50 പശുക്കളെയും 70 ചെമ്മരിയാടുകളെയും 30 ആടുകളെയും തരാം; ഒബാമയുടെ മകളെ കെട്ടിച്ച്തരുമോ?

Posted on: May 27, 2015 9:30 pm | Last updated: May 27, 2015 at 10:20 pm

obama with daughter
നൈറോബി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മകളെ വിവാഹം ചെയ്യാന്‍ ‘വന്‍’ഓഫറുമായി കെനിയന്‍ അഭിഭാഷകന്‍ രംഗത്ത്. 50 പശുക്കളെയും 70 ചെമ്മരിയാടുകളെയും 30 ആടുകളെയും തരാം. പകരം പ്രസിഡന്റിന്റെ മകള്‍ മലിയയെ കല്ല്യാണം കഴിപ്പിച്ചുതരണം. ഫെലിക്‌സ് കിപ്രോണോ എന്നയാളാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദി നെയ്‌റോബിയന്‍ എന്ന ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഭാഷകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

2008ല്‍ മലിയക്ക് ഒന്‍പത് വയസ്സുള്ളപ്പോഴാണ് താന്‍ അവളില്‍ ആകൃഷ്ടനായതെന്ന് ഫെലിക്‌സ് പറയുന്നു. താന്‍ ഇതുവരെയും ആരുമായും പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും മലയയോട് പൂര്‍ണമായും വിശ്വാസ്യത പുലര്‍ത്താന്‍ തനിക്ക് സാധിക്കുമെന്നും ഇയാള്‍ പറയുന്നു.

ജൂലൈയില്‍ ഒബാമ കെനിയ സന്ദര്‍ശിക്കുമ്പോള്‍ തന്റെ ആഗ്രഹം നേരിട്ട് അറിയിക്കാനാണ് ഇയാളുടെ ഉദ്ദേശം. ഒബാമ വരുമ്പോള്‍ മകളും ഒപ്പമുണ്ടാകുമെന്ന് ഇയാള്‍ പ്രതീക്ഷിക്കുന്നു. മലിയയെ ഒപ്പം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഒബാമക്ക് കത്തയക്കുമെന്നും ഇയാള്‍ വെളിപ്പെടുത്തി.