Connect with us

Ongoing News

ഏഴ് മത്സരം, ബ്രസീലടിച്ചത് 39 ഗോളുകള്‍ !

Published

|

Last Updated

copa-1949_42oum546tp1c1xbu8xdzfdmx8

1949 കോപ അമേരിക്ക നേടിയ ബ്രസീല്‍ ടീം

Argentina_Copa_América_1957

1957 കോപ അമേരിക്ക നേടിയ അര്‍ജന്റീന ടീം

1947: ഇക്വഡോര്‍ വരുന്നു…
കോപയുടെ ഇരുപതാം പതിപ്പിന്റെ ആതിഥേയര്‍ ഇക്വഡോറായിരുന്നു. ഇക്വഡോറിലെ ഗയാക്വുലിലെ ഒരൊറ്റ സ്റ്റേഡിയത്തിലായിരുന്നു എല്ലാ മത്സരങ്ങളും. ഇക്വഡോര്‍ ആദ്യമായി പങ്കെടുത്ത കോപ ചാമ്പ്യന്‍ഷിപ്പെന്ന പ്രത്യേകതയുണ്ട്. ചാമ്പ്യന്‍മാരായത് അര്‍ജന്റീന. ഒമ്പതാം കിരീടം. ബ്രസീല്‍ പങ്കെടുത്തില്ല. പരാഗ്വെ (റണ്ണേഴ്‌സപ്പ്), ഉറുഗ്വെ (മൂന്നാംസ്ഥാനം), ചിലി (നാലാം സ്ഥാനം), പെറു (അഞ്ചാം സ്ഥാനം), ഇക്വഡോര്‍ (ആറാംസ്ഥാനം), ബൊളിവിയ (ഏഴാം സ്ഥാനം), കൊളംബിയ (എട്ടാംസ്ഥാനം) എന്നീ ടീമുകളാണ് മാറ്റുരച്ചത്. എട്ട് ഗോളുകള്‍ നേടിയ ഉറുഗ്വെ താരം ഫലേറോ ടോപ് സ്‌കോററായി. അര്‍ജന്റീനക്കായി ബൂട്ടുകെട്ടിയ റയല്‍മാഡ്രിഡിന്റെ ഇതിഹാസ താരം ആല്‍ഫ്രഡോ ഡിസ്റ്റെഫാനോ ആറ് ഗോളുകളോടെ ടോപ് സ്‌കോറര്‍ പട്ടികയില്‍ രണ്ടാമതായി ഇടം പിടിച്ചു. കൊളംബിയയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് അര്‍ജന്റീന തകര്‍ത്തത് ഡിസ്റ്റെഫാനോയുടെ ഹാട്രിക്ക് മികവിലാണ്. അര്‍ജന്റീനയുടെ ഡൊറോതി മെന്‍ഡെസും പരാഗ്വെയുടെ മരിനും ആറ് ഗോളുകള്‍ നേടിയിരുന്നു.
1949: പവറോടെ ബ്രസീല്‍…
ബ്രസീലായിരുന്നു ആതിഥേയര്‍. കപ്പടിച്ചതും അവര്‍ തന്നെ. ചാമ്പ്യന്‍ ടീം അര്‍ജന്റീന വിട്ടുനിന്ന ടൂര്‍ണമെന്റില്‍ പരാഗ്വെ തുടരെ റണ്ണേഴ്‌സപ്പായി. പെറു മൂന്നാം സ്ഥാനവും ബൊളിവിയ നാലാം സ്ഥാനവും കരസ്ഥമാക്കി. ചിലി, ഉറുഗ്വെ, ഇക്വഡോര്‍, കൊളംബിയ ടീമുകള്‍ അഞ്ച് മുതല്‍ എട്ട് വരെ സ്ഥാനങ്ങളില്‍. ഒമ്പത് ഗോളുകള്‍ നേടിയ ബ്രസീലിന്റെ ജെയര്‍ റോസ പിന്റോയാണ് ടോപ് സ്‌കോറര്‍.
ബ്രസീലിന്റെ സ്‌കോറിംഗ് പവര്‍ കണ്ട് ഫുട്‌ബോള്‍ ലോകം അമ്പരന്നു പോയത് ഈ ചാമ്പ്യന്‍ഷിപ്പിലാണ്. ഏഴ് മത്സരങ്ങളില്‍ ആറിലും ജയിച്ച ബ്രസീല്‍ അടിച്ചു കൂട്ടിയത് 39 ഗോളുകള്‍. വഴങ്ങിയതാകട്ടെ ഏഴെണ്ണം.
