Kerala
വി എച്ച് എസ് ഇ സേ പരീക്ഷ; 28ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷക്ക് യോഗ്യത നേടാതിരിക്കുകയും പരീക്ഷക്ക് ഹാജരാകാതിരിക്കുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പരാജയപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും / ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങള്‍ക്കും ജൂണ്‍ എട്ട് മുതല്‍ നടത്തുന്ന സേ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. പേപ്പര്‍ ഒന്നിന് 150 രൂപയും പ്രാക്ടിക്കല്‍ ഉള്‍പ്പെടെ പേപ്പറൊന്നിന് 175 രൂപയും 0202-01-102-93- വി എച്ച് എസ് സി ഫീസ് എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കിയ ചെല്ലാന്‍ സഹിതം അപേക്ഷ ഈ മാസം28ന് മുമ്പ് അതത് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. സ്‌കോര്‍ ഷീറ്റിനായി പ്രത്യേകം 40 രൂപ ഫീസ് അടക്കണം. ഉന്നത പഠനത്തിനര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിന് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുളള ഇംപ്രൂവ്‌മെന്റ് പരീക്ഷയും ഇതോടൊപ്പം എഴുതാം. പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് മിനിമം ഗ്രേഡ് ലഭിക്കാത്ത ഒരു വിഷയത്തിന് മാത്രം രജിസ്റ്റര്‍ ചെയ്യാം. ഇതിന് 500 രൂപ ഫീസ് ഒടുക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും അപേക്ഷാഫോറത്തിന്റെ പകര്‍പ്പും പരീക്ഷാ രജിസ്‌ട്രേഷനായി ഉപയോഗിക്കാം. തിയറി പരീക്ഷകള്‍ ജൂണ്‍ എട്ട് മുതല്‍ 12 വരെയും ടൈപ്പ് റൈറ്റിങ്, വോക്കേഷണല്‍, നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷ 15 മുതല്‍ 20 വരെയും അതാത് സ്‌കൂളില്‍ നടക്കും.