അദാനി മാത്രം ടെന്‍ഡര്‍ നല്‍കിയതില്‍ ദുരൂഹത: വി എസ്

Posted on: June 3, 2015 7:38 pm | Last updated: June 3, 2015 at 11:39 pm

തിരുവനന്തപുരം: നാടിന്റെ താത്പ്പര്യം സംരക്ഷിച്ചും രാജ്യസുരക്ഷ ഉറപ്പാക്കിക്കൊണ്ടും വിഴിഞ്ഞം പദ്ധതി നടപ്പാക്കുകയാണ് വേണ്ടതെന്നും ഇതിനാവശ്യമായ കാതലായ മാറ്റങ്ങള്‍ കരാറില്‍ വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഒരു കമ്പനിയും ടെന്‍ഡര്‍ സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അദാനിയുമായി സംസാരിച്ച ശേഷം സ്‌റ്റേറ്റ് സപ്പോര്‍ട്ടായി 1635 കോടി രൂപ ആവശ്യപ്പെട്ട് ടെന്‍ഡര്‍ നല്‍കിയതിലും ദുരൂഹതയുണ്ട്. അദാനിയുമായി മുഖ്യമന്ത്രി സംസാരിച്ചത് കെ വി തോമസ് എം പിയുടെ വീട്ടില്‍ വെച്ചാണെന്ന് അദ്ദേഹം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുത്ത ഈ യോഗം ഔദ്യോഗികമാണെങ്കില്‍ അതിന്റെ മിനുട്‌സ് പുറത്ത് വിടണം. അല്ലാത്തപക്ഷം ഇതൊരു ഡീലിന്റെ ഉറപ്പിക്കലായി മാത്രമേ കാണാന്‍ കഴിയൂ. ലാന്റ് ലോര്‍ഡ് പോര്‍ട്ടാണെങ്കില്‍ നടത്തിപ്പില്‍ സര്‍ക്കാറിന് പങ്കുണ്ടാകും. പി പി പി മോഡലില്‍ സര്‍ക്കാറിന് പങ്കില്ല. ലാന്റ് ലോര്‍ഡ് പോര്‍ട്ട് മാതൃകയില്‍ രണ്ടാമത്തെതോ, മൂന്നാമത്തെതോ ഘട്ടങ്ങളില്‍ മറ്റ് സംരംഭകര്‍ക്കും ലേല നടപടികളില്‍ പങ്കെടുക്കാം. സ്വകാര്യ പോര്‍ട്ട് മാതൃകയില്‍ അതിന് അവസരമില്ല. കാരണം അടിസ്ഥാന സൗകര്യങ്ങള്‍ സ്വന്തമാക്കിയിരിക്കുത് ഡെവലപ്പറാണ്. ഇതിന് കുത്തക സ്വഭാവമാണ്. 2015-ലെ കസ്ട്രക്ഷന്‍ എഗ്രിമെന്റ് പ്രകാരം 15-ാം വര്‍ഷം മുതല്‍ ലഭിക്കുമെന്ന് പറയുന്ന തുറമുഖ വരുമാനത്തിന്റെ ഒരുശതമാനമെന്നത് സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ പലിശയുടെ ആയിരത്തിലൊന്ന് പോലും വരില്ല. വളരെ തന്ത്രപ്രധാനമായതും, കേരളത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക സ്ഥിതിയാകെ മാറ്റിമറിക്കുതുമായ വിഴിഞ്ഞം പ്രൊജക്ട് പൊതുമേഖലയില്‍ നിന്ന് മാറ്റി സ്വകാര്യമേഖലക്ക് നല്‍കാനുള്ള സര്‍ക്കാറിന്റെ നീക്കം അഴിമതിക്ക് മാത്രമാണ്.