ഉദ്ഘാടന മത്സരത്തില്‍ 9-1ന് ഇക്വഡോറിനെ തകര്‍ത്തു. രണ്ടാം മത്സരത്തില്‍ 10-1ന് ബൊളിവിയയെ കശാപ്പ് ചെയ്തു. 2-1ന് ചിലി രക്ഷപ്പെട്ടപ്പോള്‍ 5-0ന് കൊളംബിയ ചൂടറിഞ്ഞു. 7-1നാണ് പെറു നാണം കെട്ടത്. മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെക്കും ബ്രസീലിന് മുന്നില്‍ രക്ഷയുണ്ടായില്ല, 5-1ന് തോറ്റു. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ പരാഗ്വെയോട് 2-1ന് ബ്രസീല്‍ തോറ്റപ്പോള്‍ അത് ഞെട്ടലായി. ഇതോടെ, ആറ് ജയവുമായി പരാഗ്വെ പോയിന്റ് ടേബിളില്‍ ബ്രസീലിനൊപ്പം ഇടം പിടിച്ചു. കിരീടാവകാശികളെ തീരുമാനിക്കാന്‍ പ്ലേ ഓഫ് വേണ്ടി വന്നു. ലീഗിലെ തോല്‍വിക്ക് ബ്രസീല്‍ കണക്ക് ചോദിച്ചു. എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക്. അഡെമിറിന്റെ ഹാട്രിക്കും സോറീഞ്ഞോയുടെയും ജെയ്‌റിന്റെയും ഡബിളും പരാഗ്വെയെ മുക്കിക്കളഞ്ഞു.
1953: പരാഗ്വെ ചാമ്പ്യന്‍മാര്‍..
പരാഗ്വെ ആദ്യമായി ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. അര്‍ജന്റീനയും കൊളംബിയയും വിട്ടുനിന്നപ്പോള്‍ ആതിഥേയരായ പെറു, ബ്രസീല്‍, ഉറുഗ്വെ, ചിലി, ബൊളിവിയ, ഇക്വഡോര്‍ ടീമുകള്‍ പങ്കെടുത്തു. കിരീടപ്പോരില്‍ ഇത്തവണയും ബ്രസീല്‍-പരാഗ്വെ ഒപ്പത്തിനൊപ്പമായിരുന്നു. ലീഗ് റൗണ്ടില്‍ എട്ട് പോയിന്റ് വീതം നേടി ഇരുടീമുകളും തുല്യത പാലിച്ചപ്പോള്‍ ജേതാവിനെ കണ്ടെത്താന്‍ പ്ലേ ഓഫ് വേണ്ടി വന്നു. ഇത്തവണ പക്ഷേ, പരാഗ്വെയാണ് കണക്ക് തീര്‍ത്തത്. 3-2ന് അവര്‍ ബ്രസീലിനെ മലര്‍ത്തിയടിച്ചു. ചിലിയുടെ ഫ്രാന്‍സിസ്‌കോ മൊളീനയാണ് ടോപ് സ്‌കോറര്‍. ഏഴ് ഗോളുകളാണ് മൊളീന നേടിയത്. പെറു-പരാഗ്വെ മത്സരം 2-2ന് സമനിലയില്‍ കലാശിച്ചെങ്കിലും അധിക സബ്സ്റ്റിറ്റിയൂഷനിലൂടെ പരാഗ്വെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണിച്ചില്ലെന്ന കാരണത്താല്‍ മത്സരം പെറു ജയിച്ചതായി വിധിച്ചു.
പരാഗ്വെയുടെ മില്‍നര്‍ അയാള റഫറിയെ മര്‍ദിച്ചത് വിവാദമായി. അയാളക്ക് മൂന്ന് വര്‍ഷം വിലക്കേര്‍പ്പെടുത്തി. ചിലി – ബൊളിവിയ മത്സരത്തിലും സംഘര്‍ഷമുണ്ടായി.
ബൊളിവിയക്കാരുടെ അക്രമസ്വഭാവം കാരണം മത്സരം പാതിവഴിയില്‍ റദ്ദാക്കി. 2-2ന് സമനിലയില്‍ നില്‍ക്കുമ്പോഴായിരുന്നു നടപടി. എന്നാല്‍, ചിലിയെ വിജയിയായി പ്രഖ്യാപിച്ചു.
1955: അര്‍ജന്റീനക്ക് പത്താം കിരീടം
