Connect with us

Articles

ഈ മനുഷ്യര്‍ക്ക് എന്ത്‌കൊണ്ടാണ് ഇങ്ങനെ അലയേണ്ടി വരുന്നത്?

Published

|

Last Updated

ലോകത്താകെ കുടിയേറ്റത്തിനെതിരായ ആക്രോശങ്ങളുയരുകയാണ്. ബ്രിട്ടനില്‍ ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം കുടിയേറ്റമായിരുന്നു. ഇന്ത്യയിലെ അസാം, പശ്ചിമ ബംഗാള്‍ തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളെ മുന്‍നിര്‍ത്തി നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആഭ്യന്തരമായ കുടിയേറ്റങ്ങളും വലിയ കലാപങ്ങള്‍ക്ക് വഴിവെക്കുന്നു. മധ്യപൗരസ്ത്യ ദേശത്ത് നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആയിരങ്ങള്‍ പലായനം ചെയ്തു കൊണ്ടേയിരിക്കുന്നു. പലായനങ്ങളിലെ അപകട സാധ്യതയും പറിച്ചെറിയപ്പെട്ടവര്‍ ചെന്നെത്തുന്നിടത്തെ സാമൂഹിക സാമ്പത്തിക സാസ്‌കാരിക സംഘട്ടനങ്ങളും വലിയ മാനുഷിക പ്രതിസന്ധിയായിത്തീര്‍ന്നിട്ടുണ്ട്. പക്ഷികളും മറ്റു ജീവികളും നടത്തുന്ന ദേശാടനങ്ങള്‍ അനുകൂലനങ്ങള്‍ക്കനുസരിച്ചുള്ളതും അതിനാല്‍ തന്നെ ആ ജീവിവിഭാഗത്തിന്റെ അതിജീവനത്തിനുള്ള ഉപാധിയുമാണ്. ഇവിടെ കൂടുതല്‍ ഉത്കൃഷ്ടനായ മനുഷ്യന്‍ ശരണാര്‍ഥിയായി പുറപ്പാടുകള്‍ക്ക് മുതിരുമ്പോള്‍ അത് മരണത്തിനും ദുരിതത്തിനും രോഗത്തിനും അപമാനത്തിനും തിരസ്‌കാരത്തിനും ഇടവരുന്നുണ്ടെങ്കില്‍ മനുഷ്യകുലം ഒന്നാകെ ചേര്‍ന്ന് പരിഹരിക്കേണ്ട പ്രതിസന്ധിയായി അത് മാറും. മ്യാന്‍മറിലെ രാഖിനെ പ്രവിശ്യയില്‍ നിന്ന് ബുദ്ധതീവ്രവാദികള്‍ സര്‍ക്കാറിന്റെ പിന്തുണയോടെ ആട്ടിയിറക്കിയ ഏഴായിരത്തോളം റോഹിംഗ്യാ മുസ്‌ലിംകള്‍ ഇന്തോനേഷ്യക്കും മലേഷ്യക്കും ഇടയിലുള്ള കടലില്‍ അലയുന്നത് ഇത്തരമൊരു പ്രതിസന്ധിയിലേക്കാണ് മാനവ സമൂഹത്തെ എടുത്തെറിയുന്നത്. ഈ മനുഷ്യരോടുള്ള ഉത്തരവാദിത്വം അവരുടെ ബോട്ടുകള്‍ ലക്ഷ്യമിട്ട മലേഷ്യക്കും തായ്‌ലാന്‍ഡിനും ഇന്തോനേഷ്യക്കും മാത്രമല്ല.

