയാണ്. കേന്ദ്ര സമുദ്രമത്സ്യബന്ധന ഗവേഷണ കേന്ദ്രം ഡയറക്ടറായിരുന്ന ഡോ. സെയ്ദറാവു കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്രം പ്രഖ്യാപിച്ച 61 ട്രോളിംഗ് നിരോധം കേരളത്തിന് ബാധകമാക്കരുതെന്നും സംസ്ഥാനം മുന്‍കാലങ്ങളില്‍ നടപ്പാക്കിയത് പോലെ ഈ വര്‍ഷവും ജൂണ്‍ 14 മുതലേ ട്രോളിംഗ് നിരോധം നടപ്പാക്കുകയുള്ളൂവെന്നും കേരളം വ്യക്തമാക്കിയിരുന്നു. കേന്ദ്രം പക്ഷേ, ഈ ആവശ്യം തള്ളിയതായിരുന്നു. ഇതെതുടര്‍ന്ന് കേരളത്തില്‍ ഉടലെടുത്ത പ്രക്ഷോഭവും കേന്ദ്ര ഉത്തരവ് അവഗണിച്ചു മത്സ്യബന്ധനം നടത്തുമ്പോള്‍ ഉടലെടുത്തേക്കാവുന്ന സംഘര്‍ഷാവസ്ഥയും മുന്നില്‍ കണ്ടാണ് ഇളവ് അനുവദക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. ജൂണ്‍ ഒന്ന് മുതല്‍ കേരളത്തിന്റെ അധികാര പരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ ദൂരപരിധി മറികടന്നു മത്സ്യബന്ധനം നടത്തിയാല്‍ അറസ്റ്റും ബോട്ട് പിടിച്ചെടുക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേന്ദ്രത്തിന്റെ ആദ്യ ഉത്തരവ് മറികടന്നു ജൂണ്‍ 14 വരെ 12 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയില്‍ മത്സ്യബന്ധനം നടത്താന്‍ കേരള തീരത്ത് നിന്നുള്ള ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും സംസ്ഥാനം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ ദൂരപരിധി മനസ്സിലാക്കാന്‍ സാധാരണ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയാസമാണ്. ഫിഷറീസ് വകുപ്പ് അവര്‍ക്ക് പരിധി അടയാളപ്പെടുത്തിയ ഭൂപടങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അത് നോക്കി അതിര്‍ത്തി തിട്ടപ്പെടുത്താന്‍ ഭൂരിഭാഗം പേര്‍ക്കും അറിയില്ല. പലപ്പോഴും ദിശ മാറി ഓടേണ്ടി വരുന്നതിനാല്‍ ബോട്ടുകളിലെ സ്പീഡോ മീറ്റര്‍ അതിര്‍ത്തി നിര്‍ണയത്തില്‍ പ്രായോഗികവുമല്ല. ഈ സാഹചര്യത്തില്‍ മനഃപൂര്‍വമല്ലാത്ത പരിധി ലംഘനം സംഭവിക്കാന്‍ സാധ്യതയേറെയായിരുന്നു. പുതിയ ഉത്തരവ് വന്നതോടെ ഈ സങ്കീര്‍ണത ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മണ്‍സൂന്‍ കാലം മത്സ്യങ്ങളുടെ പ്രജനന ഘട്ടമായതിനാല്‍ മത്സ്യസമ്പത്ത് കുറയാതിരിക്കാനാണ് മണ്‍സൂണ്‍ കാലവയളവില്‍ മത്സ്യബന്ധനം നിരോധിക്കുന്നതെന്നാണ് പറയപ്പെടുന്നത്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ഈ വിലക്ക് വിദേശ ട്രോളറുകള്‍ക്ക് ബാധകമല്ലെന്നതാണ് വിചിത്രം. ട്രോളിംഗ് നിരോധ കാലത്ത് ഇന്ത്യന്‍ സമുദ്രതീരങ്ങളില്‍ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ പോലും അതിക്രമിച്ചു കയറി മത്സ്യബന്ധനം നടത്താറുണ്ട് വിദേശ യാനങ്ങള്‍. ആഴക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ വാങ്ങുന്ന ലെറ്റര്‍ ഓഫ് പെര്‍മിറ്റ് ഉപയോഗിച്ച് വിദേശ യാനങ്ങള്‍ തീരക്കടലില്‍ വന്ന് മീന്‍ പിടിക്കുന്നത് പതിവാണ്. അത് തടയാനോ നടപടിയെടുക്കാനോ കോസ്റ്റ് ഗാര്‍ഡ് സന്നദ്ധമാകാറില്ല. പ്രജനനകാലമായതു കൊണ്ടാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ മത്സ്യബന്ധനം നിരോധിക്കുന്നതെങ്കില്‍ അത് എല്ലാവര്‍ക്കും ബാധമാകേണ്ടതല്ലേ? വര്‍ഷം തോറും ട്രോളിംഗ് നിരോധം പ്രഖ്യാപിച്ചിട്ടും രാജ്യത്ത് സമുദ്ര മത്സ്യസമ്പത്ത് കുറയുകയാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. 1988ലാണ് ട്രോളിംഗ് നിരോധം തുടങ്ങിയത്. ആദ്യ വര്‍ഷങ്ങളില്‍ മത്സ്യലഭ്യതയില്‍ ഇത് ഇരട്ടിയിലധികം വര്‍ധനയുണ്ടാക്കിയെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. അതേസമയം 2010 മുതല്‍ കുറഞ്ഞുവരികയാണ്. 2014ല്‍ ഇന്ത്യന്‍ സമുദ്രതീരത്തു നിന്നു ലഭിച്ചത് 3.59 ദശലക്ഷം ടണ്‍ സമുദ്ര മത്സ്യമാണ്. 2013ലെ ലഭ്യതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അഞ്ച് ശതമാനം കുറവാണെന്നാണ് കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ മേധാവി ഡോ. എ ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തിയത്. ട്രോളിംഗ് നിയമങ്ങള്‍ പാലിക്കാതെയുള്ള അനിയന്ത്രിത മത്സ്യബന്ധനം മൂലമാണ് മത്സ്യസമ്പത്ത് അപകടകരമാംവിധം കുറയുന്നതെന്നാണ് ഫെബ്രുവരിയില്‍ കൊച്ചിയില്‍ ചേര്‍ന്ന ലോക സമുദ്രശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സമുദ്രശാസ്ത്രജ്ഞരുടെ സമ്മേളനം അഭിപ്രായപ്പെട്ടത്. ഇവിടെ നാടന്‍ മത്സ്യബന്ധന ബോട്ടുകള്‍ മാത്രമല്ല പ്രതിപ്പട്ടികയില്‍, വിദേശ ട്രോളറുകളുമുണ്ടെന്ന വസ്തുത സര്‍ക്കാര്‍ കാണാതെ പോകരുത്.
രാജ്യത്ത് പിടിക്കുന്ന മത്സ്യസമ്പത്തില്‍ 18 ശതമാനത്തോളം കേരളത്തിന്റെ വിഹിതമാണ്. കേരളത്തിന്റെ കടലോരം വെറും 7.5 ശതമാനം മാത്രമാണെങ്കിലും ഇന്ത്യയിലെ മൊത്തം കടലോര മത്സ്യത്തൊഴിലാളികളില്‍ 17 ശതമാനവും കേരളീയരാണ്. 2013-14ലെ കണക്കനുസരിച്ച് സമുദ്ര മത്സ്യസമ്പത്തിന്റെ ഉത്പാദനത്തില്‍ കേരളമാണ് രണ്ടാം സ്ഥാനത്ത്. ഇതനുസരിച്ചു ഏറ്റവും ഉയര്‍ന്ന കടലോര മത്സ്യമേഖല സാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമായ കേന്ദ്ര നയങ്ങളെ അതിജീവിച്ചാണ് സംസ്ഥാനത്തിന്റെ മത്സ്യബന്ധന മേഖലയും കടലോര ജനതയും മുന്നോട്ടുപോകുന്നത്. ജൂണ്‍ ആദ്യപകുതിയില്‍ ട്രോളിംഗ് നിരോധം ആരംഭിക്കുന്നതിനു മുമ്പായി കാണപ്പെടാറുള്ള ചെമ്മീന്‍ ചാകര പരമ്പരാഗത മത്സത്തൊഴിലാളികളുടെ വലിയൊരു പ്രതീക്ഷയാണ്. ഇതുവഴിയാണ് പലരും ഒരു വര്‍ഷത്തെ കടം വീട്ടുന്നതും തുടര്‍ജീവിതം കരുപ്പിടിപ്പിക്കുന്നതും. ഈ പ്രതീക്ഷ നഷ്ടപ്പെടുത്താത്ത വിധം ട്രോളിംഗ് നിരോധ കാലാവധി ക്രമീകരിക്കണമെന്നാണ് പരമ്പരാഗത തൊഴിലാളികളുടെ ആവശ്യം.