ചിലിയില്‍ നടക്കുന്ന അഞ്ചാമത്തെ കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പ്. ആതിഥേയര്‍ റണ്ണേഴ്‌സപ്പായപ്പോള്‍ അര്‍ജന്റീന പത്താം തവണ കോപയില്‍ മുത്തമിട്ടു. ബ്രസീല്‍, ബൊളിവിയ, കൊളംബിയ ടീമുകള്‍ വിട്ടുനിന്ന ചാമ്പ്യന്‍ഷിപ്പില്‍ ആറ് ടീമുകളാണ് പങ്കെടുത്തത്. പെറു, ഉറുഗ്വെ, പരാഗ്വെ, ഇക്വഡോര്‍ ആണ് മറ്റ് ടീമുകള്‍. എട്ട് ഗോളുകള്‍ നേടിയ അര്‍ജന്റീനയുടെ റൊഡോള്‍ഫോ മിഷേലാണ് ടോപ് സ്‌കോറര്‍. എഴുപതിനായിരം പേരെ ഉള്‍ക്കൊള്ളുന്ന സാന്റിയാഗോ സ്റ്റേഡിയമായിരുന്നു വേദി. അര്‍ജന്റീന അഞ്ചില്‍ നാല് ജയവുമായാണ് ചാമ്പ്യന്‍മാരായത്. മൂന്ന് ജയവുമായി ചിലിയുംകരുത്തറിയിച്ചു. പെറു മൂന്നാം സ്ഥാനവും ഉറുഗ്വെ നാലാം സ്ഥാനവും നേടി.
എട്ട് ഗോളുകള്‍ പിറന്ന അര്‍ജന്റീന-പരാഗ്വെ മത്സരം 5-3ന് അര്‍ജന്റീന സ്വന്തമാക്കിയത് നാല് ഗോളുകള്‍ നേടിയ റൊഡോള്‍ഫോയുടെ മികവിലായിരുന്നു. 6-1ന് ഉറുഗ്വെയെ തകര്‍ത്തപ്പോള്‍ റൊഡോള്‍ഫോ ഡബിള്‍ നേടി.
1956: ഉറുഗ്വെക്ക് ഒമ്പതാം കിരീടം
ചാമ്പ്യന്‍ഷിപ്പ് വീണ്ടും ഉറുഗ്വെയുടെ മണ്ണില്‍. നാട്ടില്‍ കരുത്തറിയിക്കാറുള്ള ഉറുഗ്വെ പതിവ് തെറ്റിച്ചില്ല – ഒമ്പതാം കിരീടം. ചിലി റണ്ണേഴ്‌സപ്പായി. ബൊളിവിയ, കൊളംബിയ, ഇക്വഡോര്‍ പങ്കെടുത്തില്ല. അര്‍ജന്റീന, ബ്രസീല്‍, പരാഗ്വെ, പെറു ചാമ്പ്യന്‍ഷിപ്പിനെത്തി. നാല് ഗോളുകളുമായി ചിലിയുടെ എന്റിക് ഹോമസാബാല്‍ ടോപ് സ്‌കോററായി.
ലീഗ് റൗണ്ടില്‍ അഞ്ചില്‍ നാലും ജയിച്ചാണ് ഉറുഗ്വെ ചാമ്പ്യന്‍മാരായത്. ചിലി, അര്‍ജന്റീന, ബ്രസീല്‍ ആറ് പോയിന്റുകള്‍ വീതം നേടി ഒപ്പത്തിനൊപ്പം. ഗോള്‍ശരാശരിയിലാണ് ചിലി റണ്ണേഴ്‌സപ്പായത്. അര്‍ജന്റീന മൂന്നാം സ്ഥാനത്തും ബ്രസീല്‍ നാലാം സ്ഥാനത്തും.
1957: വീണ്ടും അര്‍ജന്റീന..
പെറു ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ അര്‍ജന്റീന ചാമ്പ്യന്‍മാരായി. ബ്രസീല്‍ റണ്ണേഴ്‌സപ്പ്. അര്‍ജന്റീനയുടെ ഹുമ്പെര്‍ടോ മാചിയോയും ഉറുഗ്വെയുടെ ജാവിയര്‍ അബ്രോയിസും ഒമ്പത് ഗോളുകളോടെ ടോപ്‌സ്‌കോറര്‍മാരായി.
ആദ്യ നാല് സ്ഥാനത്തെത്തിയ അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വെ, പെറു ടീമുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ആറ് മത്സരങ്ങളില്‍ അഞ്ച് ജയവുമായാണ് അര്‍ജന്റീന 10 പോയിന്റോടെ ചാമ്പ്യന്‍മാരായത്. മറ്റ് മൂന്ന് ടീമുകള്‍ എട്ട് പോയിന്റ് വീതം നേടി. കൂടുതല്‍ ഗോളുകളടിച്ച ബ്രസീല്‍ റണ്ണേഴ്‌സപ്പായപ്പോള്‍ ഉറുഗ്വെ മൂന്നാമതായി. ജേതാക്കളെ നിര്‍ണയിക്കപ്പെട്ട അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം 3-0ന് അര്‍ജന്റീന ജയിച്ചു.

---- facebook comment plugin here -----

Latest