ഇനി അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാനാകില്ലെന്ന് പ്രഖ്യാപിച്ച് കൈമലര്‍ത്തിയപ്പോള്‍ ലോകത്തിന്റെയാകെ രോഷത്തിന് ഈ രാജ്യങ്ങള്‍ ഇരയായി. മൂന്ന് മാസത്തിലേറെയായി കടലിലായിരുന്നു ഈ മനുഷ്യര്‍. അവര്‍ സഞ്ചരിച്ച പഴകിദ്രവിച്ച ബോട്ടുകള്‍ ഏത് നിമിഷവും മുങ്ങുമെന്ന സ്ഥിതിലായായിരുന്നു. വെള്ളവും ഭക്ഷണവും കിട്ടാതെ പലരും മരിച്ചു. ഒഴുകി നടക്കുന്ന, എവിടെയും മണ്ണില്ലാത്ത ഈ മനുഷ്യര്‍ ലോകത്തിന്റെ കണ്ണീരായി മാറിയപ്പോള്‍ ചില സമാന്തര മാധ്യമങ്ങള്‍ അവരുടെ സത്യം വിളിച്ചു പറയാന്‍ തുടങ്ങി. ഒടുവില്‍ കാണാതിരിക്കാനാകില്ലെന്ന ഗതി വന്നപ്പോള്‍ മുഖ്യധാരക്കാരും. ഈ ഘട്ടത്തിലാണ് മനുഷ്യത്വത്തിന്റെ മനോഹരമായ മാതൃകയായി ഫിലിപ്പൈന്‍സ് മാറിയത്. അല്‍പ്പ വസ്ത്രധാരികളുടെ നാട്. ജീവിതം ആഘോഷിച്ച് തീര്‍ക്കുന്നവര്‍. ആഘോഷത്തിന്റെ ലക്ഷ്യസ്ഥാനം. ഫിലിപ്പൈനി സ്ത്രീകളെക്കുറിച്ചുള്ള നിറം വാരി നിറച്ച കഥകള്‍. എല്ലാം അസ്തമിച്ചു. കടലില്‍ അലയുന്ന റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് അഭയമൊരുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ ഈ രാഷ്ട്രം മാനവികമായ ഐക്യദാര്‍ഢ്യത്തിന്റെ അര്‍ഥവും പ്രതീകവുമായി ഉയര്‍ന്നു. അനുകമ്പയും ആതിഥ്യമര്യാദയും ഉള്ള ജനതയെന്ന നിലയില്‍, ബോട്ടുകളില്‍ നരകയാതന അനുഭവിക്കുന്ന മനുഷ്യര്‍ക്ക് മാനുഷികമായ ദുരിതാശ്വാസം നല്‍കാനും അഭയമേകാനും ഫിലിപ്പൈന്‍സ് തയ്യാറാണെന്ന് പ്രമുഖ ഫിലിപ്പൈന്‍ സെനറ്ററും പ്രസിഡന്റിന്റെ ബന്ധുവുമായ പൗലോ അക്വിനോ പ്രഖ്യാപിച്ചപ്പോള്‍ മലേഷ്യയിലെയും ഇന്തോനേഷ്യയിലെയും ജനങ്ങള്‍ തങ്ങളുടെ ഭരണകൂടത്തെയോര്‍ത്ത് ലജ്ജിച്ചു. അവര്‍ തെരുവിലിറങ്ങി. നിരായുധരും നിസ്സഹായരുമായ വെറും മനുഷ്യരെ സര്‍വായുധ സജ്ജരായ സൈനികര്‍ തോക്കു ചൂണ്ടി കടലിലേക്ക് തള്ളുന്നത് കണ്ടു നില്‍ക്കാന്‍ തയ്യാറല്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. ഈ ഘട്ടത്തിലാണ് റോഹിംഗ്യകളും ബംഗ്ലാദേശികളും അടങ്ങിയസംഘത്തിന് താത്കാലിക അഭയം നല്‍കാന്‍ മലേഷ്യയും ഇന്തോനേഷ്യയും സമ്മതം മൂളിയത്. ഇത് ശമനൗഷധം മാത്രമാണ്. രോഗം ചികിത്സ തൊടാതെ അവിടെ തന്നെ കിടക്കുകയാണ്. എന്താണ് രോഗം? എവിടെ നിന്ന് തുടങ്ങണം ചികിത്സ?

ലോകത്ത് ഏറ്റവും പ്രത്യക്ഷവും സംഘടിതവും ഔദ്യോഗികവുമായ വംശീയ ഉന്‍മൂലനം നടക്കുന്നത് മ്യാന്‍മറിലെ രാഖിനെ പ്രവിശ്യയിലാണ്. സമാധാനത്തിന്റെ മതമെന്ന പ്രതിച്ഛായ എക്കാലവും നല്‍കപ്പെട്ടു പോരുന്ന ബുദ്ധമതത്തിന്റെ മേലാളന്‍മാര്‍ ഇവിടെ നടത്തുന്ന വംശശുദ്ധീകരണം ഹിറ്റ്‌ലര്‍ നടത്തിയ ആര്യന്‍ മേധാവിത്വ സംസ്ഥാപനത്തേക്കാള്‍ ക്രൂരവും ആസൂത്രിതവുമാണ്. ദശകങ്ങളായി തുടരുന്ന ആട്ടിയോടിക്കലുകള്‍ ലോകത്തിന്റെ ശ്രദ്ധയിലേക്ക് കാര്യമായി കടന്നു വന്നിരുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളും വിശകലനക്കാരും തമസ്‌കരിച്ചു എന്ന് പറയുന്നതാകും ശരി. ഇരകള്‍ മുസ്‌ലിംകളും ദളിതരും കമ്യൂണിസ്റ്റുകളുമാകുമ്പോള്‍ സാധാരണയായി സംഭവിക്കാറുള്ളതാണ് ഈ അലംഭാവം.

