Articles
വയലിലുമല്ല, വരമ്പത്തുമല്ല

രാവിലെ പാലുമായി ടൗണിലേക്ക് പോകുന്നവരാണ് കണ്ടത്. രയരപ്പന്‍ മാഷ് വരാന്തയില്‍ ഇരിക്കുന്നു. കാല് മുറ്റത്ത് താഴ്ത്തിയാണ് ഇരുത്തം. ആദ്യമൊന്നും ആളുകള്‍ അതത്ര കാര്യമാക്കിയില്ല. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ പത്രം കാത്ത് ഇരിക്കുകയാകും എന്നാണ് കരുതിയത്. സാധാരണയായി ഈ റിട്ട. അധ്യാപകന്‍ വരാന്തയിലെ ചാരുകസേരയില്‍ ചാഞ്ഞിരിക്കുകയാണ് പതിവ്. പാല് കൊടുത്ത് തിരിച്ചു വരുമ്പോഴും രയരപ്പന്‍ മാഷ് അതേ ഇരുത്തം. വരാന്തയുടെ അറ്റത്ത് ഇരുത്തം, രണ്ട് കാലും മുറ്റത്തും. വയലിലുമല്ല, വരമ്പത്തുമല്ല.
അല്ലല്ലെന്തു കഥയിതു കഷ്ടമേ… എന്നായി നാട്ടുകാര്‍. അവര്‍ മുറ്റത്ത് വന്നു നിന്നു. മാഷ് ഒന്നും പറയാതെ അതേ ഇരിപ്പ്.
പി സി ജോര്‍ജിന്റെ ഇരിപ്പും ഏതാണ്ട് ഇതേ പോലെയാ… ഇരുത്തം യു ഡി എഫില്‍, കാല് എല്‍ ഡി എഫില്‍- ദാമോദരന്‍ പാര്‍ട്ടി പത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ തിരുകി പറഞ്ഞു.
വെറുതെ ഓരോന്ന് പറയേണ്ട, നിങ്ങളുടെ അച്യുതാനന്ദന്റെ കാര്യം ഇതുപോലെയല്ലേ. പി ബിയില്‍ ഇല്ല, സംസ്ഥാന കമ്മിറ്റിയില്‍ ഇല്ല, പേരിനൊരു കേന്ദ്രകമ്മിറ്റി. മറുകണ്ടം ചാടാന്‍ പാകത്തില്‍ ഇരിപ്പ്. ഇറങ്ങിപ്പുറപ്പെടാനുള്ള ഒരുക്കത്തിലല്ലേ മൂപ്പര്? കൃഷ്ണകുമാര്‍ 46 ഡിഗ്രി ചൂടായി.
എന്തിനാ നമ്മള് ഇങ്ങനെ പറയണത്? ഗൗരി അമ്മയുടെ കാര്യം ഇതുപോലെയല്ലേ. യു ഡി എഫ് വരാന്തയിലാണ് ഇരുത്തമെങ്കിലും കാലങ്ങ് എല്‍ ഡി എഫിന്റെ മുറ്റത്തല്ലേ, ഏത്? അതുവരെ അനങ്ങാതിരുന്ന വാസുദേവന്‍ വിശദീകരിച്ചു.
ശരിയാ, ഗൗരിഅമ്മ ഘര്‍വാപസിക്കുള്ള ഒരുക്കത്തിലാ… ചാത്തപ്പന്‍ പിറുപിറുത്തു.
ജനതക്കാരും ആര്‍ എസ് പിക്കാരും ഇതേ പോലെയാ ഇരിക്കുന്നത് എന്നാണ് പറയുന്നത്. ചാടാന്‍ പാകത്തില്‍. പാലക്കാട്ടെ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോഴാണ് ജനതക്കാരുടെ ഇരുത്തം ഇങ്ങനെയായത്. യഥാര്‍ഥ പാര്‍ട്ടിയുടെ ശക്തി അവിടെ കണ്ടില്ലേ! ശിവദാസന്‍ പറഞ്ഞു.
