ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്: ജയലളിത മത്സരിക്കും

Posted on: May 29, 2015 8:57 pm | Last updated: May 29, 2015 at 11:58 pm

jayalalithaചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആര്‍ കെ നഗറില്‍ നിന്നു നിയമസഭയിലേക്ക് ജനവിധി തേടും. അടുത്ത മാസം 27നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര ചെന്നൈയിലെ രാധാകൃഷ്ണന്‍ നഗര്‍ എന്ന ആര്‍ കെ നഗര്‍ മണ്ഡലത്തിലെ എ ഐ ഡി എം കെ എംഎല്‍ എയായിരുന്ന പി വെട്രിവേല്‍ ജയക്ക് വേണ്ടി രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം, ഡി എം കെ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ല എന്ന തീരുമാനത്തിലാണ്. ശ്രീരംഗത്ത് നിന്നുള്ള എം എല്‍ എയായിരുന്നു ജയലളിത. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ജയക്ക് എം എല്‍ എ സ്ഥാനവും മുഖ്യമന്ത്രി പദവും നഷ്ടമായത്. തുടര്‍ന്ന് അവിടെ നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ എഐ ഡി എം കെ സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. അനുകൂല കോടതി വിധിയെ തുടര്‍ന്ന് കുറ്റവിമുക്തയായ ജയലളിത വീണ്ടും മുഖ്യമന്ത്രി പദം ഏറ്റെടുത്തതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് ജയ എത്തിയത്.