rohingyan

ഒരു വിശ്വാസ സംഹിത മുറുകെ പിടിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ നിശ്ശബ്ദമായി സഹിച്ചും സഹിക്കവയ്യാത്തപ്പോള്‍ അപകടകരമായ പലായനത്തിന് മുതിര്‍ന്നും അങ്ങേയറ്റത്തെ ഒഴിഞ്ഞു മാറല്‍ കാഴ്ച വെച്ചവരാണ് പടിഞ്ഞാറന്‍ മ്യാന്‍മറിലെ റോഹിംഗ്യ മുസ്‌ലിംകള്‍. പതിറ്റാണ്ടുകളായി അവിടെ തുടരുന്ന ആട്ടിയോടിക്കലുകള്‍ ആരുടെയും ശ്രദ്ധയില്‍ ഉണ്ടായിരുന്നില്ല. ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെ തന്നെ മറ്റിടങ്ങളിലെയും വര്‍ണ വിവേചനത്തെക്കുറിച്ചും വംശഹത്യകളെക്കുറിച്ചും വാചാലമായപ്പോഴും ആഗോള പൊതു ബോധം ഈ മനുഷ്യരെ കാഴ്ചപ്പുറത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. ഒരു അന്താരാഷ്ട്ര വേദിയിലും ഇവരുടെ വേദന ചര്‍ച്ചയായില്ല. അമേരിക്കയക്കമുള്ളവര്‍ മ്യാന്‍മറിന് മേല്‍ ഉപരോധം അടിച്ചേല്‍പ്പിച്ചത് അവിടെ ജനാധിപത്യമില്ലാത്തതിനാല്‍ മാത്രമായിരുന്നു. പട്ടാളം ഭരണം കൈയാളിയ മ്യാന്‍മറിനെ ശിക്ഷിക്കുമ്പോള്‍ മുന്നോട്ടുവെച്ച “കുറ്റപത്ര”ത്തില്‍ യു എസും യൂറോപ്യന്‍ യൂനിയനുമൊന്നും യഥാര്‍ഥ കുറ്റത്തെക്കുറിച്ച് മിണ്ടിയില്ല. മനുഷ്യാവകാശത്തിന് അവര്‍ നല്‍കുന്ന നിര്‍വചനം തന്നെയായിരുന്നു പ്രശ്‌നം. ഇന്നിപ്പോള്‍ മാധ്യമങ്ങളുടെ തൃക്കണ്ണ് ഇവിടേക്ക് പതിയുന്നുണ്ടെങ്കില്‍ അതിന് കാരണം കൊന്നു തള്ളപ്പെട്ട നൂറുക്കണക്കിന് മനുഷ്യരാണ്. 2012ല്‍ ബുദ്ധ തീവ്രവാദികള്‍ രാഖിനെ പ്രവിശ്യയിലുടനീളം നരനായാട്ട് നടത്തിയപ്പോള്‍ 200 പേരാണ് മരിച്ചത്. ആയിരക്കണക്കിന് വീടുകള്‍ അഗ്നിക്കിരയാക്കപ്പെട്ടു. സമ്പൂര്‍ണമായ ആട്ടിയോടിക്കലാണ് അന്ന് നടന്നത്. ബുദ്ധ തീവ്രവാദി നേതാവ് അഷിനോ വിരാതുവിനോട് പോലീസിനും പട്ടാളത്തിനും ഭക്തിയാണ്. മുസ്‌ലിംകളെ കൊന്നൊടുക്കുന്നത് പുണ്യ കര്‍മമാണെന്ന് പ്രഖ്യാപിച്ചയാളാണ് വിരാതു. ആക്രമണത്തിന് അവര്‍ സംരക്ഷണം ഒരുക്കുകയാണ് ചെയ്യുന്നത്. പേരിന് ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. അത് അക്രമകാരികള്‍ക്ക് ഊര്‍ജം സംഭരിക്കാനുള്ള ഇടവേളയാണ്.

