Gulf
19-ാമത് ഹോളി ഖുര്‍ആന്‍ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

ദുബൈ: ഇസ്‌ലാമിക ലോകത്ത് ശ്രദ്ധേയമായ, ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ 19-ാം എഡിഷന്‍ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെന്ന് അധികൃതര്‍. സംഘാടക സമിതിയുടെ കീഴിലുള്ള വിവിധ സബ് കമ്മിറ്റികളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് കാര്യങ്ങള്‍ വിലയിരുത്തി.
വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരാര്‍ഥികളുടെയും വിവിധ ഭാഷകളില്‍ പ്രഭാഷണം നടത്താനെത്തുന്ന പണ്ഡിതരുടെ അന്തിമ പട്ടിക തയ്യാറായതായും സംഘാടക സമിതി അറിയിച്ചു. അതിഥികള്‍ക്കുള്ള വിസകള്‍ എടുത്തു തുടങ്ങി. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കു നല്‍കേണ്ട ഈ വര്‍ഷത്തെ ചോദ്യങ്ങളും തയ്യാറായി.
മുന്‍ വര്‍ഷങ്ങളിലെ പരിപാടികള്‍ക്കു പുറമെ ചില പുതുമകള്‍ 19-ാമത്തെ എഡിഷനില്‍ ഉണ്ടാകുമെന്ന് അറിയിച്ച സംഘാടകര്‍ അതെന്തായിരിക്കുമെന്ന് വ്യക്തമാക്കിയില്ല. മുന്‍വര്‍ഷങ്ങളില്‍ സാന്നിധ്യമുണ്ടായിട്ടില്ലാത്ത പുതിയ ചില രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ ഈ വര്‍ഷമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടില്ലാത്ത ചില സംഘടനകള്‍ക്കും ഈ വര്‍ഷം അവസരമുണ്ടാകും.
മത്സരങ്ങളിലെ വിധിയെഴുത്തില്‍ 19-ാം എഡിഷനില്‍ പുതുമയുണ്ടാകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഖുര്‍ആന്‍ പാരായണത്തിലും മറ്റും നടക്കുന്ന മത്സരങ്ങളില്‍ വിധി നിര്‍ണയിക്കുന്നതില്‍ ഈ വര്‍ഷം അധികൃതര്‍ പുതിയ തരം ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. മലയാളി സമൂഹത്തിനുള്ള പ്രഭാഷണങ്ങള്‍ക്ക് ദുബൈ മര്‍കസ്, സഅദിയ്യ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് യഥാക്രമം റഹ്മത്തുല്ല സഖാഫി എളമരം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ എന്നിവര്‍ അതിഥികളായെത്തും.