സ്വീഡിഷ് പത്രം രാഷ്ട്രപതിക്ക് മാന്യത നല്‍കിയില്ലെന്ന് സ്ഥാനപതി; അഭിമുഖം തിരുത്താന്‍ സ്ഥാനപതി ഭീഷണിപ്പെടുത്തിയെന്ന് പത്രം

Posted on: May 28, 2015 5:32 am | Last updated: May 27, 2015 at 11:32 pm

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടേതെന്ന പേരില്‍ ബോഫോഴ്‌സ് ഇടപാട് സംബന്ധിച്ച പരാമര്‍ശം പ്രസിദ്ധീകരിച്ച സ്വീഡിഷ് ദേശീയ പത്രത്തെ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. തന്റെ സ്വീഡന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രണാബ് മുഖര്‍ജി അനുവദിച്ച അഭിമുഖമാണ് വിവാദമായിരിക്കുന്നത്. ബോഫോഴ്‌സ് ഇടപാടില്‍ യാതൊരു അഴിമതിയും നടന്നിട്ടില്ലെന്നും അത് മാധ്യമ സൃഷ്ടി മാത്രമായിരുന്നുവെന്നും പ്രണാബ് മുഖര്‍ജി അഭിമുഖത്തില്‍ പറഞ്ഞുവെന്ന നിലക്കാണ് വാര്‍ത്ത വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധമറിയിക്കാന്‍ സ്വീഡിഷ് സ്ഥാനപതി ബാണശ്രീ ബോസ് ഹാരിസണെ ചുമതലപ്പെടുത്തുകയായിരുന്നു. രാഷ്ട്രപതിയുടെ നാക്കില്‍ പിഴ അടര്‍ത്തിയെടുത്ത് വാര്‍ത്ത നല്‍കുകയാണ് പത്രം ചെയ്തതെന്നും ഈ ഭാഗം ഒഴിവാക്കണമെന്ന് രാഷ്ട്രപതി പിന്നീട് ആവശ്യപ്പെട്ടിട്ടും അത് ഒഴിവാക്കാന്‍ തയ്യാറാകാതിരുന്നത് തീര്‍ത്തും അനുചിതവും സദാചാര വിരുദ്ധവുമാണെന്ന് അഭിമുഖം പ്രസിദ്ധീകരിച്ച ഡാഗന്‍സ് നൈഹെറ്റര്‍ (ഡി എന്‍) പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫിന് അയച്ച കത്തില്‍ സ്ഥാനപതി വ്യക്തമാക്കുന്നു.
‘അഭിമുഖം പ്രസിദ്ധീകരിച്ച രീതിയില്‍ ഇന്ത്യക്ക് കടുത്ത നിരാശയും അമര്‍ഷവും ഉണ്ട്. പത്രപ്രവര്‍ത്തനത്തിന്റ പ്രാഥമികമായ മൂല്യങ്ങള്‍ പോലും നിങ്ങള്‍ കാത്തു സൂക്ഷിച്ചിട്ടില്ല. അഭിമുഖം നടക്കുമ്പോള്‍ സംഭവിച്ച ഒരു നാക്കില്‍ പിഴ തിരുത്തിയേ പ്രസിദ്ധീകരിക്കാവൂ എന്ന് അഭിമുഖം പൂര്‍ത്തിയായ ശേഷം രാഷ്ട്രപതി നിഷ്‌കര്‍ഷിച്ചതാണ്. എന്നാല്‍ നിങ്ങള്‍ അത് ഗൗനിച്ചില്ല. മാത്രമല്ല, ആ പരാമര്‍ശം ചില ഭേദഗതികളോടെ ഒട്ടും അവധാനതയില്ലാതെ, പ്രാധാന്യപൂര്‍വം റിപ്പോര്‍ട്ടില്‍ ചേര്‍ക്കുകയാണ് ചെയ്തത്. ഇത് ഒരു പ്രമുഖ പത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഉയര്‍ന്ന ഗുണമേന്‍മയെ അപഹസിക്കുന്നതാണ്. പ്രൊഫഷനല്‍ പത്രപ്രവര്‍ത്തകനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത തെറ്റാണ് ഇത്’- കത്തില്‍ പറയുന്നു. ബോഫോഴ്‌സ് സംബന്ധിച്ച ചോദ്യം അഭിമുഖത്തില്‍ മൂന്നാമത്തേതായിരുന്നു. എന്നാല്‍ പ്രസിദ്ധീകരിച്ച് വന്നപ്പോള്‍ ആദ്യത്തേതായെന്നും സ്ഥാനപതി ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, സംഭവത്തിന്റെ മറ്റൊരു വശം ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാന്‍ ഡി എന്‍ പത്രം ശ്രമം തുടങ്ങി. അഭിമുഖം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സ്ഥാനപതി തങ്ങളുടെ ഓഫീസില്‍ വിളിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഇ എഡിഷനില്‍ പത്രം നടത്തിയിരിക്കുന്നത്. അഭിമുഖത്തിന്റെ ചില ഭാഗം പ്രസിദ്ധീകരിക്കരുതെന്നായിരുന്നു അംബാസിഡര്‍ ബാണശ്രീ ബോസിന്റെ നിര്‍ദേശം. അങ്ങനെ ചെയ്തില്ലെങ്കില്‍ പ്രണാബ് മുഖര്‍ജിയുടെ സ്വീഡന്‍ സന്ദര്‍ശനം ഉപേക്ഷിക്കേണ്ടി വരുമെന്ന് അവര്‍ ഭീഷണി മുഴക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയോട് ചോദിക്കേണ്ട ചോദ്യങ്ങളും പ്രസിദ്ധീകരിക്കേണ്ട ഉത്തരങ്ങളും മറ്റൊരാള്‍ നിഷ്‌കര്‍ഷിക്കുകയെന്നത് അങ്ങേയറ്റം അതിശയകരമായിരിക്കുന്നുവെന്നും ഇ എഡിഷനിലെ വിശദീകരണത്തില്‍ എഡിറ്റര്‍ ഇന്‍ ചീഫ് പീറ്റര്‍ വൊളോഡാര്‍സ്‌കി പറയുന്നു.