Gulf
ഗഗന സഞ്ചാരത്തിന്റെയും കണ്ടുപിടുത്തങ്ങളുടെയും വഴികളില്‍

കണ്ടുപിടുത്തങ്ങള്‍ക്കും നൂതന ആശയങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് യു എ ഇ ഭരണകൂടം കല്‍പിക്കുന്നത്. സമൂഹത്തിന് ഗുണം ചെയ്യുന്ന വിധത്തില്‍, ആളില്ലാ പേടകങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിനും ഗവേഷണ നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനും ഭരണകൂടം നേരിട്ടുതന്നെ സമ്മാനങ്ങള്‍ നല്‍കുന്നു. വിദേശികള്‍ക്കും മത്സരം ഏര്‍പ്പെടുത്താറുണ്ട്.
കഴിഞ്ഞ ദിവസം അബുദാബിയില്‍ എമിറേറ്റ്‌സ് ഫൗണ്ടേഷന്‍ “തിങ്ക് സയന്‍സ്” മത്സര വിജയികളെ ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു. 12 വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. 15നും 24നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 60 ഓളം പേര്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിച്ചു. ഓടിക്കുമ്പോള്‍ സ്വയം ചാര്‍ജാകുന്ന ഇലക്ട്രിക് കാര്‍ പ്രാവര്‍ത്തികമാക്കിയ ദുബൈ വെസ്റ്റ് മിനിസ്റ്റര്‍ സ്‌കൂളിലെ റാമി അല്‍മോര്‍സി, അംറോ അല്‍സീഖ് എന്നിവര്‍ ഏറെ പ്രശംസ പിടിച്ചുപറ്റി.
പരിസ്ഥിതി സൗഹൃദ പദ്ധതികളെക്കുറിച്ച് ഗൗരവമായ ആലോചനകള്‍ ലോകമെങ്ങും നടക്കുന്നു. വായുമലിനീകരണം സൃഷ്ടിക്കാത്ത, വാഹനങ്ങള്‍ പരീക്ഷിക്കപ്പെടുന്നു. ഇതിനിടയിലാണ്, സൗരോര്‍ജം കൊണ്ടു പ്രവര്‍ത്തിക്കുന്ന, അന്തരീക്ഷ മര്‍ദം ഉപയോഗപ്പെടുത്തി സ്വയം ചാര്‍ജാകുന്ന കാര്‍ രണ്ടുവിദ്യാര്‍ഥികള്‍ വികസിപ്പിച്ചത്.
പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിയുന്ന മാര്‍ഗങ്ങള്‍ ആരായുന്ന യുവാക്കളും യു എ ഇയിലുണ്ടെന്ന് ശാസ്ത്ര ഗവേഷണ മത്സരം തെളിയിച്ചു. ഷാര്‍ജ കോളജ് ഓഫ് ഫാര്‍മസിയിലെ ലുജൈന്‍ അലൂം, മുഹമ്മദ് ഖാലിദ് എന്നിവരാണ് നൂതന ആശയവുമായെത്തിയത്. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ധനസഹായത്താലാണ് ഗവേഷണം നടത്തിയതെന്ന് ഇരുവരും പറഞ്ഞു.
മനുഷ്യന്‍ നിരന്തരമായി ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്തതിന്റെ ഫലമാണ് ശാസ്ത്ര നേട്ടങ്ങള്‍. അറബ് സമൂഹം ഇക്കാര്യത്തില്‍ പിന്നിലായിരുന്നില്ല. മൃതശരീരം കേടുകൂടാതെ എങ്ങിനെ സംരക്ഷിക്കാമെന്നും പൂജ്യം എന്ന അക്കത്തെ നിസാരമായി കാണരുതെന്നും മറ്റും ലോകത്തിന് പറഞ്ഞുകൊടുത്തത് അറബ് സമൂഹമാണ്. പക്ഷേ, ഇടക്കാലത്ത് ശാസ്ത്ര മേഖലയില്‍ പിന്നാക്കം പോയി.
പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമം അറബ് മേഖലയില്‍ വ്യാപകമായി നടക്കുന്നു. അതിന്റെ മുന്‍പന്തിയില്‍ യു എ ഇ.
മേഖലയിലെ ആദ്യ ബഹിരാകാശ ഗവേഷണ കേന്ദ്രം അല്‍ ഐനില്‍ സ്ഥാപിതമാവുകയാണ്. ഭൂമിയെ വലം വയ്ക്കുന്ന ഉപഗ്രഹം വിക്ഷേപിക്കാനും 2021 ഓടെ ചൊവ്വാ പര്യവേഷണം നടത്താനും പദ്ധതിതയ്യാറാക്കിയിട്ടുണ്ട്. 10 കോടി ദിര്‍ഹം ചെലവു ചെയ്താണ് അല്‍ ഐനില്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം നിര്‍മിക്കുന്നത്. ശാസ്ത്ര കുതുകികളായ യുവതീയുവാക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും.
ബഹിരാകാശ ഗവേഷണം ഓരോ രാജ്യത്തെയും പുരോഗതിയിലേക്ക് ആനയിക്കുന്നു. ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനുള്ള മത്സരയോട്ടത്തിലാണ് അമേരിക്കയും റഷ്യയും മറ്റും. ഇതിനെ അത്ഭുത സ്തബ്ധരായി നോക്കിനില്‍ക്കുന്നതിന് പകരം മത്സരക്കളത്തിലേക്ക് ധൈര്യപൂര്‍വം ഇറങ്ങുകയാണ് അഭികാമ്യം. ആ വെല്ലുവിളിയാണ് യു എ ഇ ഭരണകൂടം ഏറ്റെടുത്തിരിക്കുന്നത്.