പാമോയില്‍ കേസ് പരാമര്‍ശം: ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭാ യോഗത്തില്‍ രൂക്ഷ വിമര്‍ശനം

Posted on: June 3, 2015 12:53 pm | Last updated: June 3, 2015 at 11:56 pm

udfതിരുവനന്തപുരം: പാമോയില്‍ കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പരാമര്‍ശങ്ങളില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പാമോയില്‍ കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി പറഞ്ഞ കാര്യങ്ങള്‍ അനാവശ്യമാണ്. പ്രസ്താവ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും മന്ത്രിസഭായോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

സര്‍ക്കാരിനെ വെട്ടിലാക്കാന്‍ വേണ്ടിയാണ് ചീഫ് സെക്രട്ടറി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന്് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തില്‍ ചോദിച്ചു. വിഷയം മന്ത്രിസഭായോഗത്തില്‍ ആദ്യം ഉന്നയിച്ചതും ആഭ്യന്തരമന്ത്രിയാണ്. തുടര്‍ന്ന് മറ്റ് മന്ത്രിമാരും ചീഫ് സെക്രട്ടറിക്കെതിരെ രംഗത്തെത്തി. സര്‍ക്കാര്‍ അവസാന വര്‍ഷത്തേയ്ക്ക് കടന്നതോടെ ചീഫ് സെക്രട്ടറി പറഞ്ഞ വാക്കുകള്‍ ബോധപൂര്‍വമാണെന്ന് സംശയമുണ്ടെന്നും ചില മന്ത്രിമാര്‍ വിമര്‍ശിച്ചു.

എന്നാല്‍ താന്‍ സര്‍ക്കാരിനെ വെട്ടിലാക്കാന്‍ മനപൂര്‍വം ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറി വിശദീകരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ കേസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ ഭാഗം വിശദീകരിക്കുക മാത്രമാണ് ചെയ്തത്. ഇത് ഇത്തരത്തില്‍ വിവാദമാകുമെന്ന് കരുതിയില്ലെന്നും ജിജി തോംസണ്‍ പറഞ്ഞു.