Gulf
ഷാര്‍ജയില്‍ 172 ശീതീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കും

ഷാര്‍ജ: പൊതുജനങ്ങളുടെ സൗകര്യം മാനിച്ച് എമിറേറ്റില്‍ 172 ശീതീകരണ സൗകര്യമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ച് ഘട്ടങ്ങളായാണ് എമിറേറ്റിന്റെ എല്ലാ ഭാഗങ്ങളിലും കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുക.
ഷാര്‍ജ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടം ഷാര്‍ജ നഗര പരിധിയിലാണ് നിര്‍മാണം ഉദ്ദേശിക്കുന്നത്. അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകും. എസ് ആര്‍ ടി എയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ജര്‍വാന്‍ വ്യക്തമാക്കി. ഷാര്‍ജ റേഡിയോ നടത്തിയ ഫോണ്‍ ഇന്‍ പരിപാടിയില്‍ ഒരു ശ്രോതാവിന്റെ ചോദ്യത്തിനുത്തരം പറയുന്നതിനിടെയാണ് അല്‍ ജര്‍വാന്‍ ഇക്കാര്യമറിയിച്ചത്.
ദിനം പ്രതി 75,000 ആളുകള്‍ ഷാര്‍ജ എമിറേറ്റില്‍ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിലധികവും ബസോ ട്കാസിയോ കാത്തുനില്‍ക്കേണ്ടിവരുന്നവരാണ്. കനത്ത ചൂട് കാലാവസ്ഥയിലും പൊതു നിരത്തുകള്‍ക്കരികിലും മറ്റും ദീര്‍ഘനേരം കാത്തുനില്‍ക്കേണ്ടിവരുന്ന സാഹചര്യവുമുണ്ട്. ഇത്തരക്കാരില്‍ ഏറ്റവും ക്ലേശകരമായിട്ടുള്ളത് നഗരപരിധിക്കു പുറത്ത് ഗതാഗതത്തിനായി കാത്തുനില്‍ക്കുന്നവരുടെ കാര്യമാണ്. തണല്‍ വിരിക്കാന്‍ തൊട്ടടുത്ത് കെട്ടിടങ്ങളോ മരങ്ങളോ ഇല്ലാത്തതിനാല്‍ ബസ്സോ ടാക്‌സിയോ വരുന്നത്‌വരെ കൊടും ചൂട് സഹിച്ച് നില്‍ക്കേണ്ടിവരുന്നവരാണിവര്‍.
ഏതായാലും നഗര പരിധിയിലും പുറത്തുമായി പൊതു ഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഏറെ ആശ്വാസകരമാണ് അല്‍ ജര്‍വാന്റെ പ്രഖ്യാപനം. ദുബൈയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഇത്തരം ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൊതു ജനങ്ങളുടെ നിരന്തരമുള്ള ആവശ്യം പരിഗണിച്ച് തലസ്ഥാനമായ അബുദാബിയിലും കഴിഞ്ഞ വര്‍ഷം ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്.