National
സ്വകാര്യ വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: സ്വകാര്യ വാഹനങ്ങളെ അതത് ജില്ലകളിലെ ഹൈവേകളില്‍ ടോള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയേക്കും. ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ടോള്‍ പ്ലാസകള്‍ ഒഴിവാക്കി ഇലക്‌ട്രോണിക് സംവിധാനമുപയോഗിച്ച് പണം പിരിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ഗതാഗത മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇതുവഴി 88,000 കോടി രൂപ ലാഭിക്കാനാകുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും കൊല്‍ക്കത്ത ഐ ഐ എമ്മും നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
സ്വകാര്യ വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കുന്നത് വാണിജ്യ വാഹനങ്ങളുടെ ടോള്‍ നിരക്ക് വര്‍ധനക്കിടയാക്കുമെന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്. അതേസമയം, ഗതാഗത മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മൊത്തം ടോള്‍ വരുമാനത്തില്‍ പതിനാല് ശതമാനം മാത്രമാണ് സ്വകാര്യ വാഹനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. 2013ലെ കണക്കുപ്രകാരം മൊത്തം 11,400 കോടി ലഭിച്ചതില്‍ സ്വകാര്യ വാഹനങ്ങളുടെ വിഹിതം 1,600 കോടി രൂപ മാത്രമാണ്.