രാജ്യവ്യാപകമായി ബീഫ് നിരോധിക്കില്ല: ബി ജെ പി

Posted on: May 28, 2015 5:10 pm | Last updated: May 29, 2015 at 12:44 am

amith sha speech
പനാജി: ബീഫിന് രാജ്യവ്യാപകമായി നിരോധനമേര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബി ജെ പി ദേശീയ പ്രസിഡന്റ് അമിത്ഷാ. ഇക്കാര്യത്തില്‍ ജനങ്ങളുടെ വികാരം കണക്കിലെടുത്ത് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ഗവണ്‍മെന്റ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് ചെയ്യുക. ജനങ്ങളുടെ വികാരം കണക്കിലെടുത്ത് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ. രാജ്യവ്യാപകമായി ബീഫ് നിരോധിക്കുമെന്ന് ബി ജെ പി എവിടെയും പറഞ്ഞിട്ടില്ലെന്നും അമിത്ഷ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബീഫ് കഴിക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവനക്കെതിരെ ബി ജെ പിയിലെ ഒരു വിഭാഗം തന്നെ രംഗത്ത് വന്നു. കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിന് പിന്നാലെ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി സര്‍ബാനന്ദ സോണോവാള്‍ ഉള്‍പ്പെടെയുള്ളവരും നഖ് വിയുടെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. എല്ലാ വിഭാഗങ്ങളുടെയും ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കണമെന്നാണ് പിതാമഹന്മാര്‍ തങ്ങളെ പഠിപ്പിച്ചതെന്ന് സോണോവാള്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ ബി ജെ പി നേതാക്കളും പ്രസ്താവനക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.