ഇവിടെയാണ് അഭയാര്‍ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങള്‍ മുന്നോട്ടു വെക്കുന്ന പരാതികള്‍ പ്രസക്തമാകുന്നത്. മ്യാന്‍മറിലെ വംശീയ സംഘട്ടനവും ബംഗ്ലാദേശിലെ ദാരിദ്ര്യവും അവസാനിപ്പിക്കൂ. അഭര്‍ഥികളെ അതിന്റെ ഉറവിടത്തില്‍ തന്നെ സംരക്ഷിക്കൂ എന്ന് അവര്‍ ആവശ്യപ്പെടുന്നു. മ്യാന്‍മറിലെ സ്വാഭാവിക നിവാസികളാണ് ഈ അലയുന്നത്. അവര്‍ക്ക് അവിടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് അന്താരാഷ്ട്ര സമൂഹമെന്ന് വിളിക്കപ്പെടുന്ന വന്‍ ശക്തികള്‍ ചെയ്യേണ്ടത്. ക്രൂരമായ തിരസ്‌കാരത്തിന്റെതാണ് ഈ സ്വരമെങ്കിലും ഈ പറയുന്നതില്‍ വസ്തുതയുണ്ട്.

ഇന്ന് വലിയ വായില്‍ മ്യാന്‍മറിനെതിരെ യു എന്നും യു എസുമൊക്കെ നടത്തുന്ന പ്രസ്താവനകള്‍ ആത്മാര്‍ഥമാണെന്ന് വിശ്വസിക്കുക വയ്യ. രാജ്യത്തിന്റെ ഒരു ഭാഗം വിവേചനത്തിന്റെയും വംശ ശുദ്ധീകരണത്തിന്റെയും ഇരുട്ടില്‍ നില്‍ക്കുമ്പോഴും മ്യാന്‍മര്‍ മാറുന്നുവെന്ന ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഈ ശക്തികള്‍ തന്നെയാണ്. അമേരിക്കയും ഇ യുവും അവിടെ സ്ഥാനപതി കാര്യാലയം തുടങ്ങിയിരിക്കുന്നു. ഒബാമ രണ്ട് പ്രാവശ്യമാണ് മ്യാന്‍മര്‍ സന്ദര്‍ശിച്ചത്. ഉപരോധം മിക്കവാറും ഒഴിവാക്കിക്കൊടുത്തിരിക്കുന്നു. യു എന്നിന്റെ സാമ്പത്തിക സൈനിക സഹായം ഇവിടേക്ക് ഒഴുകുന്നുണ്ട്. ഇന്ത്യ, ചൈന തുടങ്ങിയ അയല്‍ക്കാര്‍ മ്യാന്‍മറില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മത്സരിക്കുകയാണ്. വന്‍ ധാതു ശേഖരം ഉണ്ടെന്ന് കരുതപ്പെടുന്ന മ്യാന്‍മറില്‍ പാശ്ചാചാത്യ രാജ്യങ്ങളും മുതല്‍ മുടക്കിന് തയ്യാറെടുക്കുകയാണ്. ആറ് മാസം കഴിഞ്ഞാല്‍ പൊതു തിരഞ്ഞെടുപ്പ് നടക്കും. പട്ടാളത്തിന്റെ ഇഷ്ടദാസനായ പ്രസിഡന്റ് തീന്‍ സീന്‍ പട്ടാള മേലാളന്‍മാരില്‍ നിന്ന് വാങ്ങിയെടുത്ത ചില ജനാധിപത്യ ഇളവുകള്‍ വെച്ചാണ് മാറ്റത്തിന്റെ പ്രതിച്ഛായ സൃഷ്ടിച്ചിരിക്കുന്നത്.

ആസിയാന്‍, കിഴക്കനേഷ്യന്‍ ഉച്ചകോടികളോടനുബന്ധിച്ച് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യു എസ് പ്രസിഡന്റ് ബരാക് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി ലോകനേതാക്കളുടെ നിര തന്നെ മ്യാന്‍മറിലെത്തിയിരുന്നു. റോഹിംഗ്യ മുസ്‌ലിംകളുടെ നില പരിതാപകരമാണെന്നും അവര്‍ക്ക് സഹായമെത്തിക്കന്‍ യു എന്‍ ഏജന്‍സികള്‍ക്ക് സൗകര്യമൊരുക്കണമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. റോഹിംഗ്യകളോടുള്ള വിവേചനം തുടരുന്നിടത്തോളം കാലം മ്യാന്‍മറില്‍ നടക്കുന്നുവെന്ന് പറയുന്ന മാറ്റത്തിന് ശോഭയുണ്ടാകില്ലെന്ന് ഒബാമയും പ്രഖ്യാപിച്ചു. എന്നാല്‍ ഇവരെല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ പഴയ നിലപാടില്‍ തന്നെ തുടര്‍ന്നു മ്യാന്‍മര്‍ ഭരണകൂടം. രാഖിനെയിലേക്ക് സഹായവുമായി ചെന്ന സന്നദ്ധ സംഘടകളെപ്പോലും തടഞ്ഞു. ബംഗ്ലാദേശില്‍ നിന്ന് വന്ന അനധികൃത കുടിയേറ്റക്കാരാണ് റോഹിംഗ്യ മുസ്‌ലിംകള്‍ ഒന്നടങ്കമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മ്യാന്‍മര്‍ ഭരണകൂടം.

