Connect with us

Kozhikode

അലിഗഢ് മെഡിക്കല്‍ എന്‍ട്രന്‍സ് യോഗ്യത നേടിയവരില്‍ ഭൂരിപക്ഷം കേരളീയര്‍, ഫലം തടഞ്ഞു

Published

|

Last Updated

കോഴിക്കോട്: അലിഗഢ് യൂനിവേഴ്‌സിറ്റിയുടെ എം ബി ബി എസ്, ബി ഡി എസ് പ്രവേശന പരീക്ഷ എഴുതിയവരില്‍ യോഗ്യത നേടിയവരില്‍ ഭൂരിഭാഗവും കേരളീയരായതിനാല്‍ പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് അലിഗഢ് അധികൃതര്‍ പരീക്ഷാ ഫലം തടഞ്ഞു വെച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളിത്തിലെ പ്രവേശന പരീക്ഷാ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളാണ് കൂടുതലും യോഗ്യത നേടിയതാണ് യൂനിവേഴ്‌സിറ്റി ഫലം തടഞ്ഞു വെക്കാന്‍ കാരണമെന്ന് കേരളത്തിലെ പരീക്ഷാ കേന്ദ്രമായിരുന്ന ഫാറൂഖ് കോളജ് അധികൃതര്‍ ആരോപിച്ചു.
രജ്യത്തെ അലിഗഢ് യൂനിവേഴ്‌സിറ്റി പ്രവേശന പരീക്ഷകള്‍ നടക്കുന്ന പതിനൊന്ന് സെന്ററുകളില്‍ ഒന്നാണ് ഫാറൂഖ് കോളജ്. കോളജ് ക്യാമ്പസിലെ ആറ് സ്ഥാപനങ്ങളിലായി ഈ വര്‍ഷം 3939 കുട്ടികളാണ് എം ബി ബി എസ്, ബി ഡി എസ് പ്രവേശന പരീക്ഷ എഴുതിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളാണ് കൂടുതല്‍ യോഗ്യത നേടിയതെന്ന് ആരോപിച്ചാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ ഫലം തടഞ്ഞത്. കേരളത്തിലെ വിദ്യാര്‍ഥികളുടെ മികവ് പരിഗണിക്കാതെ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ഫാറൂഖ് കോളജ് അധികൃതര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് സി ബി എസ് ഇ നടത്തുന്ന ദേശീയ തലത്തിലുള്ള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി വിവിധ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയവരില്‍ 60 ശതമാനം വിദ്യാര്‍ഥികളും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. ദേശീയ തലത്തില്‍ ഒന്നാമതായി നില്‍ക്കുന്ന എയിംസിലെ(ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) സ്ഥിതിയും വ്യത്യസ്തമല്ല. വിവിധ എയിംസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ 50 ശതമാനവും കേരളീയരാണ്.
അലിഗഢ് കേരളത്തില്‍ സെന്റര്‍ തുടങ്ങിയത് മുതല്‍ ഫാറൂഖ് കോളജ് മാത്രമാണ് ഏക കേന്ദ്രം. വിദ്യാര്‍ഥികളുടെ ബാഹുല്യം കാരണം ഫാറൂഖ് കോളജില്‍ തന്നെ ആറ് സ്ഥാപനങ്ങളിലാണ് പരീക്ഷ നടത്താറുള്ളത്. തമിഴ്‌നാട്, കര്‍ണാടക, ഗോവ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലൊന്നും പരീക്ഷക്ക് കേന്ദ്രങ്ങളില്ല. പരീക്ഷയുടെ രഹസ്യ സ്വഭാവം നിലനിറുത്തുന്നതിനായി പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിച്ചതും കൈകാര്യം ചെയ്തതും അലിഗഡില്‍ നിന്നെത്തിയ പത്ത് അധ്യാപകരാണ്. പരീക്ഷ നടത്തുന്നതിന് വേണ്ട സൗകര്യമൊരുക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയും മാത്രമാണ് കോളജ് അധികൃതര്‍ ചെയ്തത്.
പുന:പരീക്ഷ നടത്തുന്ന പക്ഷം ഒരേ ചോദ്യപേപ്പര്‍ ഉപയോഗിച്ച് എല്ലാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തുകയും കേരളത്തില്‍ ഒരു സെന്റര്‍ മാത്രമാക്കുന്നതിന് പകരം മൂന്നോ നാലോ സെന്ററുകളിലായി പരീക്ഷ നടത്തുകയും ചെയ്താല്‍ കേരളത്തിലെ വിദ്യാര്‍ഥികളുടെ മികവ് ഒന്നുകൂടി ബോധ്യപ്പെടുന്നതാണ്. മറിച്ച് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ മാത്രം നടത്തിയ പരീക്ഷ മാത്രം റദ്ദ് ചെയ്ത് പുന: പരീക്ഷ നടത്താനുള്ള നീക്കം ദുരുപധിഷ്ടവും കേരളത്തിലെ പരീക്ഷാര്‍ഥികളോടുള്ള നീതി നിഷേധവുമാണ്. ജെ ഇ ഇ, എ ഐ പി എം ടി, ഐ സി എ ആര്‍, യു ജി സി, ഗേറ്റ് തുടങ്ങിയ വിവിധ പരീക്ഷകള്‍ സ്ഥിരമായി നടത്തി വരുന്ന ഫാറൂഖ് കോളജില്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും ഇത് വരെ ഉണ്ടായിട്ടില്ല. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ അവസരം നിഷേധിക്കുന്നതിന് വേണ്ടി നടക്കുന്ന ഉത്തരേന്ത്യന്‍ ലോബി പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ഫാറൂഖ് കോളജ് അധികൃതര്‍ ആവശ്യപ്പെട്ടു.