Connect with us

Articles

പാഠപുസ്തകം ഡിജിറ്റല്‍ മതിയോ, പിന്നെന്ത് വിദ്യാഭ്യാസ അവകാശം?

Published

|

Last Updated

“ഈ അധ്യയന വര്‍ഷം തന്നെ ഡിജിറ്റല്‍ പാഠപുസ്തകവും അധ്യയന സമ്പ്രദായവും നടപ്പാക്കുകയാണ്. പഠനത്തിന് വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തും. ഏതൊരു വിഷയത്തിന്റെയും എല്ലാ കാര്യങ്ങളും ഇനി വിദ്യാര്‍ഘികളുടെ വിരല്‍ത്തുമ്പില്‍ ലഭിക്കും. പാഠപുസ്തകത്തിന്റെ പ്രാധാന്യം കുറയും””. വിദ്യാഭ്യാസ വകുപ്പുമന്ത്രി പി കെ അബ്ദുര്‍റബ്ബ് ജൂണ്‍ ഒന്നിന് എഴുതിയ ലേഖനത്തില്‍ പറയുന്ന കാര്യങ്ങളാണ് അവ. പാഠപുസ്തകത്തിന്റെ സ്ഥാനത്ത് ഡിജിറ്റല്‍ പാഠപുസ്തകവും അധ്യയന സമ്പ്രദായവും വന്നാല്‍ ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തന്നെ അവസാനിപ്പിക്കാന്‍ കഴിയുമല്ലോ.
വിദ്യാഭ്യാസ പരിഷ്‌ക്കാരത്തിന്റെ മര്‍മപ്രധാനമായ ആ ഭാഗം വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുമ്പായി സമകാലിക സ്‌കൂളിംഗ് നേരിടുന്ന പ്രതിസന്ധികളില്‍ സുപ്രധാനമായ പാഠപുസ്തകമില്ലായ്മയെക്കുറിച്ച് നോക്കാം.
സംസ്ഥാനത്ത് ആകെ ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം രണ്ട് കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം ആണ്. അവയില്‍ പരിഷ്‌ക്കരിച്ച പുതിയ പാഠപുസ്തകങ്ങളായ 2, 4, 6, 8 ക്ലാസുകളിലെ പുസ്തകങ്ങളും ഉള്‍പ്പെടും. കെ ബി പി എസ് ആണ് അതിലെ മുക്കാല്‍ പങ്കും അച്ചടിക്കാമെന്ന് എടുത്തിരുന്നത്. അവര്‍ക്ക് കഴിയാത്ത പുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസ്സിലും ഏല്‍പ്പിച്ചുകൊടുത്തു. പക്ഷേ, അച്ചടി പൂര്‍ത്തിയായിട്ടില്ല. അച്ചടി കഴിഞ്ഞാല്‍ ബയ്ന്റിംഗ്, അതിനു ശേഷം വിതരണം. സ്‌കൂളില്‍ പുസ്തകമെത്താന്‍ ഒരു മാസമെങ്കിലും കഴിയണം. ജൂണ്‍ ഒന്നിന് പുസ്തകം അച്ചടിച്ച് നല്‍കുമെന്ന വാഗ്ദാനം പാഴ്‌വാക്കായി.
വളരെ വൈകി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പ്രിന്റിംഗ് മെറ്റീരിയല്‍ കെ ബി പി എസിനെ ഏല്‍പ്പിച്ചത് എന്നതില്‍ നിന്നു തന്നെ അച്ചടി പൂര്‍ത്തിയാകാത്തതിന് കാരണമെന്തെന്ന് വ്യക്തം. സമയബന്ധിതമായി പാഠപുസ്തക നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സംവിധാനമൊരുക്കാന്‍ എന്തുകൊണ്ട് സര്‍ക്കാറിന് കഴിയാതെപോയി? സ്വകാര്യ വിദ്യാലയങ്ങള്‍ മെയ് മാസം തന്നെ പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ടല്ലോ. അപ്പോള്‍ ആ ഒരു ഗൗരവസമീപനം സര്‍ക്കാര്‍ അധികാരികള്‍ സ്വീകരിച്ചിട്ടില്ലായെന്നതു തന്നെയാണ് പ്രശ്‌നകാരണം. കാലേക്കൂട്ടി ചെയ്യേണ്ട കാര്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് വീഴ്ച വരുത്തിയിരിക്കുന്നു.
