ഗള്‍ഫ് ബിസിനസ്‌കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു

Posted on: May 28, 2015 11:43 pm | Last updated: May 28, 2015 at 11:43 pm

ദുബൈ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പഌസ് കമ്പനിയുടെ ഗള്‍ഫ് ബിസിനസ്‌കാര്‍ഡ് ഡയറക്ടറിയുടെ മിഡില്‍ ഈസ്റ്റ് പ്രകാശനം ദുബൈയില്‍ നടന്നു. കെന്‍സ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ശിഹാബ് ഷായില്‍ നിന്ന് അരോമ റെന്റ് എ കാര്‍ ഉടമ പി സാജിദ് ആദ്യകോപ്പി ഏറ്റുവാങ്ങി. ഒമ്പത് വര്‍ഷത്തോളമായി ഖത്തറില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി സ്‌മോള്‍ ആന്‍ഡ് മീഡിയം മേഖലകളില്‍ വമ്പിച്ച സ്വാധീനമുണ്ടാക്കുവാന്‍ കഴിയുമെന്ന ബോധ്യത്തില്‍ ദുബൈ മാര്‍ക്കറ്റിലേക്കും പ്രവേശിക്കുകയാണെന്ന് മീഡിയ പഌസ് സി. ഇ.ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ഖത്തറിലെ ബിസിനസിന്റെ വലിയ പങ്കും ദുബൈ മാര്‍ക്കറ്റിനെ ആശ്രയിച്ചാണിരിക്കുന്നത്. മൊത്ത വ്യാപാരവും ചില്ലറ വ്യാപാരവും ഒരുപോലെ ആശ്രയിക്കുന്ന കേന്ദ്രമെന്ന നിലക്കാണ്ദുബൈ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുവാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കളുടേയും സംരംഭകരുടേയും താല്‍പര്യവും നിര്‍ദേശവും കണക്കിലെടുത്ത് ഡയറക്ടറി ഓണ്‍ലൈനിലും ലഭ്യമാണ്. ഏതാണ്ട് 10,000 ഓളം കമ്പനി മേധാവികളുടെ മേല്‍വിലാസം ഉള്‍പെടുന്ന ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയാണ് പുറത്തിറക്കിയത്. വ്യക്തി ബന്ധങ്ങള്‍ വ്യാപാര ബന്ധങ്ങളേയും നിക്ഷേപത്തേയും കാര്യമായി സ്വാധീനിക്കുന്ന സമകാലിക ലോകത്ത് ബിസിനസ്‌കാര്‍ഡ് ഡയറക്ടറി എന്ന നൂതന ആശയവുമായി ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്ലസ് ആണ് പ്രസാധകര്‍.
ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക രംഗത്ത് സ്വീകരിക്കുന്ന ഉദാരവല്‍കരണവും നിക്ഷേപ ചങ്ങാത്ത സമീപനവും കൂടുതല്‍ സംരംഭകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നുണ്ട്. സാമ്പത്തിക സാമൂഹിക സാംസ്‌കാരിക കായിക രംഗങ്ങളില്‍ മാതൃകാപരമായ നടപടികളിലൂടെ ഗള്‍ഫ് മേഖലയില്‍ അസൂയാവഹമായ പുരോഗതിയാണ് ഖത്തര്‍ കൈവരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും വിദ്യാഭ്യാസ രംഗത്തുമെന്നുവേണ്ട ഖത്തറിന്റെ നേട്ടങ്ങളും പുരോഗതിയിലേക്കുള്ള കുതിച്ചുചാട്ടവും ഏറെ വിസ്മയകരമാണ്.
ദുബൈയില്‍ നടന്ന ചടങ്ങില്‍ ശംസുദ്ധീന്‍ നെല്ലറ, ഗഫൂര്‍ പുതിയ വീട്ടില്‍, അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, മീഡിയ പഌസ് ഓപറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, സെയില്‍സ് മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, ഫൗസിയ അക്ബര്‍, പ്രൊഡകഷന്‍ കട്രോളര്‍ അഫ്‌സല്‍ കിളയില്‍ എന്നിവരും പങ്കെടുത്തു.