പോലീസിനെ വണ്ടിക്കാളകളാക്കിയെന്ന് അസോസിയേഷന്‍ സമ്മേളന റിപ്പോര്‍ട്ട്

Posted on: May 27, 2015 4:01 am | Last updated: May 27, 2015 at 12:01 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന പോലീസ് അസോസിയേഷന്‍ സമ്മേളനം അംഗീകരിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. പോലീസിന്റെ സേവനം പ്രയോജനപ്പെടുത്തുന്ന സാമൂഹിക സേവന പദ്ധതികള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ അതനുസരിച്ചു നിയമനങ്ങള്‍ നടത്താതെ പോലീസുകാരെ വണ്ടിക്കാളകളാക്കി മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.
സാധാരണ പോലീസുകാര്‍ സൗജന്യമായി ചായ വാങ്ങിക്കുടിച്ചാല്‍ പോലും നടപടിയെടുക്കുന്നവര്‍, ഉന്നത ഉദ്യോഗസ്ഥരുടെ വമ്പന്‍ അഴിമതികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സംസ്ഥാന പോലീസ് മേധാവിയെ വരെ അപമാനിക്കുന്ന ജേക്കബ് ജോബിനെപ്പോലുള്ളവരെ സര്‍വീസില്‍ തിരിച്ചെടുക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു. പോലീസിനെതിരെ ജനപ്രതിനിധികള്‍ പോലും അക്രമം അഴിച്ചുവിടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
സഭയില്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ക്കിടെ ജനപ്രതിനിധികള്‍ തന്നെ പോലീസിനെ ആക്രമിച്ചു. അപ്പോള്‍ അവരെ സംരക്ഷിക്കാന്‍ ആരുമുണ്ടായില്ല. എം ജി കോളജില്‍ പോലീസിനെ ആക്രമിച്ച പ്രതികളെ കുറ്റവിമുക്തരാക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നു തന്നെ ശ്രമമുണ്ടായി. പോലീസുകാര്‍ക്ക് പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് മന്ത്രിസഭ വരെ അനുമതി നല്‍കിയിട്ടും ധനവകുപ്പ് തടഞ്ഞുവെച്ചിരിക്കുകയാണ്. പോലീസുകാരുടെ അടിസ്ഥാന യോഗ്യത പത്താം ക്ലാസ് ആക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടും നടപടിയെടുക്കാത്ത പി എസ് സി ചെയര്‍മാന്റെ നടപടിയെയും സമ്മേളനം വിമര്‍ശിച്ചു.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത് റിപ്പോര്‍ട്ട്് അവതരിപ്പിച്ചു. പി ടി ശശിധരന്‍ അധ്യക്ഷത വഹിച്ചു. സമ്മേളന ഭാഗമായി നടന്ന സെമിനാറില്‍ മുന്‍മന്ത്രി ബിനോയ് വിശ്വം, ഡോ. ഡി ബാബുപോള്‍, ജേക്കബ് പുന്നൂസ്, അഡ്വ. ശിവന്‍ മഠത്തില്‍ പ്രസംഗിച്ചു.