Connect with us

Editorial

മദ്രാസ് ഐ ഐ ടിയിലെ സംഘടനാ നിരോധം

Published

|

Last Updated

ഒരു ജനാധിപത്യ ഭരണകൂടത്തിന് നിരക്കാത്തതാണ് മോദി സര്‍ക്കാറിനെ വിമര്‍ശിച്ചതിനെ ചൊല്ലി മദ്രാസ് ഐ ഐ ടിയിലെ വിദ്യാര്‍ഥി സംഘടനയായ അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ്‌സ് സര്‍ക്കിളിന്റെ (എ പി എസ് സി)അംഗീകാരം പിന്‍വലിച്ച നടപടി. നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിന്റെ ചില നയങ്ങള്‍ക്കുമെതിരെ ദളിത് വിദ്യാര്‍ഥിക്കിടയില്‍ എ പി എസ് സി പ്രചാരണം നടത്തുന്നതായി അജ്ഞാത പരാതി ലഭിച്ചതിനെ തുടര്‍ന്നാണത്രെ നിരോധം. എ പി എസ് സി ഭാരവാഹികള്‍ക്ക് മേയ് 24ന് അയച്ച ഇമെയിലില്‍ അംഗീകാരം റദ്ദാക്കുന്നതായി ഐ ഐ ടി അധികൃതര്‍ അറിയിക്കുകയായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാ ദത്തമാണ്. സ്വീകാര്യമായി തോന്നുന്ന രാജ്യദ്രോഹപരമല്ലാത്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും ഏത് പൗരനും സംഘടനക്കും അവകാശമുണ്ട് ഇന്ത്യയില്‍. ഇതിന്റെ നഗ്നമായ ലംഘനമാണ് കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിന്റെയും മദ്രാസ് ഐ ഐ ടി അധികൃതരുടെയും നടപടി. ഗോവധ നിരോധം, ഹിന്ദി ഭാഷാവത്കരണം, ഘര്‍വാപസി തുടങ്ങിയ വിഷയങ്ങളില്‍ ഈ വിദ്യാര്‍ഥി പ്രസ്ഥാനം സംഘടിപ്പിച്ച ചര്‍ച്ചയാണ് അധികൃതരെ ചൊടിപ്പിച്ചതെന്നാണറിയുന്നത്. ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാജ്യാന്തര കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യയെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയാണെന്നും വിദ്യാര്‍ഥി കൂട്ടായ്മ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് നിരോധത്തിന് കാരണമെങ്കില്‍ ആരോഗ്യപരമായ വിമര്‍ശങ്ങളോടുള്ള സര്‍ക്കാറിന്റെ അസഹിഷ്ണുതയും അതിനെ അടിച്ചൊതുക്കാനുള്ള ത്വരയുമാണ് ഇവിടെ തെളിഞ്ഞു കാണുന്നത്.
2014ല്‍ മോദിക്കതിരെ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് ദേവു ചൊടാന്‍കറിനെതിരെ കേസെടുത്തത്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിക്കെതിരെ കാര്‍ട്ടൂണുകള്‍ പോസ്റ്റ് ചെയ്തതിന് 2012ല്‍ ജദാവ്പൂര്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ അംബികേഷ് മഹാപാത്രയെ അറസ്റ്റ് ചെയ്തത് തുടങ്ങി വിമര്‍ശങ്ങളെ സര്‍ക്കാറുകള്‍ അധികാരത്തിന്റെ ദണ്ഡ് കൊണ്ട് നേരിടുന്നതിന് ഉദാഹരണങ്ങള്‍ എമ്പാടുമുണ്ട്. 