Connect with us

International

ഇരട്ട പൗരത്വമുള്ളവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെങ്കില്‍ പൗരത്വം നിഷേധിക്കുമെന്ന് ആസ്‌ത്രേലിയ

Published

|

Last Updated

സിഡ്‌നി: ഇരട്ട പൗരത്വമുള്ളവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെങ്കില്‍ അവരുടെ പൗരത്വം നിഷേധിക്കും വിധം നിയമം ഭേദഗതി ചെയ്യുമെന്ന് ആസ്‌ത്രേലിയ പ്രഖ്യാപിച്ചു. എന്നാല്‍ നിയമത്തിന്റെ പേരില്‍ ആരെയും രാജ്യമില്ലാത്തവരാക്കില്ലെന്നും ഊന്നിപ്പറഞ്ഞു. ജിഹാദി പോരാട്ടം നടത്തുകയോ ഇസില്‍ സംഘംപോലുള്ള തീവ്രവാദ സംഘത്തെ പിന്തുണക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ പുതിയ അധികാരം പ്രയോഗിക്കുമെന്ന് പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു. എന്നാല്‍ രണ്ടാം തലമുറ ആസ്‌ത്രേലിയക്കാരില്‍നിന്നും പൗരത്വം നീക്കം ചെയ്യുന്നതില്‍നിന്നും സര്‍ക്കാര്‍ വിട്ടുനില്‍ക്കുകയാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇത്തരത്തില്‍ തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ള പൗരന്‍മാരെ അവരുടെ മാതാപിതാക്കളുടെ ജന്‍മനാടുകളിലെ പൗരത്വം സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തും. തീവ്രവാദ ഭീഷണിയെ നേരിടാന്‍ ഈ പുതിയ അധികാരം അത്യാവശ്യമാണെന്നും ഇത് രാജ്യത്തെ നിയമങ്ങളെ പരിഷ്‌കരിക്കുകയും ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ മറ്റ് രാജ്യങ്ങളോട് കൂടുതല്‍ അടുപ്പിക്കുമെന്നും അബോട്ട് പറഞ്ഞു. സിഡ്‌നിയില്‍ ഒരു മാതാവ് തന്റെ രണ്ട് കുട്ടികളെ ഉപേക്ഷിച്ച് സിറിയയില്‍ ഇസിലിനു കീഴില്‍ പുതിയ ജീവിതം തുടങ്ങാന്‍ പലായനം ചെയ്ത സംഭവത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ആസ്‌ത്രേലിയയില്‍നിന്നും 100ല്‍ അധികം പേര്‍ ഇസിലില്‍ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ 30ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്.

Latest