സല്‍മാന്‍ ഖാന് വിദേശത്ത് പോകാന്‍ കോടതി അനുമതി

Posted on: May 27, 2015 6:00 am | Last updated: May 26, 2015 at 11:55 pm

മുംബൈ: ബോളിവുഡ് താരം സാല്‍മാന്‍ ഖാന് ദുബൈയില്‍ നടക്കുന്ന ഇന്തോ- അറബ് ബോളിവുഡ് അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാന്‍ കോടതിയുടെ അനുമതി. ജസ്റ്റിസ് പാന്‍ സാല്‍ക്കര്‍ ജോഷിയാണ് ഈ മാസം 29ന് നടക്കുന്ന ഷോയില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കിയത്.
ഈ മാസം 27 മുതല്‍ 30 വരെ നടക്കുന്ന ഷോയില്‍ പങ്കെടുക്കുന്നത് അദ്ദേഹത്തിന്റെ തൊഴിലിന്റെ ഭാഗമാണെന്ന് സല്‍മാനു വേണ്ടി ഹാജരായ നിരഞ്ജന്‍ മുണ്ടര്‍ഗി പറഞ്ഞു. താരം മടങ്ങിയെത്തി 12 മണിക്കൂറിനകം പോലീസിന് മുന്നില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാമെന്നും നിരഞ്ജന്‍ മുണ്ടര്‍ഗി കോടതിയെ അറിയിച്ചു.
സല്‍മാന്‍ കുറ്റവാളിയാണെന്നും ദുബൈയിലെ ഇന്ത്യന്‍ എംബസില്‍ ഇറങ്ങുമ്പോഴും തിരിച്ചു വരുമ്പോഴും റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇളവ് അനുവദിച്ച് കൊണ്ട് കോടതി പറഞ്ഞു. കോടതി വെച്ച നിബന്ധനങ്ങള്‍ കുറ്റവാളി അനുസരിക്കാന്‍ തയ്യാറായതിനാല്‍ അനുമതി നല്‍കുന്നുവെന്നും കോടതി പറഞ്ഞു. യാത്ര തുടങ്ങുന്ന സമയം വിമാനത്തിന്റെ നമ്പര്‍, താമസിക്കാന്‍ പോകുന്ന സ്ഥലത്തെ വിലാസം, മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ലൈന്‍ അടക്കമുള്ള ബന്ധപ്പെടാന്‍ കഴിയുന്ന നമ്പര്‍ എന്നിവ അന്വേഷണ ഏജന്‍സിക്കു മുന്നില്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കൂടാതെ രാജ്യം വിടുന്നതിന് മുമ്പ് രണ്ട് ലക്ഷം രൂപ അധിക മുന്‍കരുതല്‍ ധനമായി കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ആറിനാണ് 2002ല്‍ സല്‍മാന്റെ കാറിടിച്ച് ഒരാള്‍ കെല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചത്. ഈ കേസില്‍ കഴിഞ്ഞ എട്ടിന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.