ഉമ്മു സുഖീം, അല്‍ ഖുദ്‌റ റോഡുകളില്‍ വേഗപരിധി 80 കിലോമീറ്റര്‍

Posted on: May 26, 2015 6:00 pm | Last updated: May 26, 2015 at 6:58 pm

ദുബൈ: ഉമ്മു സുഖീം, അല്‍ ഖുദ്‌റ റോഡുകളില്‍ ജൂണ്‍ ഒന്നുമുതല്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആയിരിക്കുമെന്ന് ആര്‍ ടി എ. സി ഇ ഒ എഞ്ചി. മൈത്ത ബിന്‍ അദിയ്യ് അറിയിച്ചു.
ശൈഖ് സായിദ് റോഡ് മുതല്‍ എമിറേറ്റ്‌സ് റോഡ് വരെയുള്ള ബൈപാസാണിത്.
ഉമ്മുസുഖീം റോഡില്‍ നിലവിലുണ്ടായിരുന്ന വേഗപരിധികള്‍ ഏകീകരിച്ച് 80 കിലോമീറ്ററില്‍ നിജപ്പെടുത്തി.
ദുബൈ നിരത്തുകളിലെ വേഗപരിധികള്‍ പുനഃപരിശോധിച്ചുകൊണ്ട് നടത്തിയ പഠനമാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് പ്രേരകമായത്. ആര്‍ ടി എയുമായി ചേര്‍ന്നാണ് പഠനം നടത്തിയത്. ഉമ്മുസുഖീം റോഡില്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ കുറച്ചുകൊണ്ടുവരാനാണ് വേഗപരിധി ഏകീകരിച്ചതെന്ന് അല്‍ മസ്‌റൂഇ ചൂണ്ടിക്കാട്ടി. പലതരത്തിലുള്ള വേഗപരിധി നിലവിലുള്ളത് അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
അപകടനിരക്ക് കൂടുതലുള്ള മറ്റു റോഡുകളിലും വേഗപരിധി മാറ്റി നിശ്ചയിക്കും. അതിവേഗമാണ് റോഡപകടങ്ങള്‍ക്കുള്ള മറ്റൊരു പ്രധാന കാരണം. അപകടങ്ങള്‍ കുറയ്ക്കുന്നതിന് പരമാവധി വേഗപരിധിയില്‍ കുറവുവരുത്തണമെന്നും പഠനറിപ്പോര്‍ട്ടുകള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
ഇത്തരത്തില്‍ 2020 ആകുമ്പോഴേക്കും ദുബൈ നിരത്തുകളിലെ അപകടനിരക്ക് പൂജ്യത്തിലെത്തിക്കാന്‍ സാധിക്കുമെന്നും അല്‍ മസ്‌റൂഇ പ്രതീക്ഷ പ്രകടിപ്പിച്ചു. ഡൗണ്‍ ടൗണ്‍ ദുബൈയിലെ ബോലേവാര്‍ഡ് സ്ട്രീറ്റില്‍ പരമാവധി വേഗം 80 കിലോമീറ്ററായി നിശ്ചയിച്ചതായും അദ്ദേഹം അറിയിച്ചു.