ചിലപ്പോള്‍ ചിലരുടെ മൗനം അലര്‍ച്ചയേക്കാള്‍ ഭീകരമാണ്. നൊബേല്‍ സമ്മാന ജേതാവും “മ്യാന്‍മര്‍ വിമോചന പോരാട്ടത്തിന്റെ പ്രതീക”വുമായ ആംഗ് സാന്‍ സൂക്കിയുടെ മൗനം റോഹിംഗ്യാ മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രോശം തന്നെയാണ്. ഈ ദുരന്തങ്ങള്‍ മുഴുവന്‍ നടക്കുമ്പോഴും ഈ “പോരാളി” ഇങ്ങനെ നിശ്ശബ്ദമാകുന്നതിന്റെ അര്‍ഥം വ്യക്തമാണ്. ഭൂരിപക്ഷത്തിന്റെ കണക്കുകള്‍ അവര്‍ പഠിച്ചിരിക്കുന്നു. നിയമപരമായ തടസ്സങ്ങളെല്ലാം നീങ്ങി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുകയാണ് സൂക്കി. (മത്സരിക്കുന്നയാളുടെ മകനോ ഭര്‍ത്താവോ അടുത്ത ബന്ധുവോ വിദേശ പൗരത്വമുള്ളയാളാണെങ്കില്‍ മത്സരിക്കാനാകില്ലെന്നാണ് ചട്ടം. സൂക്കിയുടെ ഏക മകന്‍ ബ്രിട്ടീഷ് പൗരനാണ്)്. ചില ആലോചനാ സമിതികളിലേക്ക് സൂക്കിക്ക് പ്രവേശം നല്‍കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് വന്നാല്‍ ബുദ്ധ ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പിക്കണം. അതിന് റോഹിംഗ്യാ എന്ന് വാക്ക് മിണ്ടരുത്. ഈയടുത്ത് രണ്ട് പ്രാവശ്യമാണ് അവര്‍ ഈ മനുഷ്യരെ പരാമര്‍ശിച്ചത്. അതില്‍ ആദ്യ തവണ പറഞ്ഞത് “ബുദ്ധമതക്കാരും കൊല്ലപ്പെടുന്നുണ്ടെ”ന്നാണ്. ബുദ്ധതീവ്രാവാദികള്‍ നടത്തുന്നത് സ്വാഭാവികമായ പ്രതികരണമാണെന്ന് സൂക്കി പറയാതെ പറയുന്നു. ഗുജറാത്ത് വംശഹത്യാഘട്ടത്തില്‍ നരേന്ദ്ര മോദിയും ഇത് തന്നെയാണ് പറഞ്ഞത്. പിന്നെ, സൂക്കി മുന്നോട്ട് വെച്ചത് വിചിത്രമായ ഒരു വാദമാണ്. താന്‍ ആര്‍ക്കനുകൂലമായി സംസാരിക്കുന്നുവോ അവര്‍ ആക്രമിക്കപ്പെടുകയാണ് പതിവ്. അത് കൊണ്ട് തന്റെ മൗനം ബോധപൂര്‍വമാണ്. എന്താണിതിനര്‍ഥം? റോഹിംഗ്യകളെ രക്ഷിക്കാനാണ് അവര്‍ മിണ്ടാതിരിക്കുന്നതെന്നോ? ഈ അഭിനയങ്ങളൊന്നും ഈ മനുഷ്യര്‍ക്ക് തുണയാകാന്‍ പോകുന്നില്ല. മാനവസമൂഹത്തിന്റെയാകെ സമ്മര്‍ദം മ്യാന്‍മറിന് മേല്‍ പതിയണം. ലോകം മുഴുവന്‍ റോഹിംഗ്യാ മുസ്‌ലികളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കണം.

---- facebook comment plugin here -----

Latest