മെച്ചപ്പെട്ട പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്തു പുറത്തിറക്കുമ്പോഴും അതിനെ ആസ്പദമാക്കിയ ബോധനം ആസൂതണം ചെയ്യുന്നില്ലെന്ന പ്രശ്‌നം ബാക്കിയാണ്. പാഠപുസ്തകങ്ങള്‍ പുതിയ പാഠ്യപദ്ധതിയുടെ നിര്‍ണായക ഘടകവുമല്ല. പാഠപുസ്തകം ഇല്ലെങ്കിലും അധ്യയനം നടത്താം, പുതിയ പാഠ്യപദ്ധതി സങ്കല്‍പ്പമനുസരിച്ച്. അതുകൊണ്ട് ഒന്നോ രണ്ടോ മാസം അച്ചടി വൈകിയാലും അത് അത്ര ഗൗരവമുള്ള പ്രശ്‌നമായി അധികാരികള്‍ എടുക്കുന്നില്ല. എന്നു മാത്രമല്ല; പാഠപുസ്തകം പ്രധാനമല്ലാത്ത ഒരു വിദ്യാഭ്യാസ പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതത്രെ.
ആധുനിക സാങ്കേതിക വിദ്യയുടെ ചിറകില്‍ ഡിജിറ്റല്‍ പാഠപുസ്തകങ്ങളും ഓണ്‍ലൈന്‍ ബോധനവും മറ്റും വ്യാപകമാവുന്നതോടെ, പാഠപുസ്തകം അപ്രധാനമാകുമെന്ന പ്രഖ്യാപനമാണ് വിദ്യാഭ്യാസവകുപ്പുമന്ത്രി നടത്തുന്നത്. പക്ഷേ, പ്രധാനപ്പെട്ട ചോദ്യം ഔപചാരിക ബോധനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠപുസ്തകം എന്ന ഘടകത്തിന് പകരമായിട്ടാണോ ഈ ഡിജിറ്റിലൈസേഷന്‍? എങ്കിലത് അപകടകരമായ നിരവധി സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
ഒന്ന്, ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തെ അത് വെല്ലുവിളിക്കും. രണ്ട്, അനൗപചാരിക വിദ്യാഭ്യാസത്തെ അത് വ്യവസ്ഥാപിതമാക്കും. മൂന്ന്, സ്‌കൂളിംഗിന് പകരം ഡീ-സ്‌കൂളിംഗിന്റെ വാതില്‍ തുറക്കപ്പെടും. നാല്, പൊതുവിദ്യാലയ നടത്തിപ്പു ചുമതലയില്‍ നിന്ന് ഭരണകൂടത്തിന് വളരെയെളുപ്പം പിന്മാറാന്‍ അത് അവസരമൊരുക്കും. അഞ്ച്, കുട്ടികള്‍ക്ക് പഠിക്കാന്‍ അച്ചടിച്ച പാഠപുസ്തകം ആവശ്യമില്ലായെന്ന വിചാരം അതിലൂടെ പ്രബലമായാല്‍ വിജ്ഞാനസമ്പാദന ലക്ഷ്യങ്ങളെ തന്നെ അത് അട്ടിമറിക്കും.
എന്നാല്‍ മറുവശത്ത്, സ്വകാര്യ സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാലയങ്ങള്‍ അച്ചടിച്ച പുസ്തകങ്ങള്‍ യഥാസമയം നല്‍കി സമാന്തര സ്വാശ്രയ വിദ്യാഭ്യാസ ശൃംഖല പടുത്തുയര്‍ത്തുന്നതാണ് കാണുന്നത്. പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മികച്ച ഉള്ളടക്കം പ്രദാനം ചെയ്യുന്ന പുസ്തകങ്ങള്‍ സര്‍ക്കാര്‍ നല്‍കാത്ത അവസ്ഥയാണ് വിദ്യാഭ്യാസ അവകാശനിഷേധം. അങ്ങനെ നോക്കിയാല്‍, കേരളസര്‍ക്കാര്‍ നടത്തുന്നത് അവകാശധ്വംസനം തന്നെയല്ലേ?
പൊതുവിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ്സില്‍ ഈ വര്‍ഷം 3 ലക്ഷം കുട്ടികള്‍ മാത്രമാണ് പുതുതായി ചേര്‍ന്നത്. അഞ്ച് ലക്ഷം കുട്ടികളാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേര്‍ന്നുകൊണ്ടിരുന്നതെന്ന് ഓര്‍ക്കുക. കൊഴിഞ്ഞുപോക്ക് തടയാന്‍ സര്‍ക്കാര്‍, ലോകബാങ്കിന്റെ സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി നടപ്പാക്കി കഴിഞ്ഞപ്പോഴാണ് രണ്ട് ലക്ഷം കുട്ടികള്‍ കുറഞ്ഞത്. മറുവശത്തു അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നര ലക്ഷം കുട്ടികള്‍ ചേര്‍ന്നിട്ടുമുണ്ട്.
വാസ്തവത്തില്‍, പാഠപുസ്തകത്തിന്റെ അച്ചടിയിലെ കാലതാമസം മാത്രമല്ല പ്രശ്‌നം. പുതിയ പരിഷ്‌കാരങ്ങളും പഠനരീതികളും ഔപചാരിക പൊതുവിദ്യാഭ്യാസത്തിന് മേല്‍ ഏല്‍പ്പിക്കാന്‍ പോകുന്ന ആഘാതങ്ങളാണ് പരമപ്രധാനം. ഉള്ളടക്കവും ബോധനവും ഇഴപിരിയ്ക്കാന്‍ കഴിയാത്ത വണ്ണം ബന്ധപ്പെട്ട ഘടകങ്ങളാണ് എന്ന നിലയില്‍ പരിശോധിക്കുമ്പോള്‍ പാഠപുസ്തകമില്ലായ്മ സ്‌കൂള്‍ ക്ലാസുകളിലെ അധ്യാപനം അസാധ്യമാക്കുമെന്ന കാര്യം ഉറപ്പാണ്. പ്രാഥമിക ക്ലാസുകളില്‍ ഭാഷാ പരിജ്ഞാനം ഉറയ്ക്കുന്നില്ലെങ്കില്‍, ഉയര്‍ന്ന ക്ലാസുകളില്‍ കുട്ടി പരാജയപ്പെടും. വിശേഷിച്ചും ഭാവി ജീവിത വഴിയില്‍ അവന്‍ മുടന്തും. വിജ്ഞാനത്തിന്റെ ഉറച്ച അടിത്തറ പാകാന്‍ പുതിയ സമ്പ്രദായങ്ങള്‍ക്കു കഴിയാത്തത് അതിന്റെ ആന്തരിക ദൗര്‍ബല്യം വിളിച്ചോതുന്നുമുണ്ട്.
ഓണ്‍ലൈന്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ എല്ലാം നേടാനാവുമെന്ന് വിചാരിച്ചാല്‍ മനുഷ്യനും മനുഷ്യത്വവും മൂല്യങ്ങളും എങ്ങനെ സൃഷ്ടിക്കപ്പെടും? ഡിജിറ്റല്‍ പാഠങ്ങള്‍ മതിയെങ്കില്‍, പിന്നെ വിദ്യാഭ്യാസ അവകാശത്തിന്റെ കാര്യമെന്ത്? അവനവന് വേണ്ടത് അവനവന്‍ കണ്ടെത്തിക്കോളുമല്ലോ. സര്‍ക്കാര്‍ മുതല്‍ മുടക്കി സ്‌കൂളും പാഠപുസ്തകവും മറ്റൊന്നും ഉണ്ടാക്കേണ്ട കാര്യമില്ല. എത്രയെളുപ്പത്തിലാണ് അധികാരികള്‍ ഔപചാരിക വിദ്യാഭ്യാസത്തിന് അന്ത്യം കുറിക്കുന്നത്. ആകെത്തുകയില്‍, വിദ്യാഭ്യാസ രംഗത്തെ നിരുത്തരവാദപരമായ അവസ്ഥാവിശേഷങ്ങളുടെ പ്രതിഫലനമാണ് കേരള വിദ്യാഭ്യാസ മണ്ഡലത്തില്‍ ഓരോ ദിനവും കണ്ടുകൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന മുദ്രാവാക്യം മുഴക്കി കൊണ്ടുതന്നെ പൊതുവിദ്യാലയങ്ങളുടെ അന്ത്യം വിദഗ്ധമായി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

 

---- facebook comment plugin here -----

Latest