ബാര്‍ കോഴ: അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കുമെന്ന് ചെന്നിത്തല

Posted on: May 25, 2015 1:48 pm | Last updated: May 26, 2015 at 5:41 pm

Ramesh chennithalaതിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന കാര്യം തനിക്കറിയില്ല. അങ്ങനെയുണ്ടെങ്കില്‍ കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലം മാധ്യമങ്ങളിലൂടെ പുറത്തുവന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബാര്‍ കോഴക്കേസില്‍ അന്വേഷണം നീളുന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് മേധാവി വിന്‍സന്‍ എം പോളുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരാണ്. അന്വേഷണത്തില്‍ ഒരു സമയത്തും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.