2012ല്‍ ബാല്‍താക്കറെയുടെ നിര്യാണത്തെ തുടര്‍ന്ന് ശിവസേന മുംബൈയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച നടപടിയെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചതിന് രണ്ട് പെണ്‍കുട്ടികളെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത നടപടി വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയതാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഹാനികരമായ ഐ ടി 66-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത് ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്.ജനങ്ങളും അവരുടെ അഭിലാഷങ്ങളും ഒരുവശത്തും അധികാര കേന്ദ്രങ്ങളും അവയുടെ സ്വാര്‍ഥ താത്പര്യങ്ങളും മറുവശത്തുമായി നടക്കുന്ന പോരാട്ടത്തില്‍ അധികാര കേന്ദ്രങ്ങള്‍ പലപ്പോഴും ജനാധിപത്യ മര്യാദകളെ വിസ്മരിക്കുകയാണ്. ഭരണഘടന ഉറപ്പ് നല്‍കിയ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കയ്യേറ്റമാണിത്.
അംബേദ്കറുടെയും പെരിയാര്‍ ഇ വി രാമസ്വാമിയുടെയും ആശയങ്ങളുടെ പ്രചാരണാര്‍ഥമാണ് മദ്രാസ് ഐ ഐ ടി ക്യാമ്പസിലെ ദളിത് വിദ്യാര്‍ഥികള്‍ സംഘടന രൂപവത്കരിച്ചത്. ജാതീയതയെയും സവര്‍ണ മേധാവിത്വത്തെയും ശക്തമായി എതിര്‍ക്കുകയും അഹിന്ദിക്കാരുടെ മേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പിക്കുന്നതുള്‍പ്പെടെ ഉത്തരേന്ത്യന്‍ മേധാവിത്വത്തിനെതിരെ നിരവധി സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത പരിഷ്‌കര്‍ത്താവാണ് പെരിയാര്‍ ഇ വി രാമസ്വാമി. സവര്‍ണ മേധാവിത്വത്തിനും അത് പ്രതിനിധാനം ചെയ്യുന്ന സംഘ്പരിവാറിനും സ്വാഭാവികമായും ഇത് ഉള്‍ക്കൊള്ളാനാകില്ല. അംബേദ്കറെയും രാമസ്വാമിയെയും പോലുള്ള നേതാക്കള്‍ വര്‍ഗീയ ഫാസിസത്തിന്റെ കണ്ണില്‍ കരടും ദളിത് മുന്നേറ്റം അവര്‍ക്ക് അസഹ്യവുമാണ്. ഏത് വിധേനയും അതിനെ തടയിടുകയെന്നതാണ് അവരുടെ അജന്‍ഡ. വിദ്യാര്‍ഥി സംഘടനക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ഇതിന്റെ ഭാഗമായി വേണം വിലയിരുത്താന്‍.
ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വിരുദ്ധാഭിപ്രയങ്ങളെ ഉള്‍ക്കൊള്ളാനും ചുരുങ്ങിയ പക്ഷം അഭിപ്രായ പ്രകടനത്തിനുള്ള ജനങ്ങളുടെ സ്വാതന്ത്രത്തിന് വിലക്കേര്‍പ്പെടുത്താതിരിക്കാനുമെങ്കിലുമുള്ള വിശാല മനസ്‌കത ഭരണകൂടങ്ങള്‍ കാണിക്കണം. മദ്രാസ് ഐ ഐ ടി സ്വയംഭരണ സ്ഥാപനമാണെന്നും അതിന്റെ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് നടപടിയെന്നുമുള്ള കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെയും ഹയര്‍ എജുക്കേഷന്‍ സെക്രട്ടറി എസ് എന്‍ മൊഹന്തിയുടെയും നിലപാട് അര്‍ഥശൂന്യമാണ്. തെറ്റിനെ ന്യായീകരിക്കുകയല്ല, വിദ്യാര്‍ഥി സംഘടനയുടെ അംഗീകാരം പുനഃസ്ഥാപിച്ചു അത് തിരുത്താനുള്ള വിവേകം പ്രകടപ്പിക്കുകയാണ് മന്ത്രിയും ഉദ്യോഗസ്ഥ മേധാവികളും ചെയ്യേണ്ടത്.

Latest