മാര്‍ച്ച് മാസത്തിലെ നിയമസഭയില്‍ ഗണേഷ്‌കുമാറിന്റെ ഇരുത്തം ഇതുപോലെയായിരുന്നല്ലോ. നേതാക്കളിങ്ങനെ നാക്കിട്ടടിച്ചിട്ടും ഗണേശന്‍ അനങ്ങണമല്ലോ. എന്തൊക്കെയാ അന്ന് സഭയില്‍ കണ്ടത്. ഒര് തട്ട്‌പൊളി സിനിമ പോലെ. അക്രമം, അടി, തടയല്‍, നായകനും നായികയും വില്ലനും എല്ലാം ഒരരങ്ങില്‍! ചാത്തപ്പന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.
പിന്നെ എന്തെങ്കിലും കേട്ടോ, കേസുമില്ല, പൊലീസുമില്ല. പേരിനൊരു സസ്‌പെന്‍ഷന്‍. ഇതിനാണോ അഡ്ജ്‌സ്റ്റ്‌മെന്റ് അക്രമം എന്ന് പറയുക? ശിവദാസന്റെ സംശയം.
എല്‍ ഡി എഫില്‍ നിന്ന് കക്ഷികള്‍ ഇങ്ങോട്ട് വരുമെന്നാണ് യു ഡി എഫ് നേതാക്കള്‍ പറയുന്നത്. കൃഷ്ണകുമാര്‍ പറഞ്ഞു.
യു ഡി എഫില്‍ നിന്ന് എല്‍ ഡി.എഫിലേക്കും ആള് വരുന്നുണ്ടെന്നാ കേള്‍വി. ദാമോദരന്റെ മറുവാക്ക്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇതൊക്കെ പതിവുള്ളതാണ്. പിന്നെ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം… ചാത്തപ്പന്‍ കവിയായി.
നമ്മള് മാഷെ കാര്യം തന്നെ പറയുക. ഇന്നലെ ടൗണില്‍ നടന്ന ബീഫ് ഫെസ്റ്റില്‍ മാഷ് പങ്കെടുത്തിരുന്നു. വളരെ ഹാപ്പിയായിരുന്നു. ഒറ്റ രാത്രി കൊണ്ട് എന്താ ഒരു മാറ്റം… ദാമോദരന്‍ താടി തടവി.
മാഷ് പഠിപ്പിച്ച സ്‌കൂളിന്റെ കാര്യവും ഏതാണ്ട് ഇതേ പോലെയാ… കുഴിയില്‍ കാല് നീട്ടിയ മാതിരി. കുട്ടികള്‍ കുറഞ്ഞതിനാല്‍ പൂട്ടലിന്റെ വക്കിലാ. അതായിരിക്കുമോ ഈ ഇരുത്തത്തിന്റെ കാരണമെന്ന സംശയമാ എനിക്ക്…മമ്മദ് ഹാജി തല ചൊറിഞ്ഞു.
ഇവറെ കാലത്ത് തന്നെ സ്‌കൂളിന് യാത്രയയപ്പ് കൊടുക്കേണ്ടി വരുമോ എന്ന്! ആരോ പിറുപിറുത്തു.
മാഷേ നിങ്ങള് പറ, എന്താണീ ഇരുത്തം? എന്തിനാണീ ഇരുത്തം? നാട്ടുകാര്‍ ഒറ്റക്കെട്ടായി ചോദിച്ചു.
നാട്ടുകാരേ, കാര്യങ്ങള്‍ നമ്മള് വിചാരിച്ച പോലെയല്ല, ഇരിപ്പിടം മാത്രമല്ല, നമ്മുടെ കാലിനടിയിലെ മണ്ണും ഒലിച്ചു പോകുകയാ. ഭൂമിയൊക്കെ ഏറ്റെടുക്കാന്‍ പോകുന്നു. ഞാനീ ഇരുന്ന പോലെയാ നമ്മുടെയെല്ലാം സ്ഥിതി. ഏത് നിമിഷവും ഇറങ്ങേണ്ടി വരും. വരുന്നത് നല്ല നാളുകള്‍ തന്നെ! രയപ്പന്‍ മാഷ് പറഞ്ഞു.