മാഗ്ഗിക്കെതിരെ കേരളവും; വില്‍പ്പന നിര്‍ത്തിവെക്കാന്‍ സപ്ലെെക്കോക്ക് നിര്‍ദേശം

Posted on: June 2, 2015 4:23 pm | Last updated: June 2, 2015 at 11:14 pm

maggyതിരുവനന്തപുരം: അനുവദനീയമായതിലും കൂടുതല്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട മാഗ്ഗി നൂഡില്‍സിനെ കേരളവും കൈവിടുന്നു. മാഗ്ഗിയുടെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ കേരളത്തിലെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിര്‍ദേശം നല്‍കി. മാഗ്ഗിയില്‍ വിഷാംശമുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ തീരുമാനം ഉണ്ടാകുന്നത് വരെ വില്‍പ്പന നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. നിലവില്‍ ഔട്‌ലെറ്റുകളിലുള്ള സ്‌റ്റോക്ക് തിരിച്ചെടുക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അമിതമായ അളവില്‍ അജിനാമോട്ടോയും ലെഡും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗ്ഗിക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ നടപടി ആരംഭിച്ചത്. ഉത്തര്‍പ്രദേശില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരാണ് ഇക്കാര്യം ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ കൂടുതല്‍ പരിശോധനകളിലും ഇക്കാര്യം ശരിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് കമ്പനിക്കും മാഗ്ഗി നൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ ബീഹാര്‍ കോടതി ഇന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.