ബഹിരാകാശ ഗവേഷണ പദ്ധതിക്ക് ഉജ്വല തുടക്കം

Posted on: May 26, 2015 6:00 pm | Last updated: May 26, 2015 at 6:23 pm

അബുദാബി: ചൊവ്വാ ഗ്രഹ പര്യവേഷണം ഉള്‍പെടെ യു എ ഇയുടെ ബഹിരാകാശ ഗവേഷണ പദ്ധതിക്ക് ഉജ്വല തുടക്കം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.
ശൂന്യാകാശ ശാസ്ത്ര പര്യവേഷണ മേഖലയില്‍ പ്രമുഖ രാജ്യമായി യുഎഇ മാറുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വിക്ഷേപണത്തില്‍ കേന്ദ്രീകരിക്കുന്നതോടൊപ്പം ഭാവിയില്‍ വരാന്‍ പോകുന്ന ദൗത്യം, മൂല്യം, മുന്‍ഗണന എന്നിവക്കും പ്രാധാന്യം നല്‍കും, ശൈഖ് മുഹമ്മദ് പറഞ്ഞു.
ഇതോടനുബന്ധിച്ച് അഞ്ചാമത് ഗ്‌ളോബല്‍ സ്‌പെയ്‌സ് ആന്‍ഡ് സാറ്റലൈറ്റ് ഫോറം 2015 ചൊവ്വാഴ്ച അബുദാബിയില്‍ ആരംഭിക്കും. ശൂന്യാകാശ പഠനം സംബന്ധിച്ച മുതല്‍മുടക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫോറം വിശദമായി ചര്‍ച്ച ചെയ്യും. ദേശീയ സുരക്ഷക്കും വ്യവസായ വളര്‍ച്ചക്കും മുടക്കുപണം എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതും പ്രധാന ചര്‍ച്ചയാവും. ശൂന്യാകാശ ഗവേഷണവും വികസനവും സംബന്ധിച്ച സമ്പൂര്‍ണ വിശകലനവും ഗവേഷണവും സംബന്ധിച്ച കാര്യങ്ങളും ഗ്‌ളോബല്‍ സ്‌പെയ്‌സ് ആന്‍ഡ് സാറ്റലൈറ്റ് ഫോറം ചര്‍ച്ച ചെയ്യും. യുഎഇ സ്‌പെയ്‌സ് ഏജന്‍സി ഫോറത്തിന്റെ ആതിഥേയത്വം വഹിക്കുന്നതു സംബന്ധിച്ചു ഔദ്യോഗികമായി സമ്മതം രേഖാമൂലം ലഭിച്ചു.
യുഎഇ സ്‌പെയ്‌സ് ഏജന്‍സി ശൂന്യാകാശ മ്യൂസിയവും ഫോറത്തോടനുബന്ധിച്ചു ആരംഭിക്കും. യുഎഇ സ്‌പെയ്‌സ് ഇന്‍ഡസ്ട്രി സംബന്ധിച്ച അറിവുകള്‍ മനസിലാക്കുന്നതിനുകൂടി ഉദ്ദേശിച്ചാണ് മ്യൂസിയം പ്രവര്‍ത്തിക്കുക. മുഹമ്മദ് ബിന്‍ റാശിദ് സ്‌പെയ്‌സ് സെന്റര്‍ ശാസ്ത്ര ഗവേഷണം സംബന്ധിച്ച വിസ്തരിച്ചുള്ള പഠനവും ഭൂഗോള നിരീക്ഷണ പ്രതിബിംബങ്ങളും ദുബൈ സാറ്റ്–2വിലൂടെ ആര്‍ജിക്കുവാന്‍ സാധിക്കുമെന്നും ഇതു സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.